വിശ്വാസികള്‍ അഭ്യര്‍ത്ഥിച്ചു, മേയ് ഒന്നിന് ദൈവമാതാവിന് സമർപ്പിക്കാൻ തയ്യാറെടുത്ത് ഇറ്റലി

ഇറ്റലിയെ പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് സമർപ്പിക്കാൻ ഒരുങ്ങി ഇറ്റാലിയൻ കത്തോലിക്കാ മെത്രാൻസംഘം. കൊറോണ സംഹാരതാണ്ഡവമാടിയ നോർത്തേൺ ഇറ്റലിയിലെ കരവാഗ്യോയിലുള്ള സാന്റാ മരിയ ഡെൽ ഫോന്റെ ദൈവാലയത്തിൽ മേയ് ഒന്നിനാണ് സമർപ്പണ തിരുക്കർമങ്ങൾ നടക്കുക.പരിശുദ്ധ അമ്മയ്ക്ക് രാജ്യം സമർപ്പിക്കുന്നത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് കത്തുകൾ ലഭിച്ചതിനെ തുടർന്നാണ് സഭ ഇപ്രകാരമൊരു തീരുമാനമെടുത്തതെന്ന് ഇറ്റാലിയൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഗുവൽത്തീരോ ബസേത്തി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.



പരമ്പരാഗതമായി കത്തോലിക്കാ സഭ പരിശുദ്ധ അമ്മയെ പ്രത്യേകം വണങ്ങുന്ന സമയമാണ് മേയ് മാസം. അതുകൊണ്ടാണ് മേയ് ഒന്നിനു തന്നെ സമർപ്പണത്തിന് തിരഞ്ഞെടുത്തത്. അതേദിവസം തൊഴിലാളി മധ്യസ്ഥൻ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾകൂടിയായതിനാൽ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന തൊഴിലാളികൾക്കുവേണ്ടി പ്രാർത്ഥിക്കാനുമുള്ള അനുയോജ്യമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളെ നയിക്കേണ്ട ചുമതല സാധാരണയായി ഇടയന്മാർക്കാണ്, എന്നാൽ പലപ്പോഴും വിശ്വാസികളാണ് എന്താണ് ചെയ്യേണ്ടതെന്ന് ഇടയന്മാർക്ക് പറഞ്ഞുകൊടുക്കുന്നത്. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. പരമ്പരാഗതമായി മെയ് മാസം പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന പ്രത്യേക മാസമായതിനാലാണ്, പ്രസ്തുത മാസം ഒന്നാം തീയതി തന്നെ ഇറ്റലിയെ മാതാവിന് സമർപ്പിക്കാൻ തീരുമാനമെടുത്തതെന്ന് മെത്രാൻ സമിതി ഏപ്രിൽ 20ന് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

കൊറോണ ബാധിതരെയും കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയും പരിശുദ്ധ അമ്മയ്ക്ക് അതേദിവസം സമർപ്പിക്കുകയും ചെയ്യും. 24000ത്തോളം പേരാണ് കൊവിഡ് ബാധിച്ച് ഇറ്റലിയിൽ മരണപ്പെട്ടത്.

നോർത്തേൺ ഇറ്റലിയിലെ കരവാഗ്യോയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട്. രോഗബാധിതരും അവിടെതന്നെയായിരുന്നു കൂടുതലും. അതുകൊണ്ടാണ് കരവാഗ്യോയിലെ സാന്റാ മരിയ ഡെൽ ഫോന്റെ ദൈവാലയം രാജ്യത്തെ സമർപ്പിക്കാനുള്ള വേദിയായി തിരഞ്ഞെടുത്തത്.

മരിയൻ പ്രത്യക്ഷീകരണം നടന്ന സ്ഥലത്താണ് പതിനഞ്ചാം നൂറ്റാണ്ടിൽ സാന്താ മരിയ ഡെൽ ഫോണ്ടെ ദേവാലയം നിർമിക്കപ്പെട്ടിട്ടുള്ളത്. 1432 മെയ് മാസം ഇരുപത്തിയാറാം തീയതി ജിയനേറ്റ വരോളി എന്ന പെൺകുട്ടിക്കാണ് ദൈവ മാതാവ് പ്രത്യക്ഷപ്പെടുന്നത്. വെള്ളിയാഴ്ച ദിവസത്തെ ഉപവാസവും, മറ്റ് പാപപരിഹാര പ്രായശ്ചിത്തങ്ങളും പരിശുദ്ധ കന്യാമറിയം അന്ന് നിർദ്ദേശിച്ചിരുന്നു. ആദ്യം ചെറിയൊരു ദേവാലയമാണ് മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പണികഴിപ്പിച്ചത്. പിന്നീട് നൂറു വർഷങ്ങൾക്ക് ശേഷം, 1575ൽ മിലാൻ മെത്രാനായിരുന്ന വിശുദ്ധ ചാൾസ് ബറോമിയോയാണ് ഇന്ന് കാണുന്ന വിധമുള്ള ദേവാലയം പുനർനിർമ്മിച്ചത്.

Comments