തൃശൂരിലെ റോയ് അച്ചന്റെ പെസഹാ ചലഞ്ച് നമുക്കും ഏറ്റെടുത്താലോ?

ലോക് ഡൗണിൽ പെട്ടുപോയവർക്കുനേരെ കിടിലൻ ചലഞ്ചുമായി തൃശൂർ അതിരൂപതയിൽ സേവനംചെയ്യുന്ന ഫാ. റോയ് എസ്.ഡി.വി. അതിന് പ്രത്യേകം പേര് അച്ചൻ നൽകിയിട്ടില്ലെങ്കിലും നമുക്ക് അതിനെ ‘പെസഹാ ചലഞ്ച്’ എന്ന് വിളിക്കാം. ഏതാണ്ട് രണ്ടായിരം വർഷംമുമ്പ് ക്രിസ്തു പരിചയപ്പെടുത്തിയ ചലഞ്ച് പ്രായഭേദമില്ലാതെ ആർക്കും ഏറ്റെടുക്കാം.



ഫാ. റോയ് എസ്.ഡി.വി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണരൂപം വായിക്കാൻ

ലോക്ക് ഡൌൺ ആയി വീട്ടിൽ ഇരിക്കുമ്പോൾ ഫേസ്‍ബുക്കിലും വാട്സാപ്പിലും ഒക്കെ കുറെയേറെ ചലഞ്ചുകൾ വരുന്നുണ്ട്. പാട്ടുപാടുക, കടംകഥയുടെ ഉത്തരം കണ്ടെത്തുക, കുത്തുകൾ യോജിപ്പിക്കുക അങ്ങനെ തുടങ്ങി കുറെയേറെ ചലഞ്ചുകൾ. ഇന്ന് രാവിലെ ഏകനായി ബലിയർപ്പിച്ചു കൊണ്ടിരുന്നപ്പോൾ സുവിശേഷം വായിച്ചു ധ്യാനിച്ച് കൊണ്ടിരുന്നപ്പോൾ എന്നിലേക്ക് വളരെ ശക്തമായി കടന്നുവന്ന ഒരു ചിന്ത നിങ്ങളുമായി പങ്കുവയ്ക്കാൻ ആണ് ഞാൻ ആഗ്രഹിക്കുക. അപ്പോൾ എന്റെ ഓർമയിലേക്ക് കടന്നുവന്ന ഒരു പുതിയ ചലഞ്ചിലേക്ക് ആണ് ഞാൻ നിങ്ങളെ ഇന്ന് ക്ഷണിക്കുന്നത്. 

ഈ ചലൻജ് ആദ്യം നടന്നത് ഏകദേശം രണ്ടായിരത്തോളം വര്ഷം മുമ്പ് ജറുസലേമിലെ ഒരു വീടിന്റെ ഉള്ളിൽ ആയിരുന്നു. വെറും മുപ്പത്തിമൂന്നു വയസു മാത്രം പ്രായമുണ്ടായിരുന്ന ഈശോ എന്ന് പേരുകാരനായ ഒരു ഗുരുവും അവനെക്കാൾ പ്രായം കൂടിയവരും കുറഞ്ഞവരുമായ, വെറും സാധാരണക്കാരായ പന്ത്രണ്ട് ശിഷ്യന്മാരും ഒരുമിച്ചു കൂടിയിരുന്നപ്പോൾ ആ ചെറുപ്പക്കാരനായ ഗുരു ആണ് ഈ ചലഞ്ചു ആദ്യമായി സ്വയം ഏറ്റെടുത്തു ചെയ്തത്. ചുറ്റും ഉണ്ടായിരുന്ന തൻ്റെ ശിഷ്യന്മാരുടെ മുന്നിൽ മുട്ടുകുത്തി, അവരുടെ കാലുകളിലെ ചെരുപ്പ് അഴിച്ചു മാറ്റി, പൊടി പുരണ്ട ആ പാദങ്ങൾ അവൻ കഴുകി തുടച്ചു ചുംബിച്ചു. അതിൽ അവനെ തള്ളിപ്പറയാൻ പോകുന്നവരും, അവനെ ഉടനെ തന്നെ ഒറ്റികൊടുക്കുവാൻ പോകുന്നവരും ഉണ്ടായിരുന്നു. അത് വ്യക്തമായി അറിഞ്ഞിരുന്നിട്ടും അവരെ അവൻ മാറ്റി നിർത്തിയില്ല. എല്ലാവരുടെയും കാലുകൾ കഴുകിയ ശേഷം അവൻ അവരോടായി ഇപ്രകാരം പറഞ്ഞുവെന്നാണ് അവന്റെ ആത്മകഥയായ സുവിശേഷം പറയുക. 

നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക നൽകിയിരിക്കുന്നു. (യോഹന്നാൻ 13 :14 -15).അന്നുമുതൽ ഇന്ന് വരെ അവനെ പൂർണ ഹൃദയത്തോടെ പിന്തുടരുന്നവരുടെ സമൂഹത്തിൽ ഈ പാദം കഴുകൽ കർമ്മം ആവർത്തിച്ചു വരുന്നുണ്ട്. ലോകമെങ്ങുമുള്ള കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ദിനത്തിൽ ഒന്നിച്ചു കൂടുന്ന ജനങ്ങളിൽ നിന്ന് 12 പേരേ തിരഞ്ഞെടുത്തു ഇടവകയുടെ ആത്മീയ പിതാവായ പുരോഹിതൻ തൻ്റെ പുരോഹിത വസ്ത്രങ്ങൾ അഴിച്ചു വച്ച് അവരുടെ പാദങ്ങൾ കഴുകികൊണ്ട് ക്രിസ്തു തങ്ങളെ ഏല്പിച്ച സ്നേഹത്തിന്റെ കല്പന അനുവർത്തിക്കുന്നു. പക്ഷെ ഈ ഒരു വർഷം ആ ഒരുമിച്ചു കൂടലുകൾക്കു ഒരു മാറ്റം വരുകയാണ്. ദേവാലയത്തിൽ ഒന്നിച്ചുകൂടാൻ ഒരുമിച്ചു ബലിയർപ്പിക്കാൻ, ഒരുമിച്ചു പ്രാർത്ഥിക്കുവാൻ നമുക്ക് കഴിയാത്ത വിധത്തിൽ ഉള്ള ഒരു പ്രത്യേക സഹചര്യത്തിൽ കൂടി നമ്മുടെ ലോകം കടന്നു പോവുകയാണ്.

ഈ സാഹചര്യത്തിൽ ആണ് ഞാൻ ആദ്യം പറഞ്ഞ ആ ചലഞ്ചിലേക്ക് നിങ്ങളെ ക്ഷണിക്കുന്നത്. ഇത്തവണ നമ്മുടെ കുടുംബങ്ങളിൽ ഈ പാദം കഴുകൽ ശ്രശ്രുഷ നമുക്ക് നടത്തിയാലൊ. ഒന്ന് ചിന്തിച്ചു നോക്കൂ. എത്ര മനോഹരവും അർത്ഥ സമ്പുഷ്ട്ടവും ആയിരിക്കും ആ തിരുകർമ്മങ്ങൾ. കുടുംബാംഗങ്ങൾ പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഒരുമിച്ചു കൂടി പ്രാർത്ഥിച്ചു, സുവിശേഷത്തിൽ നിന്നും വിശുദ്ധ യോഹന്നാൻ ന്റെ സുവിശേഷം പതിമൂന്നാം അധ്യായം ഒരുമിച്ചു വായിച്ചു, പ്രാർത്ഥിച്ചു ഒരുങ്ങി, നമ്മുടെ വീട്ടിലെ എല്ലാവരുടെയും പാദങ്ങൾ പരസ്പരം കഴുകി ചുംബിച്ചാൽ എത്ര മനോഹരമായിരിക്കും അത്. 

അപ്പനും അമ്മയും മക്കളും മാതാപിതാക്കളും സഹോദരങ്ങളൂം ജീവിത പങ്കാളികളും എല്ലാം പരസ്പരം പാദങ്ങൾ സ്നേഹത്തോടെ കഴുകി ചുംബിക്കുക. ഒരുപക്ഷേ നിങ്ങളുടെ മാതാപിതാക്കളുടെ, ജീവിത പങ്കാളിയുടെ, സഹോദരങ്ങളുടെ കാലുകൾ രൂപം നഷ്ടപെട്ടവ ആയിരിക്കാം, വിണ്ടു കീറിയത് ആയിരിക്കാം, കറയും ചെളിയും നിറഞ്ഞത് ആയിരിക്കാം. അത് അപ്രകാരമായത് നിങ്ങൾക്ക് വേണ്ടി ഓടിനടന്നത് കൊണ്ടും അവർ ജീവിതത്തിലെ സന്തോഷങ്ങൾ നിങ്ങൾക്ക് വേണ്ടി വേണ്ടെന്നു വച്ചതുകൊണ്ടു ആയിരിക്കുമെന്നതാണ് സത്യം. ആ പാദങ്ങൾ ചുംബിക്കുമ്പോൾ അവരോട് ഈ നിമിഷം വരെ നമുക്കായി അവർ ചെയ്ത ത്യാഗങ്ങൾക്കു നിശബ്ധമായി നന്ദി പറയുക. 

നമ്മുടെ ഹൃദയത്തിൽ, മനസിൽ നമുക്കു അവരോട് എന്തെങ്കിലും നീരസം ഉണ്ടെങ്കിൽ, നിശബ്ദമായി മാപ്പു ചോദിക്കുക. ജീവിത പങ്കാളിയോടോ സഹോദരങ്ങളോടെ മാതാപിതാക്കളോടോ അറിഞ്ഞോ അറിയാതെയോ അവിശ്വസ്തത കാണിച്ചിട്ടുണ്ടെങ്കിൽ നിശബ്ദമായി മാപ്പു പറയുക. ഒരു പക്ഷെ അവർ നമ്മോട് ചെയ്ത തെറ്റുകൾ, തിരസ്കരണങ്ങൾ, ഇപ്പോഴും കുത്തിനോവിച്ചുകൊണ്ടിരിക്കുന്ന ഓർമ്മകൾ, അവയെല്ലാം ആ പാദങ്ങൾ ചുംബിക്കുമ്പോൾ അവരോട് നിശബ്ദമായി ക്ഷമിക്കുക. സന്യാസ സമൂഹങ്ങളിൽ ജീവിക്കുന്നവർക്കും, പള്ളിമേടകളിൽ ഒരുമിച്ചു താമസിക്കുന്ന വൈദികർക്കും എല്ലാം ഇത് തുറന്ന ഹൃദയത്തോടെ ചെയ്യാവുന്നതാണ്. 

പ്രിയപെട്ടവരെ, ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. ക്രിസ്തുവിന്റെ മനോഭാവത്തോടെ നിങ്ങൾ അവന്റെ ഈ കല്പന ഒന്ന് അനുവർത്തിച്ചാൽ, പരസ്പരം പാദങ്ങൾ കഴുകിയാൽ, നിങ്ങളുടെ കുടുംബത്തിൽ, സന്യാസ സമൂഹങ്ങളിൽ, നിങ്ങളുടെ ജോലി സ്ഥലങ്ങളിൽ, നിങ്ങൾ ആയിരിക്കുന്ന മേഖലകളിൽ നിങ്ങൾക്ക് ചിന്തിക്കാൻ പോലുമാകാത്ത അനുഗ്രഹങ്ങൾ ദൈവം നിങ്ങള്ക്ക് തരും. ഒരു പക്ഷേ നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരിക്കലും ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത ഈ ക്വാറന്റൈൻ ദിനങ്ങൾ ദൈവം ഒരുക്കിയത് നമുക്ക് നമ്മുടെ കുടുംബത്തിൽ ഉള്ളവരെ തന്നെ ഒന്ന് ആഴമായി പരിചയപ്പെടാനും എല്ലാ പരിഭവങ്ങളും ക്ഷമിച്ചു സ്നേഹത്തോടെ പങ്കുവച്ചു ജീവിക്കുവാനും ആയിരിക്കുമെങ്കിലോ. നല്ല ദൈവം നമുക്ക് നൽകിയ ഈ ദിനങ്ങളെ നമുക്ക് പൂർണമായി പ്രയോജനപ്പെടുത്താം.

നിങ്ങൾക്ക് ഇത് ഒരു നല്ല ചിന്തയായി തോന്നിയാൽ നിങ്ങളുടെ ഭവനത്തിൽ ഈ വിശുദ്ധമായ ശ്രശ്രുഷ ചെയ്യാൻ മടി കാണിക്കരുതെ....

ഇത് share ചെയ്യുകയും ചെയ്യണേ...

Comments