ജോലി എന്നതിനപ്പുറം അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സുമാര്‍: ഫ്രാന്‍സിസ് പാപ്പ

നഴ്‌സിംഗ് എന്നത് ജോലി എന്നതിനപ്പുറം പ്രത്യേക വിളിയാണെന്നും അർപ്പണ മനോഭാവംകൊണ്ട് അവർ ‘അയൽപ്പക്കത്തെ വിശുദ്ധ’രാണെന്നും ഫ്രാൻസിസ് പാപ്പ. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഴ്‌സ്മാരുടെയും മിഡ് വൈഫ് മാരുടെയും അന്തർദേശീയ ദിനത്തിൽ, സാന്താ മാർത്താ ചാപ്പലിൽ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.



അനുദിനം വേദനിക്കുന്നവരുമായുള്ള സംസർഗത്തിലായിരിക്കാനുള്ള പ്രത്യേക വിളിയോട് ‘അതേ’ എന്നു പറഞ്ഞവരാണ് നഴ്‌സുമാർ. അവർ, നല്ല സമരിയാക്കാരനെപ്പോലെ ജീവനെയും മറ്റുള്ളവരുടെ സഹനത്തെയും കരുതുന്ന ജീവന്റെ കാവൽക്കാരും സംരക്ഷകരുമാണ്. അവർ ചികിൽസയോടൊപ്പം ധൈര്യവുംപ്രത്യാശയും വിശ്വാസവും രോഗികൾക്കു നൽകുകയും ചെയ്യുന്നു.

നിർണായകമായ ഈ സമയത്ത് നഴ്‌സുമാരുടെയും മിഡ് വൈഫ് മാരുടെയും സേവനങ്ങളുടെ അടിസ്ഥാനപരമായ പ്രാധാന്യം മനസിലാക്കാൻ ലോകമെങ്കും കഴിയുന്നുണ്ട്. തങ്ങളുടെ ആരോഗ്യം പണയപ്പെടുത്തി ഉത്തരവാദിത്വത്തോടും അയൽക്കാരനോടുള്ള സ്‌നേഹത്തോടും വിശ്വസ്തതയോടും കൂടി ചെയ്യുന്ന സേവനം ചെയ്യുന്നു എന്നതിന് തെളിവാണ് വൈറസ് ബാധയേറ്റ് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന നിരക്ക്.

എല്ലാ വിഭാഗത്തിലുംപെട്ട എല്ലാത്തരം രോഗികളെയും സൗഖ്യമാക്കുന്ന ക്രിസ്തുവിന്റെ പ്രവർത്തനം തുടരുന്ന നഴ്‌സുമാരെ ‘സഞ്ചരിക്കുന്ന ആതുരാലയ സഭയുടെ പ്രതിരൂപം’ എന്ന് വിശേഷിപ്പിച്ച പാപ്പ, മനുഷ്യകുലത്തിന് അവർ ചെയ്യുന്ന സേവനത്തിനും നന്ദി പറഞ്ഞു. അവരുടെ തൊഴിലിനെ കൂടുതൽ മികവുള്ളതാക്കാൻ ശാസ്ത്രീയവും മാനുഷീകവും മനശാസ്ത്രപരവും ആത്മീയവുമായ പരിശീലനം ലഭ്യമാക്കണം. അതോടൊപ്പം അവരുടെ ജോലിയിടങ്ങളിൽ നല്ല സാഹചര്യങ്ങളും അവരുടെ അവകാശ സംരക്ഷണവും ഉറപ്പാക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.

Comments