ജപം
പരിശുദ്ധ കുര്‍ബ്ബാനയില്‍ എന്നോടുള്ള സ്നേഹത്തെപ്രതി എഴുന്നള്ളിയിരിക്കുന്ന കൃപ നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ, സകല നന്മകളും അടങ്ങിയിരിക്കുന്ന ആത്മീയവിരുന്നേ! മാലാഖമാരുടെ ദിവ്യഭോജനമേ! മോക്ഷവാസികളുടെ സന്തോഷമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ ആരാധിക്കുന്നു. പൂര്‍ണ്ണ ഹൃദയത്തോടുകൂടെ സ്നേഹിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ അങ്ങ് സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ! അങ്ങ് ഈ പരമരഹസ്യത്തില്‍ എന്നോടു കാണിക്കുന്ന അളവറ്റ കൃപയെ ആരുടെ നാവാല്‍ പറഞ്ഞറിയിക്കാന്‍ സാധിക്കും. ഈ ദിവ്യകൂദാശയില്‍ അങ്ങേ മഹിമയ്ക്കു തക്ക യോഗ്യതയോടു കൂടെ അങ്ങയെ ഉള്‍ക്കൊള്ളുന്നതിനു ആര്‍ക്കു കഴിയും? പരമപിതാവായ ഈശോയെ! അങ്ങേ അറുതിയില്ലാത്ത കൃപയാല്‍ എന്നില്‍ എഴുന്നള്ളി വരണമേ. എപ്പോഴും അങ്ങേ തിരുശരീരത്തെ യോഗ്യതയോടു കൂടെ ഉള്‍ക്കൊള്ളുവാന്‍ അങ്ങ് തന്നെ എനിക്ക് ഇടവരുത്തിയരുളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! എന്‍റെ അവസാനത്തെ വചനങ്ങള്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ മാതാവിന്‍റെയും തിരുനാമങ്ങള്‍ ആയിരിക്കട്ടെ. എന്‍റെ അന്ത്യഭോജനം ആയുസ്സിന്‍റെ അപ്പമായിരിക്കുന്ന അങ്ങേ തിരുശരീരവും ആയിരിക്കുമെന്ന് ഞാന്‍ ശരണപ്പെടുന്നു. കര്‍ത്താവേ! അങ്ങുതന്നെ എനിക്കതിനു ഇടവരുത്തിയരുളണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃതജപം
ഈശോയുടെ ദിവ്യകാരുണ്യഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ.
സല്‍ക്രിയ
പരിശുദ്ധ കുര്‍ബ്ബാനയില്‍ ഈശോമിശിഹായുടെ ദിവ്യഹൃദയം അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരമായി കുമ്പസാരിച്ചു കുര്‍ബ്ബാന ഉള്‍ക്കൊള്ളുക.
Comments
Post a Comment