ആഗസ്റ്റ്‌ 19 : വിശുദ്ധ ജോണ്‍ യൂഡ്സ്

ഫ്രഞ്ച് പുരോഹിതനും രണ്ട് സന്യാസ സഭകളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ ജോണ്‍ യൂഡ്സ് ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള 'റി' എന്ന സ്ഥലത്താണ് ജനിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും വിശുദ്ധന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഒരു തികഞ്ഞ പ്രേഷിതനായിരുന്ന വിശുദ്ധന്‍ യേശുവിന്റെ തിരുഹൃദയത്തോടും, പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള ഭക്തിയുടെ ഒരു വലിയ പ്രചാരകനായിരുന്നു.




പാരീസില്‍ വിദ്യാഭ്യാസം സ്വീകരിച്ച ജോണ്‍ ‘ഒറെറ്റോറിയന്‍സ്’ എന്ന സന്യാസ സഭയില്‍ ചേരുകയും, തന്റെ 24-മത്തെ വയസ്സില്‍ 1625-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1627, 1631 എന്നീ വര്‍ഷങ്ങളില്‍ ഉണ്ടായ പ്ലേഗ് ബാധയില്‍ തന്റെ രൂപതയിലെ പ്ലേഗ് ബാധിതരെ പരിചരിക്കുവാനായി ജോണ്‍ മുന്നിട്ടിറങ്ങി. തന്റെ സഹപുരോഹിതര്‍ക്കു പ്ലേഗ് ബാധ വരാതിരിക്കുവാനായി വിശുദ്ധന്‍ വിശാലമായ വയലിന് നടുവിലുള്ള ഒരു ഒഴിഞ്ഞ വലിയ വീപ്പയിലായിരുന്നു താമസിച്ചിരുന്നത്. തന്റെ 32-മത്തെ വയസ്സില്‍ വിശുദ്ധന്‍ ഒരു ഇടവക പ്രേഷിതനായി മാറി. ഒരു നല്ല സുവിശേഷകനും, കുമ്പസാരകനുമെന്ന നിലയില്‍ പ്രസിദ്ധനായ വിശുദ്ധന്‍ പലപ്പോഴും ആഴ്ചകളും, മാസങ്ങളും ഏതാണ്ട് നൂറോളം ഇടവകകളില്‍ ദൈവവചനം പ്രസംഗിച്ചിട്ടുണ്ട്.

പുരോഹിതരുടെ ആത്മീയ പുരോഗതിക്കായി സെമിനാരികളില്‍ പ്രത്യേകമായി ശ്രദ്ധ പുലര്‍ത്തേണ്ടതു അനിവാര്യമാണെന്ന് വിശുദ്ധന് ബോധ്യമായി. അതിനു വേണ്ട പ്രവര്‍ത്തനം തുടങ്ങുന്നതിനായി വിശുദ്ധന്‍ തന്റെ ജനറല്‍ സുപ്പീരിയറിന്റേയും, മെത്രാന്റെയും, കര്‍ദ്ദിനാളിന്റേയും അനുവാദം വാങ്ങിയെങ്കിലും പിന്നീട് വന്ന ജനറല്‍ സുപ്പീരിയര്‍ ഇതിനെ എതിര്‍ത്തു. ശക്തമായ പ്രാര്‍ത്ഥനക്കും, ഉപദേശങ്ങള്‍ക്കും ശേഷം വിശുദ്ധന്‍ തന്റെ പൗരോഹിത്യ സഭ വിടുന്നതിനുള്ള തീരുമാനമെടുത്തു.

1643-ല്‍ വിശുദ്ധന്‍ ‘യൂഡിസ്റ്റ്സ്’ ('സൊസൈറ്റി ഓഫ് ജീസസ് ആന്‍റ് മേരി) എന്ന സന്യാസ സഭക്ക് രൂപം നല്‍കി. പുരോഹിതന്‍മാരെ ധ്യാനിപ്പിക്കുക, സെമിനാരികള്‍ സ്ഥാപിക്കുക, ജനങ്ങള്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തുക എന്നിവയായിരുന്നു ഈ സഭയുടെ പ്രധാന ദൗത്യങ്ങള്‍. ഈ പുതിയ സംരഭത്തിനു മെത്രാന്‍മാരുടെ വ്യക്തിപരമായ പിന്തുണയുണ്ടായിരുന്നുവെങ്കിലും, അധികം താമസിയാതെ തന്നെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. പ്രത്യേകിച്ച് ജാന്‍സനിസ മതവിരുദ്ധവാദികളില്‍ നിന്നും, വിശുദ്ധന്റെ ചില പഴയ സഹപ്രവര്‍ത്തകരില്‍ നിന്നും അദ്ദേഹത്തിന് ഏറെ ഭീഷണിയുണ്ടായി.

തങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നും രക്ഷനേടുവാന്‍ ആഗ്രഹിക്കുന്ന വ്യഭിചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെക്കുറിച്ചോര്‍ത്ത് ദുഖിതനായിരുന്നു വിശുദ്ധന്‍. അവര്‍ക്കായി താല്‍ക്കാലിക അഭയ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചുവെങ്കിലും, അവ പര്യാപ്തമായിരുന്നില്ല. പിന്നീട് അദ്ദേഹം ‘സിസ്റ്റേഴ്സ് ഓഫ് ദി ചാരിറ്റി ഓഫ് ദി റെഫൂജ്’ എന്ന സന്യാസിനീ സഭ സ്ഥാപിച്ചു. നല്ലൊരു രചയിതാവ് കൂടിയായിരുന്നു വിശുദ്ധ ജോണ്‍ യൂഡ്സ്. ഒരു പക്ഷേ വിശുദ്ധന്‍ ഏറ്റവും കൂടുതല്‍ അറിയപ്പെട്ടിരുന്നത് തന്റെ രചനകളുടെ കേന്ദ്രബിന്ദു കാരണമായിരിക്കും.

ദൈവീകതയുടെ ഉറവിടമായ യേശുവും, ക്രിസ്തീയ ജീവിതത്തിന്റെ മാതൃകയെന്ന നിലയിലെ പരിശുദ്ധ മറിയവുമായിരുന്നു വിശുദ്ധന്റെ പ്രധാന വിഷയങ്ങള്‍. തന്റെ എഴുപത്തി ഒന്‍പതാമത്തെ വയസ്സില്‍ കായനില്‍ വെച്ചാണ് വിശുദ്ധ ജോണ്‍ യൂഡ്സ് മരണപ്പെടുന്നത്. യേശുവിന്റെ തിരുഹൃദയത്തോടും, പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള വിശുദ്ധന്റെ ഭക്തി കാരണം പിയൂസ് പതിനൊന്നാമന്‍ പാപ്പാ വിശുദ്ധനെ ‘യേശുവിന്റേയും, മറിയത്തിന്റേയും തിരുഹൃദയങ്ങളോടുള്ള ഭക്തിയാചരണത്തിന്റെ പിതാവ്’ എന്ന് പ്രഖ്യാപിക്കുകയുണ്ടായി.

Comments