ആഗസ്റ്റ്‌ 30 : വി. ഫിയാക്കര്‍ ( ഏഴാം നൂറ്റാണ്ട്)

രോഗശാന്തി നല്‍കുവാനുള്ള അദ്ഭുതകരമായ വരം ലഭിച്ചിരുന്ന വിശുദ്ധനായിരുന്നു ഫിയാക്കര്‍. അയര്‍ലന്‍ഡിലെ ഒരു സമ്പന്നവും കുലീനവുമായ കുടുബത്തിലാണ് അദ്ദേഹം ജനിച്ചത്. പുതിയ അറിവുകള്‍ നേടിയെടുക്കാന്‍ എപ്പോഴും അതീവ ശ്രദ്ധ പതിപ്പി ച്ചിരുന്ന ഫീയാക്കര്‍ പച്ചമരുന്നുകള്‍ കണ്ടെത്തി അവയുടെ ഔഷധ ഗുണങ്ങള്‍ കണ്ടെത്തുന്നതില്‍ ബാല്യകാലത്തുതന്നെ ഏറെ ശ്രദ്ധവച്ചിരുന്നു. ലൗകിക ലോകത്തില്‍ നിന്ന് അകന്ന് ഒരു ആത്മീയ ജീവിതത്തിനു തുടക്കമിടാന്‍ ഫിയാക്കര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ഭക്തരായ കുറെ കൂട്ടുകാര്‍ക്കൊപ്പം അദ്ദേഹം ഫ്രാന്‍സിലേക്ക് കപ്പല്‍ കയറി.



എവിടെയെങ്കിലും ഏകാന്തമായ സ്ഥലത്ത് ചെന്ന് പര്‍ണശാല കെട്ടി താമസിക്കാനായിരുന്നു അവരുടെ തീരുമാനം. മോവിലെ ബിഷപ്പ് ഫാവോയുടെ അടുത്താണ് അവര്‍ എത്തിയത്. തങ്ങള്‍ക്ക് ആശ്രമം കെട്ടാനും പച്ചമരുന്നുകള്‍ വളര്‍ത്തുവാനുമായി കുറച്ചു സ്ഥലം നല്‍കണമെന്ന് ഫിയാക്കര്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടു. ചെറുപ്പക്കാരുടെ സാമര്‍ഥ്യവും ദൈവസ്‌നേഹവും മനസിലാക്കി അദ്ദേഹം ഒരു മലമുകളില്‍ ഇവര്‍ക്കു താമസിക്കാന്‍ സ്ഥലം കണ്ടെത്തി കൊടുത്തു. വന്‍മരങ്ങളുള്ള ഒരു വനപ്രദേശമായിരുന്നു അത്. ഒരു ദിവസം കൊണ്ട് മരങ്ങള്‍ വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തു കൊള്ളാനായിരുന്നു ബിഷപ്പ് അനുവാദം കൊടുത്തത്. എല്ലാവരും ചേര്‍ന്ന് സ്ഥലം വെട്ടിയൊ രുക്കി.

അദ്ഭുതകരമായ രീതിയില്‍ മരങ്ങള്‍ ഫിയാക്കറിനു വഴിമാറികൊടുത്തുവെന്ന് വിശ്വസിക്ക പ്പെടുന്നു. ഫിയാക്കര്‍ മഴുവുമായി എത്തുമ്പോള്‍ തന്നെ മരങ്ങള്‍ താഴെവീണു. തന്റെ പദ്ധതിക്ക് ആവശ്യമുള്ളതിലും ഏറെ സ്ഥലം ഒരു ദിവസം കൊണ്ട് അവര്‍ സ്വന്തമാക്കി. ദൈവത്തിന്റെ അദ്ഭുത ശക്തിയാണിതെന്ന് ബിഷപ്പ് ഫാവോ പെട്ടെന്നു തിരിച്ചറിഞ്ഞു. ഫിയാക്കറിന്റെ പിന്നീടുള്‌ള ജീവിതം കഠിനമായ വ്രതങ്ങളും പ്രാര്‍ഥനയും നിറഞ്ഞതായിരുന്നു. കഠിന തപസ്. സ്ത്രീകള്‍ക്ക് ആശ്രമത്തില്‍ അദ്ദേഹം പ്രവേശനം അനുവദിച്ചിരുന്നില്ല. നിരവധി പേര്‍ ഫിയാക്കറിന്റെ അദ്ഭുത ശക്തി തിരിച്ചറിഞ്ഞ് അദ്‌ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തി. രോഗികള്‍ക്ക് തന്റെ ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം ചികിത്സനടത്തി. ഏതു മഹാ രോഗിയും സുഖപ്പെട്ടു.

മരുന്നിന്റെ ശക്തിയെക്കാള്‍ ദൈവത്തിന്റെ ശക്തിയാണതെന്ന് ജനങ്ങള്‍ മനസിലാക്കി. മരണം വരെയും പ്രസംഗങ്ങളിലൂടെയും പ്രവൃത്തിയിലൂടെയും നിരവധി പേരെ യേശുവിലേക്ക് അടുപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 670 ഓഗസ്‌റ് 30ന് അദ്ദേഹം മരിച്ചു. യൂറോപ്പിലെ നിരവധി ദേവാലയങ്ങളില്‍ ഫിയാക്കറിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുണ്ട്.

Comments