സെപ്റ്റംബര്‍ 15 : ജനോവായിലെ വി. കാതറീന്‍ (1447-1510)

ഇറ്റലിയിലെ ജനോവായിലെ ഒരു പ്രഭുകുടുംബത്തിലാണ് കാതറീന്‍ ജനിച്ചത്. ഫീഷ്ചി, ഫ്രാന്‍സെസ ദമ്പതികളുടെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയതായിരുന്നു അവള്‍. ബാല്യകാലം മുതല്‍ തന്നെ സന്യാസജീവിതത്തോട് അതിയായ താത്പര്യം കാണിച്ചിരുന്ന കാതറീന്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കാനും ദേവാലയത്തിലെ പ്രാര്‍ഥനകളില്‍ മുടക്കം കൂടാതെ പങ്കാളിയാകാനും എപ്പോഴും ശ്രദ്ധ വച്ചിരുന്നു. തന്റെ ജീവിതം യേശുവിന്റെ മണവാട്ടിയായി പ്രേഷിതപ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി മാറ്റിവയ്ക്കാന്‍ അവള്‍ തയാറെടുത്തു.



എന്നാല്‍, മകളെ ഒരു സമ്പന്ന കുടുംബത്തിലേക്ക് വിവാഹം കഴിച്ച് അയയ്ക്കാനാണ് അവളുടെ പിതാവ് ഫീഷ്ചി ആഗ്രഹിച്ചിരുന്നത്. കാതറീനു പതിനാറു വയസു മാത്രം പ്രായമുള്ളപ്പോള്‍ പെട്ടെന്ന് ഒരു ദിവസം ഫീഷ്ചി മരിച്ചു. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനു വേണ്ടി അവള്‍ വിവാഹജീവിതത്തിനു സമ്മതിച്ചു. ജൂലിയാന്‍ അഡോര്‍നോ എന്നായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പേര്. കുഴിമടിയനും അലസനുമായിരുന്നു അയാള്‍. കാതറീനെ അയാള്‍ ഒട്ടും സ്‌നേഹിച്ചിരുന്നില്ല. പണം ധൂര്‍ത്തടിക്കാനും ഉറങ്ങാനുമായിരുന്നു അയാള്‍ താത്പര്യം കാട്ടിയി രുന്നത്. ചിലപ്പോഴൊക്കെ അയാള്‍ കാതറീനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. വേശ്യ കള്‍ക്കൊപ്പം അന്തിയുറങ്ങാന്‍ എപ്പോഴും പോകുമായിരുന്ന ജൂലിയാന്‍ ചൂതുകളിച്ചും പണം ഏറെ നശിപ്പിച്ചു.

ജൂലിയാനെ യേശുവിന്റെ വഴിയിലേക്ക് കൊണ്ടുവരാനും മാനസാന്തരപ്പെടുത്താനും കാതറീന്‍ ഏറെ ശ്രമിച്ചു. അയാള്‍ക്കു വേണ്ടി അവള്‍ എപ്പോഴും കണ്ണീരോടെ പ്രാര്‍ഥിച്ചു. കാതറീന്റെ കണ്ണീരിനു ദൈവം പ്രതിഫലം കൊടുത്തു. തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ ജൂലിയാന്‍ കുറ്റബോധ ത്തോടെ കാതറീനെ സ്‌നേഹിക്കാന്‍ തുടങ്ങി. ഒരിക്കലും സാധ്യമാകുമെന്ന് ആരും പ്രതീക്ഷി ക്കാത്ത ഒരു സംഭവമായിരുന്നു ജൂലിയാന്റെ മാനസാന്തരം. പക്ഷേ, ദൈവം അത് കാതറീനു വേണ്ടി സാധിച്ചുകൊടുത്തു. മക്കളില്ലാതിരുന്നതിനാല്‍, ശിഷ്ടജീവിതം പ്രേഷിതപ്രവര്‍ത്തനത്തിനു മാറ്റിവയ്ക്കാന്‍ ഇരുവരും തീരുമാനിച്ചു.

ഉപവാസവും പ്രാര്‍ഥനയും കാരുണ്യപ്രവര്‍ത്തികളുമായി പുതിയൊരു ജീവിതത്തിന് അവര്‍ തുടക്കമിട്ടു. രോഗികളെയും പാവങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തില്‍ അവര്‍ക്കിട യിലായിരുന്നു ആ ദമ്പതികളുടെ പ്രവര്‍ത്തനം. 1497 ല്‍ ജൂലിയാന്‍ മരിച്ചതോടെ കാതറീന്‍ ഒറ്റ പ്പെട്ടു. വൈകാതെ അവള്‍ ഫ്രാന്‍സീഷ്യന്‍ സന്യാസസഭയില്‍ ചേര്‍ന്നു. പ്ലേഗ് പടര്‍ന്നു പിടിച്ച സമയത്ത് രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഓടിനടന്നു പരിശ്രമിച്ച കാതറീന്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. 1510ല്‍ കാതറീന്‍ മരിച്ചു. 1737 ല്‍ പോപ് ക്ലെമന്റ് പന്ത്രണ്ടാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Comments