കന്യസസകാമറിയത്തിന്റെ ഭക്തനായിരുന്നു അലൊന്‍സോ. തന്റെ ജീവിതത്തെ ദൈവം നേര്‍വഴിക്കു തിരിച്ചുവിട്ടുവെങ്കില്‍ അതിനു പ്രേരണയായത് ദൈവമാതാവിന്റെ മധ്യസ്ഥ പ്രാര്‍ഥനയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ അലൊന്‍സോ പേരെടുത്ത ഒരു സുവിശേഷ പ്രാസംഗികനുമായിരുന്നു. സ്‌പെയിനിലെ ടൊലെഡോ എന്ന സ്ഥലത്ത് 1500 ഒക്‌ടോബര്‍ 17ന് ജനിച്ച അലൊന്‍സോ കുഞ്ഞുനാള്‍ മുതല്‍ തന്നെ ദേവാലയത്തില്‍ ഭക്തി പൂര്‍വം വി.കുര്‍ബാനയിലും പ്രാര്‍ഥനകളിലും പങ്കെടുക്കുമായിരുന്നു. ദേവാലയത്തില്‍ ഏകനായ് ഇരുന്ന് പ്രാര്‍ഥിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്ന അലൊന്‍സോ അള്‍ത്താരബാലനായി കുര്‍ബാനയില്‍ പങ്കാളിയാകുമായിരുന്നു.
നല്ലൊരു ഗായകനുമായിരുന്നു അലൊന്‍സോ. സംഗീതം അഭ്യസിച്ചതോടെ ദേവാലയത്തിലെ ഗായകസംഘത്തില്‍ പ്രധാനിയായി. ഒരു പുരോഹിതനാകുന്നതിനു വേണ്ടി അവന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. ഇരുപതു വയസുള്ളപ്പോള്‍ അലൊന്‍സോ അഗസ്റ്റിനിയന്‍ സഭയില്‍ ചേര്‍ന്നു. വിശുദ്ധ തോമസ് വില്ലാനോവയുടെ ശിഷ്യനായിരുന്നു അലൊന്‍സോ. 27-ാം വയസില്‍ പുരോഹിത പട്ടം കിട്ടി. പുരോഹിതനായി അധികം നാള്‍ കഴിയും മുന്‍പേ അലൊന്‍സോയുടെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും അദ്ദേഹത്തിന്റെ കീര്‍ത്തി പരക്കുകയും ചെയ്തു. 1549 ല്‍ അലൊന്‍സോ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി മെക്‌സികോയിലേക്ക് പോയി. എന്നാല്‍, അധികം നാള്‍ അവിടെ കഴിയുവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. തീവ്രമായ കാല്‍മുട്ട് വേദന അദ്ദേഹത്തെ അലട്ടിയിരുന്നു. പരിശോധനയില്‍ ആര്‍ത്രൈറ്റിസ് രോഗം തിരിച്ചറിഞ്ഞതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹത്തിനു സ്‌പെയിനിലേക്ക് തിരിച്ചുപോകേണ്ടിവന്നു.
ചാള്‍സ് അഞ്ചാമന്‍ രാജാവിന്റെ ഔദ്യോഗിക മതപ്രാസംഗികനായും അലൊന്‍സോ സേവനമനുഷ്ഠിച്ചു. എന്നാല്‍, അതിനു പ്രതിഫലം സ്വീകരിക്കുവാന്‍ അദ്ദേഹം തയാറായിരുന്നില്ല. ദരിദ്രരെയും രോഗികളെയും സഹായിക്കുവാനും ശുശ്രൂഷിക്കുവാനും എപ്പോഴും സമയം കണ്ടെത്തിയിരുന്ന അലൊന്‍സോയെ കാണാന്‍ നിരവധി വിശ്വാസികള്‍ എപ്പോഴും എത്തുമായിരുന്നു. ഒഴിവുസമയങ്ങളില്‍ അദ്ദേഹം ആശുപത്രികള്‍ സന്ദര്‍ശിച്ച് രോഗികള്‍ക്ക് ആശ്വാസം പകരുമായിരുന്നു. ജയിലുകളിലെ തടവുകാരെയും തെരുവുകളില്‍ അനാഥരായി കഴിയുന്ന പാവങ്ങളെയും അദ്ദേഹം എപ്പോഴും സന്ദര്‍ശിച്ചു. തൊണ്ണൂറ്റിയൊന്നാം വയസില്‍ മരിക്കുന്നതു വരെ അദ്ദേഹം അവരോടൊത്ത് ജീവിച്ചു.
അലൊന്‍സോയുടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പാവപ്പെട്ടവരും ഭിക്ഷക്കാരും നിരവധി പേര്‍ എത്തി. അവരെ കടത്തിവിടാതിരുന്നപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അവര്‍ അകത്തുകടന്ന് തങ്ങളുടെ പ്രിയപ്പെട്ട ദൈവദൂതനെ അവസാനമായി കണ്ടു. 2002 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ അലൊന്‍സോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Comments
Post a Comment