സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രീബര്‍ഗില്‍ ജനിച്ച അപോളിനരിസ് ഫ്രഞ്ച് വിപ്ലവകാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ്. 'സെപ്റ്റംബറിലെ രക്തസാക്ഷികള്‍' എന്നറിയപ്പെടുന്ന രക്തസാക്ഷികളില്‍ ഒരാളാണ് അദ്ദേഹം. തന്റെ വിദ്യാഭ്യാസ കാലത്താണു സുവിശേഷപ്രവര്‍ത്തനത്തില്‍ താത്പര്യം ജനിച്ച് അപോളിനരിസ് പുരോഹിതനാകാന്‍ തീരുമാനിക്കുന്നത്. ഒരു പുരോഹിതനാകാന്‍ വേണ്ടി മാനസികമായി ഒരുങ്ങുവാന്‍ അദ്ദേഹം ശ്രമിച്ചു. പഠിക്കുമ്പോഴും മറ്റു പ്രവൃത്തികള്‍ ചെയ്യുമ്പോഴും അദ്ദേഹം പ്രാര്‍ഥിക്കുമായിരുന്നു.
ദൈവവുമായുള്ള സംഭാഷണമാണ് പ്രാര്‍ഥന എന്ന് അദ്ദേഹം വിശ്വസിച്ചു. ഉപവാസവും പ്രാര്‍ഥനയും വഴി ഒരു പുരോഹിതനാകാന്‍ അദ്ദേഹം മാനസികമായി തയാറെടുത്തു. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള സ്ഥാപനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ദൈവത്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ ഇവിടുത്തെ വിദ്യാഭ്യാസവും അദ്ദേഹത്തെ സഹായിച്ചു. 1762 അപോളിനരിസ് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. പുരോഹിതനായ ശേഷം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. അദ്ദേഹത്തിന്റെ മതപ്രസംഗങ്ങള്‍ ഏറെ പ്രസിദ്ധി നേടി.
നിരവധി പേര്‍ അപോളിനരിസിന്റെ പ്രസംഗം കേള്‍ക്കാനായി എത്തുമായിരുന്നു. കുമ്പസാരക്കൂട്ടിലും അപോളിനരിസ് വിശ്വാസികളെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ അടുത്ത് കുമ്പസരിക്കുവാനായി ജനങ്ങള്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും എത്തുമായിരുന്നു. തന്റെ പ്രേഷിത പ്രവര്‍ത്തനം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. വിദേശഭാഷകള്‍ പഠിക്കുന്നതിനു വേണ്ടി പാരീസിലേക്ക് പോകുകയാണ് ഇതിനു വേണ്ടി അദ്ദേഹം ആദ്യം ചെയ്തത്. അദ്ദേഹം പാരീസിലായിരിക്കുമ്പോഴാണ് ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്.
മറ്റനേകം പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊപ്പം അപോളിനരിസും അറസ്റ്റ് ചെയ്യപ്പെട്ടു. പാരിസിലെ കര്‍മലീത്ത കോണ്‍വന്റിലാണ് ഇവരെയെല്ലാം തടവില്‍ പാര്‍പ്പിച്ചിരുന്നത്. നാസ്തിക ഭരണകൂടത്തിനോട് കൂറു പുലര്‍ത്തുന്നതായി പ്രതിജ്ഞ ചെയ്താല്‍ വെറുതെവിടാമെന്നു വാഗ്ദാനം ലഭിച്ചുവെങ്കിലും അപോളിനരിസ് അതിനു തയാറായില്ല. തനിക്കൊപ്പം തടവില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നവരെയെല്ലാം ആശ്വസിപ്പിക്കുവാനും അവര്‍ക്കു ശക്തി പകരാനുമാണ് അദ്ദേഹം മരണം വരെയും എപ്പോഴും ശ്രമിച്ചിരുന്നത്. 1792 സെപ്റ്റംബര്‍ രണ്ടാം തീയതി അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
Comments
Post a Comment