മന്ത്രവാദിയില്‍ നിന്നു വിശുദ്ധനിലേക്കു വളര്‍ന്ന സിപ്രിയന്റെയും ശാരീരികമായും ആത്മീയമായും സുന്ദരിയായിരുന്ന ജസ്റ്റിനയുടെയും ജീവിതം ഒരു നാടോടിക്കഥ പോലെ സുന്ദരമാണ്. ദമാസ്‌കസില്‍ ജീവിച്ചിരുന്ന ജസ്റ്റിനയെ മന്ത്രവാദത്താല്‍ കീഴപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട സിപ്രിയന്‍ പിന്നീട് അവളുടെ ദൈവമായ യേശുവില്‍ അഭയം തേടുകയായിരുന്നു. വിഗ്രഹാരാധകരും റോമന്‍ ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നവരുമായ മാതാപിതാക്കള്‍ക്കു ജനിച്ച സിപ്രിയന്‍ മന്ത്രതന്ത്രങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ നടന്നിരുന്ന യുവാവായിരുന്നു.
റോമന്‍ ദൈവങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ജനത്തിനിടയില്‍ തന്റെ മന്ത്രവാദങ്ങളുമായി സിപ്രിയന്‍ ജീവിച്ചു. ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ സുന്ദരിയായ മകളായിരുന്നു ജസ്റ്റിന. കുടുംബമഹിമയും അസാധാരാണ സൗന്ദര്യവുമുള്ള ജസ്റ്റിനയെ വിവാഹം കഴിക്കാന്‍ പലരും മോഹിച്ചിരുന്നു. എന്നാല്‍, യേശുവിന്റെ നാമത്തില്‍ എന്നും കന്യകയായി കഴിയുമെന്ന് ജസ്റ്റിന ശപഥം ചെയ്തിരുന്നു. റോമന്‍ ദൈവങ്ങളുടെ ഉപാസകനായ ഒരു പ്രഭുകുമാരന്‍ എങ്ങനെയും അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. തന്റെ വിവാഹവാഗ്ദാനങ്ങള്‍ തള്ളിക്കളഞ്ഞ ജസ്റ്റിനയുടെ സമീപനം അയാളെ അസ്വസ്ഥനാക്കി.
സ്വത്തും പ്രതാപവും സുഖജീവിതവും വാഗ്ദാനം ചെയ്തിട്ടും അവള്‍ വഴങ്ങാതെ വന്നതോടെ പ്രഭുകുമാരന്‍ സിപ്രിയനെ സമീപിച്ചു. റോമന്‍ ദൈവങ്ങളെ മന്ത്രവാദത്തിലൂടെ പ്രീതിപ്പെടുത്തിയാല്‍ തനിക്ക് ജസ്റ്റിനയെ സ്വന്തമാക്കാനാകുമെന്നാണ് അയാള്‍ വിശ്വസിച്ചിരുന്നത്. സിപ്രിയന്‍ തന്റെ മന്ത്രങ്ങളുമായി രംഗപ്രവേശം ചെയ്തു. തനിക്കറിയാവുന്ന അവസാന മന്ത്രവും അടവും സിപ്രിയന്‍ പ്രയോഗിച്ചുനോക്കി. എന്നാല്‍ ജസ്റ്റിനയുടെ വിശ്വാസത്തെ തകര്‍ക്കുവാന്‍ ഒരു മന്ത്രത്തിനും സാധിച്ചില്ല. നിരാശനായ സിപ്രിയന്‍ അവളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. യേശുവിന്റെ നാമം മാത്രമായിരുന്നു ജസ്റ്റിനയുടെ ആയുധം. യേശുവിലുള്ള വിശ്വാസത്തിന്റെ ശക്തിയാല്‍ അവള്‍ എല്ലാ ആക്രമണങ്ങളെയും തോല്‍പിച്ചു.
താന്‍ വിശ്വസിച്ചിരുന്ന റോമന്‍ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ വെറും കരിങ്കല്ലുകളാണെന്നും അവയില്‍ ദൈവമില്ലെന്നും സിപ്രിയന്‍ തിരിച്ചറിഞ്ഞു. തന്റെ മന്ത്രവാദഗ്രന്ഥങ്ങളെല്ലാം തീയില്‍ വലിച്ചെറിഞ്ഞശേഷം സിപ്രിയന്‍ യേശുവില്‍ വിശ്വസിച്ച് ക്രൈസ്തവ മതം സ്വീകരിച്ചു. പിന്നീട് ആദിമസഭയുടെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ സിപ്രിയന്‍ നിരവധി പേരെ ക്രിസ്തുവിന്റെ വിശ്വാസികളാക്കി മാറ്റി. അക്കാലത്ത് ഡിയോക്ലീഷന്‍ എന്ന ക്രൈസ്തവവിരോധിയായ ചക്രവര്‍ത്തിയായിരുന്നു റോം ഭരിച്ചിരുന്നത്. ക്രൈസ്തവ മതം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം അദ്ദേഹം കൊന്നൊടുക്കി. സിപ്രിയനും ജസ്റ്റിനയും അവര്‍ക്കൊപ്പം തടവിലാക്കപ്പെടുകയും എ.ഡി. 304ല്‍ നികോമെഡിയയില്‍ വച്ചു കൊല്ലപ്പെടുകയും ചെയ്തു.
Comments
Post a Comment