വിന്‍സെന്റ് ഡി പോള്‍ എന്ന വിശുദ്ധനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ക്രൈസ്തവ വിശ്വാസികള്‍ കേരളത്തില്‍ കുറവായിരിക്കും. കേരളത്തിലെ കത്തോലിക്കാ സഭകളില്‍ ഏറെ പ്രചാരത്തിലുള്ള വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അദ്ദേഹത്തിന്റെ മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമാണ്. 1833 ല്‍ ഫെഡറിക് ഓസാനാം സ്ഥാപിച്ചതാണ് സേവനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഈ കൂട്ടായ്മ. സംഭവ ബഹുലമായ ഒരു ജീവിതമായിരുന്നു വിന്‍സെന്റ് ഡി പോളിന്റേത്.
ഫ്രാന്‍സിലെ പൂയി എന്ന പേരുള്ള ഗ്രാമത്തില്‍ കര്‍ഷകരായ വില്യം പോളിന്റെയും ബെര്‍ട്രാന്‍ഡയുടെയും ആറു മക്കളിലൊരാളായാണ് വിന്‍സെന്റ് ജനിച്ചത്. യേശുവില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന മാതാപിതാക്കളായിരുന്നു അവര്‍. യേശുവിന്റെ ചൈതന്യത്തില്‍ ജീവിച്ച മാതാപിതാക്കള്‍ വിന്‍സെന്റിന്റെ ജീവിതത്തെയും സ്വാധീനിച്ചു. ബാല്യകാലം മുതല്‍ തന്നെ വിശുദ്ധിയുടെ വഴിയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഇരുപതാം വയസില്‍ വിന്‍സെന്റ് ഡി പോള്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു.
ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും അസാധാരണമായ പ്രാവീണ്യമുണ്ടായിരുന്നു വിന്‍സെന്റിന്. ഒരിക്കല്‍ മാര്‍സെയിലേക്കുള്ള യാത്രാമധ്യേ തുര്‍ക്കിക്കാരായ കടല്‍ക്കൊള്ളക്കാര്‍ വിന്‍സെന്റ് യാത്ര ചെയ്തിരുന്ന കപ്പല്‍ ആക്രമിക്കുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സംഘത്തിന് വിന്‍സെന്റിനെ അവര്‍ അടിമയായി വിറ്റു. അവര്‍ വിന്‍സെന്റിനെ മുസ്‌ലിം മത വിഭാഗക്കാരനായ ഒരാള്‍ക്കു വിറ്റു. ഒരു വര്‍ഷത്തോളം അയാള്‍ക്കൊപ്പമാണ് വിന്‍സെന്റ് ജീവിച്ചത്. അയാളുടെ മരണശേഷംച്ച 1606ല്‍ ക്രൈസ്തവനായ മറ്റൊരു മനുഷ്യന്‍ വിന്‍സെന്റിന്റെ യജമാനനായി. അയാളെ മാനസാന്തരപ്പെടുത്തി ദൈവത്തിന്റെ മാര്‍ഗത്തിലേക്കു കൊണ്ടുവരാന്‍ വിന്‍സെന്റിനു കഴിഞ്ഞു.
അങ്ങനെ, 1607ല്‍ അദ്ദേഹം സ്വതന്ത്രനായി. പാരീസിനടുത്തുള്ള ഒരു ദേവാലയത്തിലെ വികാരിയായിട്ടാണ് അദ്ദേഹം പിന്നീട് സേവനം അനുഷ്ഠിച്ചത്. ഹെന്റി നാലാമന്റെ ചാപ്ലിനായും അദ്ദേഹം പ്രവര്‍ത്തിച്ചു. വിന്‍സെന്‍ഷ്യന്‍സ് എന്നറിയപ്പെടുന്ന ലോക പ്രശസ്തമായ സന്യാസസമൂഹത്തിനു വിന്‍സെന്റ് ഡി പോള്‍ രൂപം കൊടുത്തത് 1626ലായിരുന്നു. മിഷന്‍ പ്രവര്‍ത്തനം നടത്തുകയായിരുന്നു വിന്‍സെന്‍ഷ്യന്‍സിന്റെ പ്രധാന ലക്ഷ്യം. ദരിദ്രരെയും രോഗികളെയും സഹായിക്കുവാനും അഗതി കള്‍ക്ക് ആശ്വാസം പകര്‍ന്നുകൊടുക്കുവാനും നിരവധി ചെറിയ കൂട്ടായ്മകള്‍ക്കും വിന്‍സന്റ് രൂപം കൊടുത്തു. ഉപവിയുടെ സഹോദരിമാര്‍ എന്ന സന്യാസിനീസഭ അത്തരത്തിലൊന്നായിരുന്നു. 1660ല്‍ പാരീസില്‍ വച്ച് അദ്ദേഹം മരിച്ചു.
വിന്‍സന്റ് ഡി പോളിന്റെ മൃതദേഹം ഇപ്പോഴും കേടുപാടു കളൊന്നും കൂടാതെ സംരക്ഷിച്ചിട്ടുണ്ട്. 1737ല്‍ പോപ് ക്ലെമന്റ് പന്ത്രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 'നിങ്ങള്‍ കണ്ടുമുട്ടുന്ന അവസാനത്തെ ആള്‍ക്കും ഒരു സഹായവും നിങ്ങളില്‍ നിന്ന് ആവശ്യമില്ല എന്നു തോന്നുന്നതു വരെ അവരെ സഹായിക്കുവാന്‍ നിങ്ങള്‍ പരിശ്രമിക്കുക. ദൈവം നിങ്ങളെ സഹായിക്കില്ല എന്നു തീരുമാനിച്ചാല്‍ എന്തുസംഭവിക്കുമെന്ന് അപ്പോള്‍ ഓര്‍ക്കുക'' - വിന്‍സെന്റ് ഡി പോളിന്റെ ഓര്‍മദിവസത്തില്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ നമ്മുടെ വിശ്വാസജീവിതത്തെ സ്വാധീനിക്കട്ടെ.
Comments
Post a Comment