സെപ്റ്റംബര്‍ 7 : വി. റെജീന (മൂന്നാം നൂറ്റാണ്ട്)

ആദിമസഭയുടെ കാലത്ത് തന്റെ വിശ്വാസത്തിനു വേണ്ടി രക്ത സാക്ഷിത്വം വരിക്കേണ്ടി വന്ന നിരവധി വിശുദ്ധരില്‍ ഒരാള്‍ മാത്ര മാണ് വി. റെജീന. എങ്കിലും, കന്യകയായി മരിച്ച ഈ വിശുദ്ധ വഴിയായി അനുഗ്രഹങ്ങള്‍ കിട്ടുന്നവര്‍ ഇപ്പോഴും ഏറെയുണ്ട്. ഫ്രാന്‍സിലെ ഒട്ടന്‍ എന്ന സ്ഥലത്താണ് റെജീന ജനിച്ചത്. ക്ലെമന്റ് എന്നായിരുന്നു അവളുടെ പിതാവിന്റെ പേര്. വിജാതീയ മതത്തില്‍ വിശ്വസിച്ചിരുന്ന മാതാപിതാക്കളുടെ മകളായിരുന്നുവെങ്കിലും റെജീന യേശുവിന്റെ പ്രിയപുത്രിയായാണ് വളര്‍ന്നുവന്നത്.



റെജീന എങ്ങനെയാണ് ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നത് എന്നതു സംബന്ധിച്ചു വ്യക്തമായ വിവരങ്ങളൊന്നും ഇന്നില്ല. എന്നിരുന്നാലും അവള്‍ക്ക് യേശുവിനോടുണ്ടായിരുന്ന സ്‌നേഹത്തെപ്പറ്റി ധാരാളം കഥകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. എന്നും കന്യകയായി ജീവിച്ച് ക്രിസ്തുവിനു വേണ്ടി പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവളുടെ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വം അവളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒളിംബ്രിയസ് എന്നു പേരായ ഒരു നയതന്ത്ര ഉദ്യോഗ സ്ഥനുമായി അവളുടെ വിവാഹനിശ്ചയവും കഴിഞ്ഞു. വിജാതീയനായ ഒളിംബ്രിയസ് താന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടി തന്റെ മതത്തില്‍ വിശ്വസിക്കുന്നവളായിരിക്കണം എന്നു നിര്‍ബന്ധം പിടിച്ചു.

വീട്ടുകാര്‍ റെജീനയോട് ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കണമെന്ന് ചട്ടം കെട്ടി. എന്നാല്‍ അവള്‍ തയാറായില്ല. പരസ്യമായി യേശുവിനെ തള്ളിപ്പറഞ്ഞാല്‍ മാത്രമേ താന്‍ റെജീനയെ വിവാഹം കഴിക്കു എന്ന് ഒളിംബ്രിയസ് പറഞ്ഞു. റെജീന ഈ നിര്‍ദേശത്തെ പുച്ഛി ച്ചുതള്ളി. ഇതില്‍ ക്ഷുഭിതനായ ഒളിംബ്രിയസ് അവളെ തടവിലാക്കി. ദിവസങ്ങളോളം പീഡന മുറകളിലൂടെ യേശുവിനെ തള്ളിപ്പറയാന്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. ക്രൂരമായ മര്‍ദങ്ങളും റെജീനയെ തളര്‍ത്തിയില്ല. തടവറയിലായിരിക്കെ ഒരു ദിവസം അലങ്കരിക്കപ്പെട്ട ഒരു കുരിശി നെയും ആ കുരിശിനു മുകളില്‍ ഇരിക്കുന്ന പ്രാവിനെയും അവള്‍ സ്വപ്നത്തില്‍ കണ്ടു. മര്‍ദങ്ങളില്‍ തളര്‍ന്ന റെജീനയ്ക്ക് ഈ ദര്‍ശനം കൂടുതല്‍ കരുത്തു പകര്‍ന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അവളെ കഴുത്തറത്തു കൊലപ്പെടുത്തി.

Comments