ഫ്രാന്‍സിലെ ഫ്രീസിങ്ങിലെ ബിഷപ്പായിരുന്നു കൊര്‍ബിനിയന്‍. അദ്ദേഹത്തിന്റെ ബാല്യകാലജീവിത്തെ കുറിച്ച് വ്യക്തമായ അറിവ് ഇന്നില്ല. കൊര്‍ബിനിയന്‍ ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹ ത്തിന്റെ പിതാവ് മരിച്ചു എന്നതു മാത്രമാണ് അറിവുള്ള കാര്യം. വാല്‍ഡിഗിസോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മ ആ പേര് മാറ്റി കൊര്‍ബിനിയന്‍ എന്നാക്കുകയായിരുന്നു. 14 വര്‍ഷത്തോളം ഒരു നിലവറയില്‍ ഒറ്റയ്ക്ക് പ്രാര്‍ഥനയും ഉപവാസവുമായി കഴിഞ്ഞ കൊര്‍ബിനിയന്‍ നിരവധി അദ്ഭുതങ്ങള്‍ ദൈവനാമത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ എപ്പോഴും പറയുന്ന കൊര്‍ബിനിയന്റെ ഒരു അദ്ഭുതപ്രവര്‍ത്തിയുണ്ട്. ഒരിക്കല്‍ കൊര്‍ബിനിയന്റെ കുതിരയെ ഒരു കരടി കൊന്നു. ഉടന്‍ തന്നെ കൊര്‍ബിനിയന്‍ ആ കരടിയോട് കുതിരയ്ക്കു പകരം തന്റെ സാധനങ്ങള്‍ ചുമക്കാന്‍ കല്‍പിച്ചു. അത് പൂര്‍ണ വിധേയത്തോടെ അനുസരിച്ചു. ഈ സംഭവത്തെ അനുസ്മരിച്ചാണ് ഫ്രീസിങ്ങിന്റെ ഔദ്യോഗിക ചിഹ്‌നമായി ഒരു കരടിയെ പ്രഖ്യാപിച്ചത്. ബെനഡിക്ട് പതിനാറാമന്‍ ഫ്രീസിങ്ങിലെ ആര്‍ച്ച്ബിഷപ്പായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അടച്ചിട്ട മുറിയില്‍ പതിനാലു വര്‍ഷത്തോളം ഏകനായി കഴിഞ്ഞ കൊര്‍ബിനിയനെ ആ മുറിയില്‍ നിന്നു പുറത്തുകൊണ്ടുവന്നത് വിശ്വാസികളായിരുന്നു. കൊര്‍ബിനിയന്റെ അദ്ഭുതപ്രവര്‍ത്തികള്‍ കാണാന്‍ ജനം പ്രവഹിച്ചുതുടങ്ങിയതോടെയായിരുന്നു അത്.
തങ്ങളെ ശിഷ്യന്‍മാരാക്കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി യുവാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. ഇവര്‍ക്കുവേണ്ടി ഏകാന്ത വാസം അവസാനിപ്പിച്ച് പുതിയൊരു സന്യാസസമൂഹത്തിനു അദ്ദേഹം തുടക്കം കുറിച്ചു. വി. പത്രോസ് ശ്ലീഹായോടുള്ള ഭക്തിയാണ് കൊര്‍ബിനിയനെ റോമിലേക്ക് ആകര്‍ഷിച്ചത്. പോപ് ഗ്രിഗറി രണ്ടാമനെ അദ്ദേഹം സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. കോര്‍ബിനിയനെ കണ്ടപ്പോള്‍ തന്നെ മാര്‍പാപ്പയ്ക്ക് അദ്ദേഹത്തിന്റെ തീവ്രമായ ദൈവസ്‌നേഹവും പ്രേഷിത മനോഭാവവും മനസി ലായി. വൈകാതെ അദ്ദേഹത്തെ ബവേരിയയിലെ ബിഷപ്പായി പോപ് പ്രഖ്യാപിച്ചു. ഫ്രീസിങ് ആസ്ഥാനമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ആ പ്രദേശത്ത് നിരവധി അദ്ഭുതങ്ങള്‍ യേശു വിന്റെ നാമത്തില്‍ കൊര്‍ബിനിയന്‍ പ്രവര്‍ത്തിച്ചു. നിരവധി പേരെ യേശുവിന്റെ അനുയായികളാക്കി മാറ്റുവാന്‍ കോര്‍ബിനിയനു കഴിഞ്ഞു.
ഗ്രിമോവാള്‍ഡ് എന്ന പ്രഭുവായിരുന്നു ബവേരിയയിലെ സഭയെ സഹായിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹം ബ്രില്‍ട്രൂഡിസ് എന്നൊരു സ്ത്രീയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെ കൊര്‍ബിനിയന്‍ ശക്തമായി എതിര്‍ത്തതോടെ പ്രഭുവും കൂട്ടരും അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചു. അതോടെ അദ്ദേഹം ആ പ്രദേശം വിട്ടുപോയി. പിന്നീട് ഗ്രിമോവാള്‍ഡിന്റെ മരണ ശേഷമാണ് അദ്ദേഹം ബവേരിയായില്‍ തിരികെയെത്തിയത്. എ.ഡി. 730ല്‍ അദ്ദേഹം മരിച്ചു.
Comments
Post a Comment