ഒക്ടോബര്‍ 13: വി. എഡ്വേര്‍ഡ് രാജാവ് (1002-1066)

'മാവേലി നാടുവാണീടുംകാലം, ഫമാനുഷരെല്ലാരുമൊന്നുപോലെ'. പഴമയുടെ നല്ലകാലം ഓര്‍ത്ത് മലയാളികള്‍ ഇപ്പോഴും പാടുന്നു. മനുഷ്യരെയെല്ലാം ഒന്നുപോലെ കണ്ട ഒരു മഹാരാജാവ് ഇംഗ്ല ണ്ടിലുമുണ്ടായിരുന്നു. അതാണ് വി. എഡ്വേര്‍ഡ് രാജാവ്. 'നല്ലവ നായ എഡ്വേര്‍ഡ്' എന്നാണ് ഇംഗ്ലണ്ടിലെ ജനങ്ങള്‍ ഇന്നും ഈ രാജാവിനെ ഓര്‍ക്കുന്നത്. രാജകൊട്ടാരത്തിനു പുറത്തിറങ്ങി ചെന്ന് ഭിക്ഷക്കാരെയു കുഷ്ഠരോഗികളെയും ആശ്ലേഷിക്കുകയും അവ രോടു സംസാരിക്കുകയും ചെയ്തിരുന്ന ഈ വിശുദ്ധനായ രാജാവ് ഇംഗ്ലണ്ടിന് ഒരു അദ്ഭുതമാ യിരുന്നു.



അന്നും ഇന്നും. പത്താം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഥെല്‍ഡ് രണ്ടാമന്‍ രാജാവിനു തന്റെ മൂന്നാമത്തെ ഭാര്യയായ എമ്മാ രാജ്ഞിയിലുണ്ടായ മകനായിരുന്നു എഡ്വേര്‍ഡ്. എഥെല്‍ഡ് രണ്ടാമന്‍ കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യഭാര്യയിലുള്ള മകനായ ഹാര്‍ഡി കനൂട്ട് സിംഹാസനം ഏറ്റെടുത്തു. ഈ സമയത്ത് പത്തുവയസുമാത്രമായിരുന്നു എഡ്വേര്‍ഡിന്. വിദ്യാഭ്യാസത്തിനായി എഡ്വേര്‍ഡും ആല്‍ഫ്രഡും ഡെന്‍മാര്‍ക്കിലേക്ക് അയയ്ക്കപ്പെട്ടു. ഇരുവരെയും രഹസ്യമായി കൊല്ലുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യം നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടിരുന്നു ഉദ്യോഗസ്ഥന് അലിവുതോന്നി ഇരുവരെയും സ്വീഡനിലേക്ക് കടത്തി. അവിടെനിന്ന് ഇരുവരും ഹംഗറിയിലെ രാജാവിന്റെ കൊട്ടാരത്തിലേക്ക് പോയി. പിന്നീട് മക്കളുടെ സുരക്ഷയ്ക്കു വേണ്ടി എമ്മാ രാജ്ഞി അവരെ തന്റെ സഹോദരനായ നോര്‍മന്‍ഡി പ്രഭുവിന്റെ കൊട്ടാരത്തിലേക്ക് അയച്ചു.

കൊട്ടാരത്തില്‍ എന്തിനു ഏതിനു സൗകര്യം. പക്ഷേ, അതിലൊന്നും എഡ്വേര്‍ഡ് താത്പര്യം വച്ചില്ല. വി. കുര്‍ബാന കാണുക, മുടങ്ങാതെ പ്രാര്‍ഥിക്കുക, ഉപവാസം അനുഷ്ഠിക്കുക തുടങ്ങിയവയ്ക്കാണ് അദ്ദേഹം മുന്‍തൂക്കം കൊടുത്തിരുന്നത്. ആരെയും ആകര്‍ഷിക്കുന്ന നല്ല സ്വഭാവക്കാരനായിരുന്ന എഡ്വേര്‍ഡിന്റെ വിനയവും എളിമയും ഏറെ പ്രസിദ്ധമായിരുന്നു. ഹാര്‍ഡി കനൂട്ടിന്റെ മരണശേഷമാണ് എഡ്വേര്‍ഡും ആല്‍ഫ്രഡും പിന്നീട് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. എന്നാല്‍ അവരെത്തുന്നതിനു മുന്‍പു തന്നെ കനൂട്ടിന്റെ മകനായ ഹാരോള്‍ഡ് നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഹാരോള്‍ഡിന്റെ ആക്രമണത്തില്‍ ആല്‍ഫ്രഡ് കൊല്ലപ്പെട്ടു. എഡ്വേര്‍ഡ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ആരുടെയെങ്കിലും ഒരു തുള്ളി രക്തം ചിന്തിയിട്ട് രാജാവാകാന്‍ താനില്ലെന്നായിരുന്നു എഡ്വേര്‍ഡ് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെതന്നെ സിംഹാസനം അദ്ദേഹത്തെ തേടിവന്നു. നാല്പതാമത്തെ വയസില്‍ ജനങ്ങള്‍ അദ്ദേഹത്തെ ഇംഗ്ലണ്ടിന്റെ രാജാവാക്കി.വിശുദ്ധമായ തേജസോടെ അദ്ദേഹം ഇംഗ്ലണ്ട് ഭരിച്ചു.

രാജാവായ ശേഷം പ്രഭുക്കന്‍മാരുടെയും ജനങ്ങളുടെയും നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം വിവാഹം കഴിച്ചുവെങ്കിലും ലൈംഗികമോഹങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാതെ അവരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാനാണ് രാജാവ് ശ്രമിച്ചത്. ഒരിക്കല്‍ തന്റെ സേവകരില്‍ ഒരാള്‍ സ്വര്‍ണം മോഷ്ടിക്കുന്നത് അദ്ദേഹം കണ്ടു. പിന്നീട് രണ്ടു തവണ കൂടി ഇയാള്‍ സ്വര്‍ണം മോഷിച്ചു. തന്നെക്കാള്‍ സ്വര്‍ണത്തിന് ആവശ്യം അവനായിരിക്കും എന്നാണ് എഡ്വേര്‍ഡ് ചിന്തിച്ചത്. അവനെ ശിക്ഷിക്കാതെ അദ്ദേഹം വെറുതെ വിട്ടു. ഇംഗ്ലണ്ടിനു സമൃദ്ധിയുടെ കാലമായിരുന്നു അത്. ജനകീയ ഭരണം തന്നെ എഡ്വേര്‍ഡ് കാഴ്ച വച്ചു. അനാവശ്യ നികുതികളെല്ലാം നിര്‍ത്തലാക്കി. പാവപ്പെട്ടവരെ സഹായിക്കുവാനുള്ള പദ്ധ തികള്‍ നടപ്പിലാക്കി. രോഗികളും സാധുക്കളും രാജാവിനെ സന്ദര്‍ശിക്കുവാന്‍ എത്തുമായിരുന്നു. നിരവധി രോഗികളെ അദ്ദേഹം പ്രാര്‍ഥനയിലൂടെ സുഖപ്പെടുത്തി. എഡ്വേര്‍ഡിനെ സ്പര്‍ശിക്കുന്ന മാത്രയില്‍ രോഗങ്ങള്‍ സുഖപ്പെടുമായിരുന്നുവെന്നും പറയപ്പെടുന്നു. 25 വര്‍ഷം ഇംഗ്ലണ്ട് ഭരിച്ച എഡ്വേര്‍ഡ് നിരവധി ദേവാലയങ്ങള്‍ പണിതു. തകര്‍ന്നുപോയവ പുന:രുദ്ധരിച്ചു. 1066 ല്‍ തന്റെ 63-ാം വയസില്‍ അദ്ദേഹം മരിച്ചു. 1161 ല്‍ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

Comments