ഒക്ടോബര്‍ 16 : വി. ജെറാഡ് മജെല്ല (1725-1755)

ഇറ്റലിയിലെ മുറോയില്‍ ജനിച്ച ജെറാഡ് ഒരു തയ്യല്‍ക്കാരന്റെ മകനായിരുന്നു. ജെറാഡിനു പന്ത്രണ്ടു വയസു പ്രായമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ദരിദ്രരായ ആ കുടുംബത്തിന്റെ ഏക ആശ്രയം ആ തയ്യല്‍ക്കാരന്റെ വരുമാനമായിരുന്നു. പിന്നീട് വളരെ കഷ്ടപ്പെട്ടാണ് ജെറാഡിന്റെ കുടുംബം ഒരോ ദിവസവും തള്ളിനീക്കിയത്. ദരിദ്ര രായിരുന്നുവെങ്കിലും ദൈവത്തിന്റെ പ്രത്യേക കാരുണ്യം ആ കുടുബത്തിന്റെ മേലുണ്ടായിരുന്നു. അച്ഛന്റെ സഹായിയായി നിന്ന് തയ്യല്‍ പഠിച്ചിരുന്നതിനാല്‍ പട്ടിണി കിടന്നു മരിക്കാതെ കുടുംബം പോറ്റാന്‍ ജെറാഡിനു കഴിഞ്ഞു. പുരോഹിതനാകണമെന്ന ആഗ്രഹവുമായി കപ്യൂച്ചിയന്‍ സഭയെ സമീപിച്ചുവെങ്കിലും പ്രായം തികഞ്ഞില്ലെന്ന പേരില്‍ അവര്‍ തിരിച്ചയച്ചു.




പിന്നീട് ലാസിഡോണിയയിലെ ബിഷപ്പിന്റെ വീട്ടില്‍ വേലക്കാരനായി ജെറാഡ് ജോലിനോക്കി. ബിഷപ്പ് മരിച്ചപ്പോള്‍ തിരികെ വന്ന് തയ്യല്‍ജോലികള്‍ പുന:രാരംഭിച്ചു. ജെറാഡ് ദൈവത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു. സമൃദ്ധമായി വരങ്ങള്‍ നല്‍കി ദൈവം അദ്ദേഹ ത്തെ അനുഗ്രഹിച്ചു. ജെറാഡിന്റെ സ്പര്‍ശനത്താല്‍ രോഗങ്ങള്‍ സുഖപ്പെട്ടു. സംഭവിക്കാനിരി ക്കുന്ന കാര്യങ്ങള്‍ അദ്ദേഹം മുന്‍കൂട്ടി പ്രവചിച്ചു. ഒരു പുരോഹിതനല്ലാതിരുന്നിട്ടും അദ്ദേഹ ത്തിന്റെ ഉപദേശങ്ങള്‍ തേടുവാന്‍ വൈദികരും കന്യാസ്ത്രീകളും എത്തുമായിരുന്നു. 1752 ല്‍ ജെറാഡ് വി. അല്‍ഫോന്‍സസ് ലിഗോരിയുടെ (ഓഗസ്റ്റ് ഒന്നിലെ വിശുദ്ധന്‍) ശിഷ്യത്വം സീകരിച്ചു. നിരവധി പേരെ യേശുവിന്റെ വഴിയിലേക്ക് കൊണ്ടുവരാനും പാപത്തില്‍ മുഴുകി ജീവിച്ചവരെ നേര്‍വഴിക്കു കൊണ്ടുവരാനും ജെറാഡിനു സാധിച്ചു.

ജീവിതത്തില്‍ അഭിമൂഖീ കരിക്കേണ്ടി വരുന്ന പരീക്ഷണങ്ങളെയെല്ലാം നേരിടേണ്ടത് എങ്ങനെയെന്ന് സ്വന്തം ജീവിതത്തി ലൂടെ അദ്ദേഹം കാണിച്ചുതന്നു. ഒരിക്കല്‍ അവിവാഹിതയായ നെറിയ കാജിയാനോ എന്ന സ്ത്രീ ഗര്‍ഭിണിയായി. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ അച്ഛന്‍ ജെറാഡാണെന്ന് ആ സ്ത്രീ പറഞ്ഞു. ആരോപണങ്ങളുമായി വന്നവരോട് ജെറാഡ് ഒരക്ഷരം പോലും പറഞ്ഞില്ല. അദ്ദേഹം നിശ്ശബ്ദനായി ഇരുന്നതേയുള്ളു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ത്രീ താന്‍ കളവാണു പറഞ്ഞതെന്ന് വെളിപ്പെടുത്തി. ജെറാഡിനോട് അവര്‍ മാപ്പിരന്നു. ജെറാഡിനെ സംശയിച്ചവരൊക്കെ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ എന്തുകൊണ്ട് അവ നിക്ഷേധിച്ചില്ലെന്ന് ജെറാഡിനോട് വി. അല്‍ഫോന്‍സസ് ചോദിച്ചു. നിശ്ശബ്ദനായി സഹിക്കുന്നതാണ് ദൈവഹിതം എന്നായിരുന്നു ജെറാഡിന്റെ മറുപടി. ജെറാഡ് ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം വിശ്വാസികള്‍ അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. അവര്‍ക്ക് ആശ്വാസമേകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 29 വയസു മാത്രമായിരുന്നു ആ വിശുദ്ധന്റെ ആയുസ്. ക്ഷയരോഗം ബാധിച്ച് അദ്ദേഹം മരിച്ചു. 1904 ല്‍ പോപ് പയസ് പത്താമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments