പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രം ആദ്യമായി വരച്ച ചിത്രകാരന്‍ സുവിശേഷകനായ ലൂക്കായാണെന്നാണ് വിശ്വാസം. ചിത്രകാരന്‍, വൈദ്യന്‍, ഗ്രന്ഥരചയിതാവ്, സുവിശേഷപ്രവര്‍ത്തകന്‍ അങ്ങനെ പലതലങ്ങളില്‍ ലൂക്കാ ആദിമക്രൈസ്തവ സഭയുടെ കാലത്ത് തന്റെ സാന്നിധ്യം അറിയിച്ചു. ഗ്രീക്ക് ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന മാതാപിതാക്കളുടെ മകനായി അന്ത്യോക്യയിലാണു ലൂക്കാ ജനി ച്ചത്. ലൂക്കായുടെ മാതാപിതാക്കള്‍ അടിമകളായിരുന്നുവെന്ന് കരുതപ്പെടുന്നു. ക്രിസ്തുമതത്തി ലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യ വിജാതീയരില്‍ ഒരാളായിരുന്നു ലൂക്കാ.
ലൂക്കായ്ക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചു. അന്ത്യോക്യയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. വൈദ്യനായി കുറെനാള്‍ കപ്പലില്‍ ജോലി നോക്കി. യാത്രകള്‍ക്കിടയില്‍ ഗ്രീസിലും ഈജിപ്തിലും മറ്റും സന്ദര്‍ശനം നടത്തി. പുതിയ അറിവ് നേടാനുള്ള മാര്‍ഗമായാണ് അദ്ദേഹം യാത്രകളെ കണ്ട ത്. അവിടെനിന്നെല്ലാം കിട്ടാവുന്ന വിദ്യാഭ്യാസം അദ്ദേഹം നേടി. ട്രോവാസില്‍ നിന്നു ഫിലിപ്പിയാ യിലേക്ക് പോകും വഴിയാണ് വി. പൗലോസ് ശ്ലീഹാ ലൂക്കായെ പരിചയപ്പെടുന്നത്. പൗലോസിന്റെ വാക്കുകള്‍ ലൂക്കായെ യേശുവിലേക്ക് അടുപ്പിച്ചു. പിന്നീട് പൗലോസ് ശ്ലീഹായ്‌ക്കൊപ്പം ലൂക്കാ പ്രേഷിത യാത്രകള്‍ നടത്തി. കൊളോസോസിനുള്ള ലേഖനത്തില്‍ 'നമ്മുടെ പ്രിയങ്കരനായ ഭിഷ്വഗരന്‍ ലൂക്കാ' എന്നാണ് പൗലോസ് ശ്ലീഹാ അദ്ദേഹത്തെ വിളിക്കുന്നത്. (കൊളോ 4:14) പൗലോസ് ശ്ലീഹാ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുമ്പോഴും പിന്നീട് അദ്ദേഹത്തിന്റെ മരണ സമയത്തും ലൂക്കാ കൂടെയുണ്ടായിരുന്നു.
മൂന്നാമത്തെ സുവിശേഷത്തിന്റെയും നടപടി പുസ്തകത്തിന്റെയും രചയിതാവാണ് ലൂക്കാ. തെയോഫിലോസ് എന്ന സുഹൃത്തിന് എഴുതുന്ന പോലെയാണ് ഈ രണ്ടു പുസ്തകങ്ങളും അദ്ദേഹം എഴുതിയത്. മര്‍ക്കോസിന്റെ സുവിശേഷമാണ് അടിസ്ഥാനമാക്കിയതെങ്കിലും മര്‍ക്കോ സിന്റെ സുവിശേഷത്തിലില്ലാത്ത പല കാര്യങ്ങളും ലൂക്കാ എഴുതുന്നുണ്ട്. യേശുവിന്റെ മാതാവായ മറിയത്തെ സന്ദര്‍ശിച്ച് സംസാരിച്ച ശേഷമാണ് ലൂക്കാ സുവിശേഷം എഴുതിയതെന്ന് കരുതപ്പെടുന്നു. മറിയത്തിന്റെ ചിത്രം ആദ്യമായി വരച്ചത് ലൂക്കായാണെന്നതും മാതാവിന്റെ സങ്കീര്‍ത്തനം സുവിശേഷത്തിലുണ്ട് എന്നതും ഈ വിശ്വാസത്തിനു ശക്തിപകരുന്നു. യേശുവിന്റെയും സ്‌നാപകയോഹന്നാന്റെയും ബാല്യകാലവും ലൂക്കാ അവതരിപ്പിക്കുന്നുണ്ട്.
പൗലോസ് ശ്ലീഹാ യേശുവിനെ കുറിച്ചു പറഞ്ഞ കാര്യങ്ങവും മര്‍ക്കോസിന്റെ സുവിശേഷവും അടിസ്ഥാനമാക്കിയാവും അദ്ദേഹം സുവിശേഷമെഴുതിയത്. എ.ഡി. 60 ല്‍ അക്കയായില്‍ വച്ചാണ് സുവിശേഷം എഴുതപ്പെട്ടതെന്നാണ് ചരിത്രപണ്ഡിതന്‍മാര്‍ കരുതുന്നത്. യഹൂദനല്ലായിരുന്നു എന്നതിനാല്‍ വിജാതീയരെ മനസില്‍ കണ്ടാണ് അദ്ദേഹം രചന നിര്‍വഹിച്ചത്. ഇറ്റലിയിലും ഫ്രാന്‍സിലും മാസിഡോണിയായിലും ലൂക്കാ സുവിശേഷം പ്രസംഗിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെന്നും ചില വാദങ്ങളുണ്ട്. എ.ഡി. 74 ല്‍ ഗ്രീസില്‍ വച്ച് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു എന്നും അതല്ല, സാധാരണ മരണമായിരുന്നുവെന്നും രണ്ടു പക്ഷമുണ്ട്.
Comments
Post a Comment