ഒക്ടോബര്‍ 21 : രക്തസാക്ഷികളായ വി. ഉര്‍സുളയും 11000 കന്യകമാരും (നാലാം നൂറ്റാണ്ട്)

ഉര്‍സുള എന്ന വിശുദ്ധയുടെയും അവളുടെ കൂടെ രക്തസാക്ഷിത്വം വരിച്ച 11000 കന്യകമാരുടെയും കഥ അവിശ്വസനീയമായി തോന്നാം. ഏതോ ഒരു നാടോടിക്കഥ എന്നു പറഞ്ഞു തള്ളിക്കളയുകയുമാവാം. പക്ഷേ, ഈ നാടോടിക്കഥയിലും സത്യമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. ഇംഗ്ലണ്ടിലെ കോര്‍ണവേയിലെ ക്രൈസ്തവ വിശ്വാസിയായ രാജാവ് ഡിംനോക്കിന്റെ മകളായിരുന്നു ഉര്‍സുള. സുന്ദരിയായ രാജകുമാരിക്ക് ഉത്തമവിദ്യാഭ്യാസം തന്നെ രാജാവ് നല്‍കി. യേശുവില്‍ നിറഞ്ഞ ഭക്തിയോടെ അവള്‍ വളര്‍ന്നു വന്നു. പ്രായത്തില്‍ കവിഞ്ഞ പക്വത ഉര്‍സുളയ്ക്കുണ്ടായിരുന്നു.




തന്റെ ജീവിതം യേശുവിന്റെ മണവാട്ടിയായി ജീവിക്കുവാനുള്ളതാണെന്ന് അവള്‍ ശപഥം ചെയ്തു. എന്നാല്‍, മകളെ അര്‍മോറികയിലെ വിജാതീയനായ രാജാവിനു വിവാഹം ചെയ്തു കൊടുക്കാ മെന്ന് ഡിംനോക്ക് രാജാവ് വാക്കു കൊടുത്തിരുന്നു. അദ്ദേഹം ഉര്‍സുളയെ വിവാഹത്തിനു നിര്‍ബന്ധിച്ചു. ഉര്‍സുള തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ മകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം മൂന്നു മാസത്തെ സമയം കൊടുത്തു. വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ചശേഷം മൂന്നു മാസം കൊണ്ട് തിരികെയെത്തി തീരുമാനം അറിയിക്കാമെന്ന് ഉര്‍സുളയും സമ്മതിച്ചു. ഉര്‍സുള യുടെ യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും രാജാവ് ഒരുക്കി. പതിനൊന്നു കപ്പലുകള്‍. ഒരു കപ്പലില്‍ ഉര്‍സുളയും ആയിരം തോഴിമാരും. മറ്റ് 10 കപ്പലുകളിലായി 10000 കന്യകകളായ തോഴിമാര്‍. രാജ്യം ഒത്തുചേര്‍ന്ന് അവര്‍ക്ക് യാത്രയയപ്പു നല്കി.

കപ്പല്‍സംഘം ജര്‍മന്‍ തീരത്ത് എത്താറായപ്പോള്‍ വന്‍കൊടുങ്കാറ്റ് ആരംഭിച്ചു. കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകിനടന്നു. ഉര്‍സുളയുടെ ഭക്തിയും പ്രാര്‍ഥനയുമാണ് എല്ലാവര്‍ക്കും ധൈര്യം പകര്‍ന്നുകൊടുത്തത്. ഒട്ടും ഭയപ്പെടാതെ യേശുവില്‍ ഉറച്ച് വിശ്വസിച്ച് അവള്‍ മറ്റുള്ളവരെ സംരക്ഷിച്ചു. തന്റെ കൂടെ യാത്ര ചെയ്തിരുന്ന എല്ലാവരെയും യേശുവിന്റെ നാമത്തിന്റെ ശക്തി അവള്‍ ബോധ്യപ്പെടുത്തിക്കൊടുത്തു. ഒടുവില്‍ റെയിന്‍ നദിക്കു സമീപമുള്ള തുറമുഖത്ത് കപ്പല്‍ എത്തിച്ചേര്‍ന്നു. കാട്ടുജാതിക്കാരായ ഒരു വിഭാഗത്തിന്റെ അധീനതയിലുള്ള പ്രദേശമായിരുന്നു അത്. അവരുടെ രാജകുമാരന്‍ ഉര്‍സുളയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് അവളെ സ്വന്തമാക്കാന്‍ ശ്രമിച്ചു. ഉര്‍സുള അയാളുടെ മോഹനവാഗ്ദാനങ്ങളില്‍ പതിച്ചില്ല.

തന്റെ ജീവിതം യേശുവിനു വേണ്ടി നീക്കിവച്ചിരിക്കുന്നതാണെന്നും ഒരു ശക്തിക്കും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അവള്‍ പറഞ്ഞു. ക്ഷുഭിതരമായ കാട്ടുവര്‍ഗക്കാര്‍ ഉര്‍സുളയെ കൊലപ്പെടുത്തി. അവള്‍ക്കൊപ്പ മുണ്ടായിരുന്ന പതിനായിരത്തോളം കന്യകമാരും വിശ്വാസത്തില്‍ അടിയുറച്ച് നിന്ന് മരണം ഏറ്റുവാങ്ങി. ഉര്‍സുളയുടെ കഥയ്ക്ക് പല വകഭേദങ്ങളുമുണ്ട്. ഉര്‍സുളയുടെയും കൂട്ടരുടെയും കപ്പല്‍ യാത്രയുടെ ലക്ഷ്യം സംബന്ധിച്ചാണ് കഥകളേറെയും. മകളുടെ നിത്യകന്യത്വ ശപഥം മാറ്റിയെടുക്കുന്നതിനുവേണ്ടി രാജാവ് തന്നെ ഉര്‍സുളയെ സര്‍വ ആര്‍ഭാടങ്ങളും ആഡംബരങ്ങളും ഒരുക്കിയ കപ്പലില്‍ ഉല്ലാസയാത്രയ്ക്ക് വിടുകയായിരുന്നുവെന്നതാണ് അതിിലൊന്ന്.

ഉര്‍സുളയെ വിവാഹം ചെയ്യാനിരിക്കുന്ന രാജാവിന്റെ കൊട്ടാരത്തിലേക്ക് അവളെ യാത്രയാക്കുകയായി രുന്നുവെന്നും റോമന്‍ ചക്രവര്‍ത്തിയുടെ ആക്രമണം ഭയന്ന് ഉര്‍സുളയെയും രാജ്യത്തിലെ മറ്റു കന്യകമാരെയും സുരക്ഷിത സ്ഥാനത്തേക്ക് അയയ്ക്കുകയായിരുന്നുവെന്നും രണ്ടു കഥകള്‍കൂടിയുണ്ട്. ഉര്‍സുളയ്‌ക്കൊപ്പം മരിച്ചത് 11000 കന്യകമാരല്ല, 11 പേര്‍ മാത്രമാണെന്നും വാദമുണ്ട്. മരണം സംബന്ധിച്ച് കഥകള്‍ പലതുണ്ട്. എന്നു ജനിച്ചെന്നോ എന്നു മരിച്ചെന്നോ കൃത്യമായ വിവരങ്ങളില്ല. ഇങ്ങനെ പലവിധ കാരണങ്ങളാല്‍ കത്തോലിക്ക സഭ വിശുദ്ധരുടെ ഔദ്യോഗിക പട്ടികയില്‍ നിന്ന് ഉര്‍സുളയെ നീക്കുക പോലും ചെയ്തു. പക്ഷേ, ഉര്‍സുളയുടെ മാധ്യസ്ഥത യാചിച്ച് പ്രാര്‍ഥിക്കുന്നതിനോ അവരുടെ നാമത്തിലുള്ള ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ വിലക്കില്ല. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന വിശുദ്ധരിലൊരാളാണ് ഉര്‍സുള. ഉര്‍സുലീന്‍ സന്യാസസഭ ഈ വിശുദ്ധയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു.

Comments