ഒക്ടോബര്‍ 23 : വി. ജോണ്‍ കപ്പിസ്ട്രാനോ ( 1386-1456)

ജര്‍മനിയില്‍ ഉയര്‍ന്ന സൈനികപദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന്റെ മകനായാണ് ജോണ്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലത്തു തന്നെ പിതാവ് മരിച്ചു. എങ്കിലും മികച്ച വിദ്യാഭ്യാസം നേടാന്‍ ജോണിനു കഴിഞ്ഞു. നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം ഇറ്റലി യിലെ നേപ്പിള്‍സിലെ അഭിഭാഷകജോലി ചെയ്തു. നേപ്പിള്‍സിലെ ലാന്‍ഡിസ്ലാസ് രാജാവിന്റെ കാലത്ത് പെറുഗിയയിലെ ഗവര്‍ണറായി ജോണ്‍ നിയമിതനായി. അക്കാലത്ത് ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജോണ്‍ തടവുകാരനായി പിടിക്കപ്പെട്ടു. അതുവരെയും യേശുവിന്റെ യഥാര്‍ഥ സ്‌നേഹം അനുഭവിക്കാതെ ജീവിച്ച ജോണിന് ജയില്‍ജീവിതം പുതിയൊരു തുടക്കമായി. തന്റെ ജീവിതം യേശുവിനു വേണ്ടി പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ അദ്ദേഹം തീരുമാനമെടുത്തു.




ജോണ്‍ യുദ്ധത്തിനു പുറപ്പെടുന്നതിനു തൊട്ടു മുന്‍പായിരുന്നു അദ്ദേഹത്തി ന്റെ വിവാഹം. അതിനാല്‍, ഭാര്യയോടൊത്ത് സഹവസിക്കുന്നതിന് ജോണിനു കഴിഞ്ഞിരുന്നില്ല. ജയില്‍മോചിതനായി തിരികെയെത്തിയപ്പോള്‍ അദ്ദേഹം ഭാര്യയോട് യേശുവിനു വേണ്ടി ജീവിക്കുവാനുള്ള തന്റെ പുതിയ തീരുമാനം അറിയിച്ചു. ഭാര്യയുടെ അനുമതിയോടെ അദ്ദേഹം വിവാഹബന്ധം വേര്‍പ്പെടുത്തി, ഫ്രാന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്നു. നാലാം വര്‍ഷം അദ്ദേഹം പുരോഹിതനായി. വിശുദ്ധരായ സിയന്നയിലെ ബെര്‍ണമാഡീന്‍ (മേയ് 20 ലെ വിശുദ്ധന്‍) മാര്‍ച്ചസിലെ ജയിംസ് എന്നിവരുടെ സഹപ്രവര്‍ത്തകനായിരുന്നു. ജോണിന്റെ പ്രസംഗപാടവം അതുല്യമായിരുന്നു.

അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനെത്തുന്ന വര്‍ക്ക് ദൈവികമായ അനുഭൂതി പകര്‍ന്നുകിട്ടുമായിരുന്നു. ധാരാളം പേര്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ച് യേശുവിനെ നാഥനും ദൈവവുമായി സ്വീകരിച്ചു. ജോണിന്റെ പ്രസംഗം കേള്‍ക്കാന്‍ ഒരു യോഗത്തിനു തന്നെ അരലക്ഷത്തിലേറെ ആളുകള്‍ എത്തുമായിരുന്നു. നിരവധി പേര്‍ക്ക് രോഗസൗഖ്യം പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കഴിഞ്ഞു. സഭാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയും വിശ്വാസം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാക്കുന്നതിനു വേണ്ടിയും നിരവധി തവണ മാര്‍പാപ്പമാര്‍ ജോണിനെ ദൂതനായി പല സ്ഥലങ്ങളിലേക്കും അയച്ചിരുന്നു. തുര്‍ക്കികള്‍ക്കെതിരെയുള്ള കുരിശുയുദ്ധത്തിനു നേതൃത്വം കൊടുക്കാനും ജോണ്‍ ചുമതലപ്പെട്ടു. എഴുപതിനായിരത്തോളം ക്രൈസ്തവ ഭടന്‍മാര്‍ക്ക് നേതൃത്വം കൊടുത്ത് യുദ്ധത്തിനിറങ്ങിയ ജോണ്‍ ബെല്‍ഗ്രേഡിലെ യുദ്ധം വിജയിക്കുകയും ചെയ്തു. യുദ്ധത്തിനിടയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണവും. 1690 ല്‍ പോപ് അലക്‌സാണ്ടര്‍ എട്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments