ഒക്ടോബര്‍ 3 : വി. ജെറാഡ് (895-959)

ബെല്‍ജിയത്തിലെ നാമൂറില്‍ ഒരു കുലീനകുടുംബത്തില്‍ ജനിച്ച ജെറാഡ് സൈനികനായി തീരേണ്ടവനായിരുന്നു. എന്നാല്‍, യേശുവിന്റെ പടയാളിയായി മാറുകയാണ് അദ്ദേഹം ചെയ്തത്. യുവാവായിരിക്കെ സൈനിക പരിശീലനം ലഭിച്ചുവെങ്കിലും അവന്റെ താത്പര്യം ആയുധങ്ങളിലോ യുദ്ധത്തിലോ ആയിരുന്നില്ല. എപ്പോഴും ഒറ്റയ്ക്കിരുന്ന് പ്രാര്‍ഥിക്കുവാനാണ് അദ്ദേഹം ഇഷ്ടപ്പെ ട്ടത്. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും സംസാരരീതികളുമായിരുന്നു ജെറാഡിന്. മധുര മുള്ള വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ നാവില്‍നിന്നു പുറത്തുവന്നിരുന്നത്.



അതുകൊണ്ട് തന്നെ സൈനികനായി മാറിയശേഷം ജെറാഡിനു ലഭിച്ച ആദ്യ ചുമതല ദൂതുപോകാനായിരുന്നു. നാമൂറിലെ പ്രഭു ഒരു സന്ദേശവുമായി അദ്ദേഹത്തെ ഫ്രഞ്ച് രാജാവിന്റെ പക്കലേക്ക് അയച്ചു. ഫ്രാന്‍സിലെത്തിയപ്പോള്‍ അദ്ദേഹം വി. ഡെനിസ്സിന്റെ ആശ്രമം സന്ദര്‍ശിച്ചു. അവിടുത്തെ രീതികളും പ്രാര്‍ഥനയുടെ അന്തരീക്ഷവും ജെറാഡിന് ഇഷ്ടമായി. അതോടെ തന്റെ വീടും നാടും തൊഴിലും അദ്ദേഹം മറന്നു. അവിടെ തന്നെ താമസിക്കാന്‍ തുടങ്ങി. ബെനഡിക്ടന്‍ സഭയുടെ ആശ്രമമായിരുന്നു അത്. ആശ്രമരീതികളോട് വളരെ വേഗം ജെറാഡ് പൊരുത്തപ്പെട്ടുവെങ്കിലും കുറച്ചുനാളുകള്‍ കഴിഞ്ഞതോടെ അദ്ദേഹം അസ്വസ്ഥനാകാന്‍ തുടങ്ങി. ആശ്രമത്തിലെ അച്ചടക്കമില്ലായ്മ അദ്ദേഹത്തിന് സഹിക്കാനായില്ല. തന്റെ ജീവിതത്തിലൂടെ അതു മറ്റു സന്യാസികള്‍ക്കും പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

ജെറാഡിന്റെ ചിട്ടയോടെയുള്ള ജീവിതവും പ്രാര്‍ഥനാരീതികളും മറ്റു പുരോഹിതരെ അവനിലേക്ക് ആകര്‍ഷിച്ചു. കണ്ണുകളടച്ച്ച്ച കണ്ണീരൊഴുക്കിയുള്ള പ്രാര്‍ഥന കാണുന്നവര്‍ക്ക് യഥാര്‍ഥ ഭക്തി എന്തെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. 22 വര്‍ഷത്തോളം ജെറാഡ് ആശ്രമത്തില്‍ ജീവിച്ചു. അതിനു ശേഷം അദ്ദേഹം ജന്മനാട്ടിലേക്ക് തിരികെപോയി. അവിടെ സ്ഥലം വാങ്ങി പുതിയൊരു ആശ്രമം സ്ഥാപിച്ചു. ബെനഡിക്ടന്‍ നിയമങ്ങളനുസരിച്ചായിരുന്നു അദ്ദേഹം തന്റെ ആശ്രമത്തെ മുന്നോട്ടുകൊണ്ടുപോയത്. മറ്റു സന്യാസസമൂഹങ്ങളുടെ അധിപന്‍മാര്‍ അദ്ദേഹത്തെ വിളിച്ച് അവരുടെ ആശ്രമങ്ങളിലും ജെറാഡിന്റെ രീതികള്‍ കൊണ്ടുവരാന്‍ താത്പര്യം പ്രകടിപ്പിക്കുമായിരുന്നു. സന്തോഷപൂര്‍വം ആ ചുമതലകള്‍ അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തുപോന്നു. അവസാന കാലത്ത് അദ്ദേഹം താന്‍ സ്ഥാപിച്ച ആശ്രമത്തിലേക്ക് തിരികെ പോകുകയും മരണം വരെ അവിടെ കഴിയുകയും ചെയ്തു.

Comments