നവംബര്‍ 11 : ടൂര്‍സിലെ വി. മാര്‍ട്ടിന്‍ (316-397)

വിശുദ്ധരിലെല്ലാം പൊതുവായി കാണുന്ന സ്വഭാവഗുണങ്ങളിലൊ ന്നാണ് അനുകമ്പ. എല്ലാവരും ദൈവത്തിന്റെ മക്കളും സ്വര്‍ഗരാജ്യ ത്തിനു തുല്യ അവകാശികളുമാണെന്നു തിരിച്ചറിവ് നേടുമ്പോള്‍ മാത്രമേ ഒരാള്‍ വിശുദ്ധിയിലേക്ക് അടുക്കുകയുള്ളു. സഹജീവികളെ സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി ജീവിക്കുകയും ചെയ്ത ടൂര്‍സിലെ വി. മാര്‍ട്ടിന്‍ അനുകമ്പ, ഉപവി എന്നീ സ്വര്‍ഗീയ പുണ്യ ങ്ങളുടെ ഉടമയായിരുന്നു. ഇറ്റലിയിലെ പാവിയായിലാണ് വളര്‍ന്നതെങ്കിലും മാര്‍ട്ടിന്‍ ജനിച്ചത് പന്നോണിയായിലായിരുന്നു (ഇന്നത്തെ ഹംഗറിയിലുള്ള ഒരു സ്ഥലം). അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വിജാതീയരും യേശു വിന്റെ നാമം കേട്ടിട്ടില്ലാത്തവരുമായിരുന്നു. റോമന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു പിതാവ്. മകനെയും ഒരു സൈനിക ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, മാര്‍ട്ടിന്‍ വ്യത്യസ്തനായിരുന്നു.



ബാലനായിരിക്കെ യേശുവിനെ കുറിച്ചു കേട്ടറിഞ്ഞ നാള്‍ മുതല്‍ അവന്‍ തന്റെ വീടിനു സമീപത്തുള്ള ദേവാലയത്തില്‍ പോകുമായി രുന്നു. ക്രിസ്തുമതത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും കൂടുതല്‍ മനസിലാക്കുവാന്‍ മാര്‍ട്ടിന്‍ ശ്രമിച്ചു. പതിനഞ്ചാമത്തെ വയസില്‍ മാര്‍ട്ടിന്‍ പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സൈന്യത്തി ല്‍ ചേര്‍ന്നു. റോമന്‍ ചക്രവര്‍ത്തിയുടെ അംഗരക്ഷകനായാണ് അദ്ദേഹം ജോലി നോക്കിയത്. സൈനികജോലിക്കിടയിലും ക്രൈസ്തവ മൂല്യങ്ങള്‍ മാര്‍ട്ടിന്‍ കാത്തുപരിപാലിച്ചിരുന്നു. സാധുക്ക ളോടുള്ള സ്‌നേഹം മറ്റൊരു സൈനികനിലും ഇല്ലാത്ത വിധം തീവ്രമായിരുന്നു. ഒരിക്കല്‍ തന്റെ ഔദ്യോഗിക വേഷമണിഞ്ഞ് കുതിരപ്പുറത്ത് വരികയായിരുന്ന മാര്‍ട്ടിന്‍ വഴിയരികില്‍ ഉടുതുണി പോലുമില്ലാതെ തണുത്തുവിറച്ചു കിടന്നിരുന്ന ഒരു ഭിക്ഷക്കാരനെ കാണാനിടയായി. മാര്‍ട്ടിന്റെ കൈയില്‍ അയാള്‍ക്കു നല്‍കാന്‍ പണമോ വസ്ത്രമോ അപ്പോള്‍ ഉണ്ടായിരുന്നില്ല. തന്റെ ഔദ്യോഗിക മേലങ്കി അദ്ദേഹം രണ്ടായി കീറിയെടുത്ത് ഒരു ഭാഗം ആ സാധുവിനു നല്‍കി. അന്നു രാത്രി മാര്‍ട്ടിന്‍ ഒരു സ്വപ്നം കണ്ടു. താന്‍ ഭിക്ഷക്കാരനു നല്‍കിയ മേലങ്കിയണിഞ്ഞ് യേശു ക്രിസ്തു നില്‍ക്കുന്നു.!

ഈ സംഭവത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ മാമോദീസ മുങ്ങി ക്രിസ്ത്യാനിയായി. ആ സമയത്ത് ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ആരെയും കൊല്ലുവാന്‍ ക്രൈസ്തവനായ തനിക്കു കഴിയുകയില്ലെന്നു മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു. ഉത്തരവാദിത്വലംഘനത്തിന്റെ പേരില്‍ അദ്ദേഹത്തെ ജയിലിലടച്ചു. യുദ്ധരംഗത്തേക്ക് മാര്‍ട്ടിനെ ഇറക്കിവിടാനായിരുന്നു അധികാരികളുടെ പദ്ധതി. എന്നാല്‍, ശത്രുരാജ്യം പിന്മാറിയതോടെ യുദ്ധം ഉണ്ടായില്ല. മാര്‍ട്ടിനെ സൈന്യത്തില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. പോയിറ്റിയേഴ്‌സിലെ വി. ഹിലാരിയുടെ ആത്മീയ ശിഷ്യനായാണ് മാര്‍ട്ടിന്‍ പിന്നീട് ജീവിച്ചത്. ഒരിക്കല്‍ തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനു വേണ്ടി ദൂരയാത്ര ചെയ്യവേ കൊള്ളക്കാര്‍ മാര്‍ട്ടിനെ ആക്രമിച്ചു. പണവും വസ്ത്രങ്ങളും തട്ടിയെടുത്തു. എന്നാല്‍ അവരിലൊരാളെ മാര്‍ട്ടിന്‍ മാനസാന്തരപ്പെടുത്തി. മാര്‍ട്ടിന്റെ വാക്കുകള്‍ ആരെയും യേശുവിലേക്ക് അടുപ്പിക്കുമായിരുന്നു. എ.ഡി. 371 ല്‍ മാര്‍ട്ടിന്‍ ടൂര്‍സിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. അവിടെ തന്റെയൊപ്പം നിന്ന ഒരു പറ്റം സന്യാസിമാരുമായി ചേര്‍ന്ന വിജാതീയ വിഗ്രഹാരാധനക്കാരെ മാനസാന്തരപ്പെടുത്തി. വിഗ്രഹങ്ങളും ക്ഷേത്രങ്ങളും നശിപ്പിച്ചു.

തന്റെ ആശ്രമത്തില്‍ നിന്നു പുറത്തിറങ്ങാതെ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുകയാണ് പിന്നീട് മാര്‍ട്ടിന്‍ ചെയ്തത്. തന്റെ കാണാനെത്തുന്നവരോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. നിരവധി അദ്ഭുതപ്രവൃത്തികള്‍ മാര്‍ട്ടിന്‍ വഴി ദൈവം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. ഒരിക്കല്‍ നിരപരാധിയായ ഒരു തടവുകാരനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കാന്‍ മാര്‍ട്ടിന്‍ രാജാവിന്റെ അടുത്തെത്തി. ആ സമയത്ത് ഉറക്കമായിരുന്ന രാജാവിന് സ്വപ്നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും ബിഷപ്പ് മാര്‍ട്ടിന്‍ കാണാനെത്തിയ വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഉണര്‍ന്ന രാജാവ് മാര്‍ട്ടിന്റെ അടുത്തെത്തുകയും തടവുകാരനെ മോചിപ്പിക്കാന്‍ സമ്മതി ക്കുകയും ചെയ്തു. പനി ബാധിച്ചാണ് മാര്‍ട്ടിന്‍ മരിച്ചത്. മരണത്തിനു മാസങ്ങള്‍ക്കു മുന്‍പു തന്നെ തന്റെ മരണദിവസം അദ്ദേഹം സഹായികളോടു പറഞ്ഞിരുന്നു. എ.ഡി. 397ലാണ് വി. മാര്‍ട്ടിന്‍ മരിച്ചത്.

Comments