നവംബര്‍ 16 : അസീസിയിലെ വി. ആഗ്നസ് (1197-1253)

വിശുദ്ധരായ സഹോദരിമാരില്‍ ഒരാളാണ് ആഗ്നസ്. സഹോദരി വിശുദ്ധ ക്ലാരയും (ഓഗസ്റ്റ് 12ലെ വിശുദ്ധ) ആഗ്നസും ചേര്‍ന്ന് രൂപം കൊടുത്ത ക്ലാരസഭ ഇന്ന് ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന സ ന്യാസസമൂഹമാണ്. വി. ഫ്രാന്‍സീസ് അസീസിയാണ് (ഒക്‌ടോബര്‍ നാലിലെ വിശുദ്ധന്‍) ഇരുവര്‍ക്കും വഴികാട്ടിയായി പ്രവര്‍ത്തിച്ചത്. ഇറ്റലിയിലെ അസീസിയിലുള്ള ഒരു പ്രഭുവിന്റെ മൂന്നു പെണ്‍മക്കളാ യിരുന്നു ക്ലാര, ആഗ്നസ്, ബെയാട്രിസ് എന്നിവര്‍. ബാല്യകാലം മുതല്‍ തന്നെ ക്രൈസ്തവ വിശ്വാസത്തിലാണ് ഈ കുട്ടികള്‍ വളര്‍ന്നുവന്നത്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടയായി ക്ലാരയാണ് ആദ്യം ദൈവ വഴി തിരഞ്ഞെടുത്തത്. മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അവള്‍ സന്യാസ ജീവിതം തിരഞ്ഞെടുത്തു.




ദിവസങ്ങള്‍ക്കുള്ളില്‍ ആഗ്നസും ക്ലാരയ്‌ക്കൊപ്പം ചേര്‍ന്നു. ഇതോടെ മാതാപിതാക്കള്‍ അസ്വസ്ഥരായി. അവര്‍ മഠത്തിലെത്തി ആഗ്നസിനെ പിടിച്ചു വലിച്ചു കൊണ്ട് തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍, എല്ലാവരും ചേര്‍ന്ന് വലിച്ചിട്ടും അവളുടെ ശരീരം ഒരു അടി പോലും നീക്കാനാവാത്തവിധം ഭാരമേറിയതായി മാറി. അവളെ മര്‍ദ്ദിക്കുവാന്‍ ശ്രമിച്ച അമ്മാവന്‍ മൊണാള്‍ഡോയുടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. അതോടെ, മക്കളുടെ ഇഷ്ടമാണ് ദൈവത്തിന്റെ ഇഷ്ടമെന്നു തിരിച്ചറിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും പിന്മാറി. ക്ലാരയും ആഗ്നസും ചേര്‍ന്ന് ക്‌ളാരസഭയ്ക്കു രൂപം കൊടുത്തു.

പൂര്‍ണമായും ദൈവിക ചൈതന്യ ത്തില്‍ മുഴുകി ജീവിക്കുന്ന ഒരു പറ്റം സ്ത്രീകളുടെ സമൂഹമായിരുന്നു അത്. മല്‍സ്യമാംസാദികള്‍ പൂര്‍ണമായി വര്‍ജിച്ചു. ചെരുപ്പണിയാതെ നടന്നു. പ്രാര്‍ഥനകളും കഠിനമായി ഉപവാസ ങ്ങളും അനുഷ്ഠിച്ചു. ബെനഡിക്ടന്‍ സന്യാസസഭയിലുണ്ടായിരുന്ന ഒരു സംഘം കന്യാസ്ത്രീകള്‍ ക്ലാരസഭയില്‍ ചേരുവാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഫ്രാന്‍സീസ് അസീസി ആഗ്നസിനെ അവര്‍ക്കു നേതൃത്വം കൊടുക്കുവാനായി ചുമതലപ്പെടുത്തി. ആ ജോലി അവള്‍ സന്തോഷപൂര്‍വം ഏറ്റെടു ത്തെങ്കിലും തന്റെ പ്രിയസഹോദരി ക്ലാരയെ വിട്ടുപിരിഞ്ഞത് ആഗ്നസിനെ വേദനിപ്പിച്ചിരുന്നു.

വടക്കന്‍ ഇറ്റലിയുടെ പല ഭാഗങ്ങളിലും നിരവധി സന്യാസസമൂഹങ്ങള്‍ക്ക് തുടക്കമിടാന്‍ ആഗ്നസിനു കഴിഞ്ഞു. 1253ല്‍ വി. ക്ലാരയുടെ മരണസമയത്ത് ആഗ്നസിനെ തിരികെവിളിച്ചു. ക്ലാരയുടെ മരണശേഷം മൂന്നാം മാസം ആഗ്നസും സഹോദരിക്കൊപ്പം സ്വര്‍ഗരാജ്യത്തിലേക്ക് യാത്രയായി. ആഗ്നസിന്റെ ശവകുടീരത്തില്‍ നിന്ന് നിരവധി അദ്ഭുതങ്ങള്‍ വിശ്വാസികള്‍ക്ക് ലഭിച്ചു. 1753ല്‍ പോപ് ബെനഡിക് പതിനാലാമന്‍ ആഗ്നസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Comments