നവംബര്‍ 17 : ഹംഗറിയിലെ വി. എലിസബത്ത് (1207-1231)

ഹംഗറിയിലെ രാജാവായിരുന്ന ആന്‍ഡ്രൂവിന്റെ മകളായിരുന്നു എലിസബത്ത്. വിശുദ്ധയായിരുന്ന പോര്‍ചുഗലിലെ വി. എലിസബ ത്തിന്റെ (ജൂലൈ നാലിലെ വിശുദ്ധ) ബന്ധു കൂടിയായിരുന്നു എലിസബത്ത് രാജകുമാരി. എല്ലാ കാര്യങ്ങളിലും തന്റെ വല്യമ്മായി യുടെ ജീവിതം മാതൃകയാക്കിയാണ് കൊച്ച് എലിസബത്തും വളര്‍ന്നത്. ദാനധര്‍മമാണ് ഏറ്റവും വലിയ പുണ്യമെന്നു ചെറുപ്രായം മുതല്‍ തന്നെ അവള്‍ തിരിച്ചറിഞ്ഞു. രാജകുമാരി എന്ന നിലയ്ക്ക് അവള്‍ക്കു ലഭിച്ചിരുന്ന സൗകര്യങ്ങളും പണവുമെല്ലാം സാധുക്കള്‍ക്ക് നല്‍കുവാന്‍ ദൈവം തന്നെ പ്രത്യേകമായി ഏല്പിക്കുന്നതാണെന്ന് അവള്‍ വിശ്വസിച്ചിരുന്നു. പതിമൂന്നു വയസുള്ളപ്പോള്‍ എലിസബത്ത് കുറിഞ്ചായിലെ ലൂയിസ് രാജാവിനെ വിവാഹം ചെയ്തു.




പുതിയ കൊട്ടാരത്തിലും അവള്‍ ദാനധര്‍മം കൈവിട്ടില്ല. പാവപ്പെട്ടവരും ഭിക്ഷക്കാരു മായിരുന്നു അവളുടെ കൂട്ടുകാര്‍. വഴിയരികില്‍ രോഗബാധിതരായി ആരുടെയും സഹായം കിട്ടാതെ കിടക്കുന്ന പാവപ്പെട്ടവരെ സഹായിക്കുന്നതിനു വേണ്ടി തനിക്കുവേണ്ടി മാറ്റിവച്ചിരുന്ന ഒരു വലിയ കൊട്ടാരം അവള്‍ ആശുപത്രിയാക്കി മാറ്റി. രോഗികളെയും അനാഥരെയും അവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. ദിവസവും രണ്ടു നേരം അവരെ സന്ദര്‍സിച്ചു. ചീഞ്ഞുപഴുത്ത മുറിവുകള്‍ പോലും സ്വന്തം കൈ കൊണ്ട് കഴുകി വൃത്തിയാക്കി മരുന്നുകള്‍ വച്ചു കൊടുത്തു. തന്റെ ഭര്‍ത്താവിന്റെ ഭരണത്തിനു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം അവര്‍ സഹായവു മായെത്തി. ഭര്‍ത്താവ് തനിക്ക് അനുവദിച്ചു തന്നിരുന്ന തുക മതിയാവാതെ വന്നപ്പോള്‍ വില പിടിപ്പുള്ള സ്വന്തം ആഭരണങ്ങളും വസ്ത്രങ്ങളും വിറ്റ് ആ പണം കൊണ്ട് അവര്‍ സാധുക്കളെ സഹായിച്ചുപോന്നു.

രാജ്ഞിയുടെ ഈ ദാനധര്‍മം കൊട്ടാരത്തിനുള്ളില്‍ പരക്കെ വിമര്‍ശനത്തിനു കാരണമായി. ഭര്‍ത്താവിന്റെ പിന്തുണ അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ അദ്ദേഹവും സംശയാലുവായി. ഒരിക്കല്‍ രാജ്ഞി രഹസ്യമായി ഒരു ഭാണ്ഡം ചുമന്നുകൊണ്ടു പോകുന്നത് രാജാവ് കണ്ടു. അതില്‍ നിറയെ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണപ്പൊതികളായിരുന്നു. അദ്ദേഹം ഭാര്യയുടെ അടുത്തെത്തി ഭാണ്ഡം വാങ്ങി പരിശോധിച്ചു. എന്നാല്‍, അതില്‍ നിറയെ റോസാപുഷ്പങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്. പ്ലേഗും വെള്ളപ്പൊക്കവും ക്ഷാമവും കൂടി ഒന്നിച്ചു ജനങ്ങളെ വലച്ചുതുടങ്ങിയ സമയത്ത്, ദിവസം ആയിരം പേര്‍ക്ക് രാജ്ഞി ഭക്ഷണം കൊടുക്കുമായിരുന്നു. കരിശുയുദ്ധത്തിനിടെ ലൂയിസ് രാജാവ് കൊല്ലപ്പെട്ടതോടെ ബന്ധുക്കള്‍ രാജ്ഞിയെ കൊട്ടാരത്തില്‍ നിന്ന് ഇറക്കിവിട്ടു.

അവള്‍ പരാതി യൊന്നും കൂടാതെ സന്തുഷ്ടയായി പാവപ്പെട്ടവര്‍ക്കൊപ്പം തെരുവില്‍ ജീവിച്ചു. എന്നാല്‍, അധികം വൈകാതെ ലൂയിസ് രാജാവിന്റെ ഉറ്റസുഹൃത്തുക്കള്‍ ഇടപെടുകയും രാജ്ഞിയെ തിരികെ കൊട്ടാരത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മക്കളെ കൊട്ടാരത്തിലാക്കിയിട്ട് രാജ്ഞി ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. ശേഷകാലം രാജ്ഞിതന്നെ സ്ഥാപിച്ച ഒരു ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പം ജീവിച്ചു. ഇരുപത്തിനാലു വയസു മാത്രമുള്ളപ്പോള്‍ ഒരു നൂറ്റാണ്ടു കൊണ്ട് ചെയ്യാവുന്ന സല്‍പ്രവര്‍ത്തികള്‍ ചെയ്തശേഷം എലിസബത്ത് രാജ്ഞി മരിച്ചു.

Comments