വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്- നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളം വിശുദ്ധന് അവരില്‍ നിന്നും ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. അങ്ങനെ വിന്‍-ട്രി എന്ന സ്ഥലത്ത് വച്ച് ആണ്ട്ര്യു (ആണ്ട്ര്യു ഡുങ്ങ്) എന്ന പേരില്‍ അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു.
ചൈനീസ്, ഇറ്റാലിയാന്‍ ഭാഷകള്‍ പഠിച്ചതിനു ശേഷം അദ്ദേഹം ഒരു വേദപാഠ അദ്ധ്യാപകനാവുകയും തന്റെ രാജ്യത്തില്‍ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ദേഹത്തെ ദൈവശാസ്ത്രം പഠിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. 1823 മാര്‍ച്ച് 15ന് അദ്ദേഹത്തിന് പൗരോഹിത്യ പട്ടം ലഭിച്ചു. തുടര്‍ന്നു കെ-ഡാം എന്ന സ്ഥലത്തെ ഇടവക വികാരിയായി അദ്ദേഹം സേവനം അനുഷ്ടിച്ചു.
ഇടവക വികാരിയായിരിക്കുമ്പോഴും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണം അക്ഷീണം തുടര്‍ന്ന്‍ കൊണ്ടിരുന്നു. അദ്ദേഹം പലപ്പോഴും ഉപവസിക്കുകയും, വളരെ ലളിതവും നന്മനിറഞ്ഞതുമായ ഒരു ജീവിതവുമാണ് നയിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് ഇദ്ദേഹം ഒരു നല്ല മാതൃകയായിരുന്നു, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിത മാതൃക കണ്ട് ധാരാളം പേര്‍ മാമോദീസ സ്വീകരിക്കുകയും ചെയ്തു.
1835-ല്‍ വിയറ്റ്നാമിലെ നീറോ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന മിന്‍-മാങ്ങ് ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ വിശുദ്ധനും തടവിലാക്കപ്പെട്ടു. എന്നിരുന്നാലും അദ്ദേഹം സേവനം ചെയ്തുകൊണ്ടിരുന്ന സഭയുടെ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടു അദ്ദേഹത്തിന്‍റെ മോചനം വിലക്ക് വാങ്ങി. ഇനിയും നേരിടേണ്ടി വരാവുന്ന മര്‍ദ്ദനങ്ങള്‍ ഒഴിവാക്കുവാനായി അദ്ദേഹം തന്റെ പേര് ലാക്ക് (ആണ്ട്ര്യു ലാക്ക്) എന്നാക്കി മാറ്റി വേറെ ഉപാദ്ധ്യക്ഷന്റെ അടുക്കലേക്ക് പോയി തന്റെ ക്രിസ്തീയ ദൗത്യം തുടര്‍ന്നു കൊണ്ടിരുന്നു.
പീറ്റര്‍ തി എന്ന മറ്റൊരു വിയറ്റ്നാം കാരനായ വൈദികന് കുമ്പസാരിക്കുവാന്‍ പോകുന്നതിനായി വിശുദ്ധന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അവരെ ഒരുമിച്ചു വീണ്ടും പിടികൂടി തടവിലാക്കി. മോചനദ്രവ്യം നല്‍കിയത് മൂലം ഒരിക്കല്‍ കൂടി വിശുദ്ധനും, പീറ്റര്‍-തി ക്കും സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ ഈ സ്വാത്രന്ത്ര്യം വളരെ കുറച്ച് കാലം മാത്രമേ നീണ്ടു നിന്നുള്ളൂ, അവരെ വീണ്ടും പിടികൂടുകയും ഹാനോവില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവസാനം 1839 ഡിസംബര്‍ 21ന് ഇവരെ ശിരശ്ചേദം ചെയ്തു കൊലപ്പെടുത്തുകയായിരിന്നു.
ലെ മാന്‍സിലെ വിശുദ്ധ റൊമാനൂസ് 385-ല്‍ ഫ്രാന്‍സിലെ ബ്ലായേയില്‍ വച്ച് മരിച്ച വിശുദ്ധ റോമാനൂസ് സ്വയംഒതുങ്ങികൂടിയ പ്രകൃതക്കാരനായിരുന്നു. തന്റെ അമ്മാവനായ ജൂലിയന്‍ ആദേഹത്തെ ആല്‍പ്സ് പര്‍വ്വതത്തിനിപ്പുറത്തേക്ക് വിളിക്കുന്നത് വരെ അദ്ദേഹം തന്റെ ജന്മദേശമായ ഇറ്റലി ഉപേക്ഷിക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല. പാപ്പായായ ക്ലമന്റ് മെത്രാനായ ജൂലിയനെ ഗൌളിലുള്ള ലെ-മാന്‍സിലേക്കയച്ചപ്പോള്‍ കൂടെപോകാതിരിക്കുവാന്‍ റോമാനൂസിനു കഴിഞ്ഞില്ല. വിശ്വസിക്കാനാവാത്ത അത്ഭുത പ്രവര്‍ത്തനങ്ങളും, മരിച്ചവരെ തിരിച്ച് കൊണ്ടുവന്നതുള്‍പ്പെടെയുള്ള രോഗശാന്തിയും മൂലം പുതിയ സുവിശേഷകന്റെയും കൂട്ടുകാരുടെയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടപ്പോഴും വിശുദ്ധ റോമാനൂസ് അത് വിളിച്ചു പറയുകയോ പ്രകടമാക്കുകയോ ചെയ്തില്ല. പകരം നിശബ്ദതയില്‍ സന്തോഷം അനുഭവിക്കുകയായിരുന്നു ചെയ്തത്.
ഇതിനോടകം തന്നെ വിശുദ്ധ ജൂലിയന്‍ എന്നറിയപ്പെട്ട് തുടങ്ങിയിരുന്ന റോമാനൂസിന്റെ അമ്മാവന്‍ ലെ-മാന്‍സിലെ മെത്രാനായി അഭിഷിക്തനായി. അദ്ദേഹം വിശുദ്ധ റോമാനൂസിനെ അവിടത്തെ ഒരു പുരോഹിതനായി നിയമിച്ചു. അതിനു ശേഷം വിശുദ്ധന്‍ കുറെ തീര്‍ത്ഥാടകര്‍ക്കൊപ്പം ഗിറോണ്ടെ നദീമുഖ പ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനായി അയക്കപ്പെട്ടു. വിശുദ്ധ റൊമാനൂസാകട്ടെ വലിയ വാഗ്ചാതുര്യം ഉള്ളവനോ, ഒരു വാഗ്മിയോ, ഒരു സംഘാടകനോ പോലും ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഇതൊന്നും ആവേണ്ട ആവശ്യവും ഇല്ലായിരുന്നു, കാരണം അദ്ദേഹം ജീവന്‍ നല്‍കുവാനാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുന്നവര്‍ അദ്ദേഹത്തില്‍ നിന്ന് മാമ്മോദീസ സ്വീകരിക്കുവാന്‍ തയാറായി. വളരെ ശാന്തവും നിശബ്ദവുമായി അദ്ദേഹം മാമ്മോദീസാ വെള്ളത്താല്‍ വളരെയേറെ ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. കാലാകാലങ്ങളില്‍ അദ്ദേഹം അദ്ദേഹം പിശാചു ബാധിതരെ സുഖപ്പെടുത്തുകയും, രോഗശാന്തി നല്‍കുകയും ചെയ്തു. തന്റെ അമ്മാവനായ ജൂലിയന്റെ മരണത്തോടെ റൊമാനൂസ് ലെ-മാന്‍സിലേക്ക് തിരികെ വന്നു. അവിടെ താന്‍ തന്റെ പിതാവിനേക്കാളും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത തന്റെ അമ്മാവന്റെ ശവകുടീരത്തിനരികെ കഴിയുക മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
വിശുദ്ധ ജൂലിയനെ പിന്തുടര്‍ന്ന്‍ വിശുദ്ധ തൂരിബ് മെത്രാനാവുകയും അദ്ദേഹം റൊമാനൂസിനെ വിശുദ്ധന്റെ ജൂലിയന്റെ ശവകുടീരം പരിപാലിക്കുവാനുള്ള ചുമതല ഏല്‍പ്പിച്ചു. പരിശുദ്ധ അപ്പോസ്തോലന്‍മാരുടെ പള്ളിയിലായിരുന്നു വിശുദ്ധ ജൂലിയന്റെ ശവകുടീരം. വളരെ വിശ്വസ്തതയോട് കൂടി റൊമാനൂസ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. വിശുദ്ധ തൂരിബ് മരിക്കുകയും അദ്ദേഹത്തെ വിശുദ്ധ ജൂലിയന്റെ കല്ലറക്കരുകിലായി അടക്കം ചെയ്യുകയും ചെയ്തു. റൊമാനൂസ് ഇവ പരിപാലിക്കുകയും ആരാധനക്കായി ജനങ്ങളെ നയിക്കുകയും ചെയ്തു.
ഈ വിശുദ്ധര്‍ക്കരികിലായി തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നതിനും മറ്റുമായി കാലക്രമേണ ഒരു ദേവാലയാങ്കണം അവിടെ വികസിച്ചു വന്നു. ചെറു ചെറു ക്രിസ്തീയ സമൂഹങ്ങള്‍ നിലവില വരികയും തങ്ങളുടെ ക്രിസ്തീയ സഹോദരന്മാരുടെ സംസ്കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കുറച്ച് പുരോഹിതരും അവിടെ പാര്‍ത്തു. ഇവരെല്ലാവരും ഉള്‍പ്പെടുന്ന "ഗ്രേവ് ഡിഗ്ഗേഴ്സ്" എന്ന് പേരായ ഒരു ചെറിയ സഭ അവിടെ നിലവില്‍ വന്നു.
വിശുദ്ധ റൊമാനൂസും ഇതിലെ അംഗമായിരുന്നു. മെത്രാന്‍മാര്‍ ആയിരുന്ന വിശുദ്ധ ജൂലിയന്റെയും, വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരികിലായി അടക്കം ചെയ്യുവാന്‍ കൊണ്ടു വന്നിരുന്ന ലെ-മാന്‍സിലെ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ വിശുദ്ധ റൊമാനൂസും കൂട്ടരും സ്വീകരിക്കുകയും അതുവഴി ശരീരത്താലും ആത്മാവിനാലും എന്ന മാമ്മോദീസ ഉടമ്പടി തുടരുകയും ചെയ്തു. തന്റെ അന്ത്യം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധ റൊമാനൂസ് ഒരിക്കല്‍ കൂടി റോം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഉദിച്ചു. പഴയ സഹ പുരോഹിതനും അപ്പോഴത്തെ മെത്രാനുമായ പാവാസ് തിരികെ വരണം എന്ന ഉറപ്പിന്മേല്‍ റോം സന്ദര്‍ശിക്കുവാന്‍ വിശുദ്ധനെ അനുവദിച്ചു.
വിശുദ്ധ റൊമാനൂസ് താന്‍ കൊടുത്ത വാക്ക് പാലിച്ചുകൊണ്ടു തന്റെ മരണസമയമായപ്പോള്‍ തിരികെ വന്നു. ഒട്ടും ഭയംകൂടാതെ തന്നെ അദ്ദേഹം തന്റെ മരണത്തെ സ്വീകരിച്ചു. ഏതാണ്ട് 385-ല്‍ പാവേസിന്റെ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍മാരായ മറ്റ് ഗ്രേവ് ഡിഗ്ഗെഴ്സ് ചുറ്റും കൂടി നില്‍ക്കെ വിശുദ്ധ റൊമാനൂസിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ദേവാലയത്തില്‍ വിശുദ്ധ ജൂലിയന്റെയും വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരുകിലായി വിശുദ്ധ റൊമാനൂസിനേയും അടക്കം ചെയ്തു.
117-ഓളം രക്തസാക്ഷികള്‍ ഇന്ന്‍ അനുസ്മരിക്കപ്പെടുന്നുണ്ട്. വ്യത്യസ്ഥ കാലങ്ങളിലാണ് ഇവര്‍ മരിച്ചതെങ്കിലും, 1988 ജൂണ്‍ 19ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇവരെയെല്ലാവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഈ കൂട്ടത്തില്‍ 96 വിയറ്റ്നാം കാരും, 11 സ്പെയിന്‍ കാരും, 10 ഫ്രഞ്ച് കാരും ആണ് ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ മെത്രാന്മാരും, 50 പുരോഹിതരും, 59 അല്മായരായ കത്തോലിക്കരും ആയിരുന്നു. പുരോഹിതരില്‍ 11 ഡോമിനിക്കന്‍ സഭക്കാരും, 10 പേര്‍ പാരീസ് മിഷന്‍ സൊസൈറ്റിയില്‍പ്പെട്ടവരും ബാക്കിയുള്ളവരില്‍ ഒരു സെമിനാരി പഠിതാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം ഇടവക വികാരികള്‍ ആയിരുന്നു.
വിശുദ്ധരാക്കുന്ന ചടങ്ങിനിടെ ചില രക്തസാക്ഷികളുടെ പേരുകള്‍ പ്രത്യകം പരാമര്‍ശിക്കുകയുണ്ടായി: ആണ്ട്ര്യു ഡുങ്ങ്-ലാക്ക് എന്ന ഒരു ഇടവക വികാരി, തോമസ് ട്രാന്‍-വാന്‍-തിയന്‍ എന്ന് പേരായ ഒരു സെമിനാരിയന്‍, ഇമ്മാനുവല്‍ ലെ-വാന്‍-പുങ്ങ് എന്ന ഒരു കുടുംബ പിതാവ് കൂടാതെ ജെറോം ഹെര്‍മോസില്ല, വലന്റൈന്‍ ബെറിയോ-ഒച്ചോവാ, ജോണ്‍ തിയോഫനെ വെനാര്‍ഡ് എന്നീ ഡൊമിനിക്കന്‍ സന്യാസ സഭാംഗങ്ങളും ആണിവര്‍.
Comments
Post a Comment