നവംബര്‍ 25 : അലക്‌സാന്‍ഡ്രിയായിലെ വി. കാതറീന്‍ (മൂന്നാം നൂറ്റാണ്ട്)

റോമന്‍ രാജകുടുംബത്തില്‍ പിറന്ന മഹാപണ്ഡിതയായ കാതറീന്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രിയപ്പെട്ട മധ്യസ്ഥയാണ്. കാതറീന്റെ ജീവിതവും അവളുടെ രക്തസാക്ഷിത്വവും ആദിമ സഭയുടെ കാലം മുതല്‍ തന്നെ കഥകളായി പ്രചരിച്ചുപോരുന്നു. റോമന്‍ ചക്രവര്‍ത്തിയായ മാക്‌സിമസ് ക്രൈസ്തവ വിശ്വാസികളെ തിരഞ്ഞുപിടിച്ചു പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തി രുന്ന കാലം. ചക്രവര്‍ത്തി വിശ്വസിച്ചിരുന്ന റോമന്‍ ദൈവങ്ങളെ ആരാധിച്ചിരുന്നവളായിരുന്നു കാതറീന്‍. സ്വപ്നത്തില്‍ യേശുവിന്റെ ദര്‍ശനമുണ്ടായതോടെ കാതറീന്‍ യഥാര്‍ഥ ദൈവത്തെ തിരിച്ചറിഞ്ഞ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രാജസന്നിധിയിലെത്തിയ വിജാതീയരായ കുറെ തത്വചിന്തകരു മായി കാതറീന്‍ സംവാദത്തില്‍ ഏര്‍പ്പെട്ടു.




ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. എന്നാല്‍ച്ച കാതറീന്‍ യേശുവിലാണ് യഥാര്‍ഥ രക്ഷ എന്നു വിളിച്ചുപറഞ്ഞത് ചക്രവര്‍ത്തിയെ ക്ഷുഭിതനാക്കി. സംവാദത്തില്‍ വിജാതീയ തത്വചിന്തകര്‍ പരാജയപ്പെട്ടുവെന്നു മാത്രമല്ല, കാതറീന്റെ വാക്കുകള്‍ അവരെയും ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി. ആ തത്വചിന്തകരെ അപ്പോള്‍ തന്നെ ചക്രവര്‍ത്തി വധിച്ചു. എന്നാല്‍ച്ച കാതറീനു തടവുശിക്ഷ മാത്രമേ നല്‍കിയുള്ളു. സംവാദത്തിനിടെ കാതറീന്‍ അവതരിപ്പിച്ച കാര്യങ്ങള്‍ മാക്‌സിമസിന്റെ ഭാര്യയെയും സൈന്യാധി പനെയും സ്വാധീനിച്ചിരുന്നു. അവര്‍ രഹസ്യമായി തടവറയിലെത്തി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. രാജ്ഞിയെയും സൈന്യാധിപനെയും ചക്രവര്‍ത്തി നിഷ്‌കരുണം കൊലപ്പെടുത്തി.

അതീവസുന്ദരിയായിരുന്ന കാതറീനെ ചക്രവര്‍ത്തി മോഹിച്ചിരുന്നുവെന്നതായിരുന്നു മരണശിക്ഷ നല്‍കാതിരിക്കാനുള്ള കാരണം. ചക്രവര്‍ത്തി കാതറീനെ തനിക്കൊപ്പം കിടക്ക പങ്കിടാന്‍ ക്ഷണിച്ചു. ഒട്ടേറെ മോഹനവാഗ്ദാന ങ്ങളും അയാള്‍ കാതറീനു കൊടുത്തു. എന്നാല്‍, പാപത്തില്‍ പതിക്കുവാന്‍ അവള്‍ തയാറായില്ല. ചക്രവര്‍ത്തിയുടെ ആജ്ഞ നിരസിച്ചാല്‍ മരണശിക്ഷ ഉറപ്പായിരുന്നു. പക്ഷേ, അവള്‍ അയാളുടെ ക്ഷണത്തെ പുച്ഛിച്ചു തള്ളി. മാക്‌സിമസ് ഒരവസം കൂടി കൊടുത്തു. മനസുമാറി തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ അയാള്‍ അവളെ നാടുകടത്തി. കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കാതറീനെ തന്റെ കിടപ്പറ പങ്കാളിയാകാന്‍ ക്ഷണിച്ചു. കാതറീന്‍ വീണ്ടും ക്ഷണം നിരസിച്ചു.

ക്രൂരമായ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. അവളുടെ സുന്ദരമായ അവയവങ്ങള്‍ ഒരോന്നായി ഛേദിച്ചു. ഒടുവില്‍ കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തു. കാതറീന്റെ ജീവിതകഥയ്ക്ക് ചരിത്രപരമായ തെളിവുകളുടെ അഭാവമുണ്ടെന്ന കാരണത്താല്‍ 1969 ല്‍ കത്തോലിക്കാ സഭ കാതറീനെ ഔദ്യോഗിക വിശുദ്ധരുടെ കലണ്ടറില്‍ നിന്നു നീക്കം ചെയ്തു. കാതറീന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനോ മാധ്യസ്ഥം യാചിക്കുന്നതിനോ തടസമുണ്ടായിരുന്നില്ല. 2002ല്‍ കാതറീനെ വീണ്ടും കലണ്ടറില്‍ ഉള്‍പ്പെടുത്തി. കാതറീന്റെ നാമത്തില്‍ ലോകമെമ്പാടും നിരവധി ദേവാലയങ്ങളും സന്യാസസമൂഹങ്ങളുമുണ്ട്. നാല്‍പതു വിശുദ്ധ സേവകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വിശുദ്ധയാണ് കാതറീന്‍.

Comments