നവംബര്‍ 28 : വി. കാതറീന്‍ ലബോര്‍ (1806-1876)

മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച കാതറീന്‍ എന്ന വിശുദ്ധയുടെ കഥ നവംബര്‍ 25 ന് നമ്മള്‍ ധ്യാനിച്ചുവെങ്കില്‍ ഇത് മറ്റൊരു കാതറീന്റെ കഥയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ധന്യമായ ജീവിതത്തിലൂടെ വിശുദ്ധ പദവിയിലെത്തിയ കാതറീന്‍ ലബോറിന്റെ കഥ. ഫ്രാന്‍ സിലെ ഒരു കര്‍ഷക ദമ്പതികളുടെ പതിനൊന്നു മക്കളില്‍ ഒന്‍പതാ മത്തവളായിരുന്നു കാതറീന്‍. സോ എന്നായിരുന്നു അവളുടെ ആദ്യ പേര്. ബാല്യകാലം മുതല്‍ ദാരിദ്ര്യവും കഷ്ടപ്പാടുകളും അവളുടെ കൂടെയുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചില്ല. എഴുതുവാനോ വായിക്കുവാനോ പഠിച്ചില്ല. എട്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു.




അതോടെ വീട്ടുജോലികളുടെ ഉത്തരവാദിത്തം സോയുടെ ചുമരില്‍വന്നു. മൂത്ത സഹോദരി കന്യാസ്ത്രീയാകുവാനായി പോയതോടെ ഭാരം വര്‍ധിച്ചു. പക്ഷേ, ഒരു പരാതിയോ മുറുമുറുപ്പോ പോലുമില്ലാതെ എല്ലാം അവള്‍ ഏറ്റെടുത്തു; ഭംഗിയായി നോക്കിനടത്തി. എല്ലാ വേദനകളും അവള്‍ പങ്കുവച്ചത് യേശുനാഥനുമായായിരുന്നു. പ്രാര്‍ഥനകളില്‍ അവള്‍ ആശ്വാസം കണ്ടെത്തി. ഉപവാസം കരുത്തേകി. ജീവിതം അങ്ങനെ മുന്നോട്ടുപോകവേ, വീട്ടിലെ സാമ്പത്തികഭാരം പിതാവിനെകൊണ്ടു മാത്രം പരിഹരിക്കാനാവാത്ത അവസ്ഥ വന്നു. അങ്ങനെ പാരീസിലെ ഒരു ഹോട്ടലില്‍ വേലക്കാരിയായും വിളമ്പുകാരിയായും സോ ജോലി നോക്കി.

പിന്നീട് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി നടത്തുന്ന ഒരു ആശുപത്രിയില്‍ ചേര്‍ന്നു. അവിടെ രോഗി കള്‍ക്ക് ആശ്വാസം പകരുവാനും അവരെ മറ്റാരെക്കാളും ആത്മാര്‍ഥമായി ശുശ്രൂഷിക്കുവാനും സോയുണ്ടായിരുന്നു. അവിടെ കഴിയുന്ന കാലത്ത് ഒരിക്കല്‍ സോയ്ക്കു സെന്റ് വിന്‍സന്റ് ഡി പോളിന്റെ ദര്‍ശനമുണ്ടായി. രോഗികള്‍ക്കാശ്വാസം പകരുവാനായി സോയുടെ ജീവിതം മാറ്റി വയ്ക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് വിന്‍സന്റ് ഡി പോള്‍ സ്വപ്നത്തില്‍ അവളോടു പറഞ്ഞു. ഇതെതുടര്‍ന്ന് സോ, കാതറീന്‍ എന്ന പേരു സ്വീകരിച്ച് ഉപവിയുടെ സഹോദരിമാരുടെ മഠത്തില്‍ ചേര്‍ന്നു. വി. കുര്‍ബാനയോടുള്ള അടങ്ങാത്ത ഭക്തി കാതറീന്റെ പ്രത്യേകത യായിരുന്നു. വി. കുര്‍ബാനയുടെ മധ്യേ യേശുവിനെ നേരിട്ടുകാണുന്നതുപോലെ അവള്‍ക്ക് അനുഭവപ്പെടുമായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ മൂന്നു ദര്‍ശനങ്ങള്‍ കാതറീന് ഉണ്ടായി. ഒരു തവണ ഒരു കാശുരൂപം മാതാവ് അവള്‍ക്കു കൊടുത്തതായും അതിന്റെ ശക്തിയാല്‍ നിരവധി അദ്ഭുതപ്രവര്‍ത്തികള്‍ നടന്നതായും വിശ്വസിക്കപ്പെടുന്നു.

Comments