നവംബര്‍ 8 : വിശുദ്ധ ഗോഡ്‌ഫ്രെ

ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്‌. തന്റെ 5-മത്തെ വയസ്സില്‍ തന്നെ അദ്ദേഹത്തിന്റെ അപ്പൂപ്പനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായ ബെനഡിക്റ്റന്‍ ആശ്രമമായ മോണ്ട്-സെന്റ്‌-കിന്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്‍കപ്പെടുകയും അവിടെ ഒരു കുഞ്ഞു സന്യാസിയായി ജീവിക്കുകയും ചെയ്തു. ഇവിടത്തെ സന്യാസികള്‍ അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നല്‍കി പോന്നു. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്യാസിയാവുകയും പിന്നീട് പുരോഹിതനാവുകയും ചെയ്തു. പിന്നീട് അദ്ദേഹം ഫ്രാന്‍സിലെ ഷാംപെയിന്‍ ആശ്രമത്തിലെ അധിപനായി. എന്നാല്‍ ഈ ആശ്രമം ക്ഷയിക്കുകയും വെറും ആറു സന്യാസിമാരും രണ്ട് കുട്ടികളും മാത്രം അവശേഷിക്കുകയും ചെയ്തു.



എന്നാല്‍ അവിടുത്തെ സന്യാസിമാര്‍ക്ക് ഗോഡ്‌ഫ്രെയെ ഇഷ്ടമായിരിന്നു. അവര്‍ അദ്ദേഹം ഒരു വിശുദ്ധനായ മനുഷ്യനാണെന്ന് തിരിച്ചറിയുകയും സ്വയം ത്യാഗത്തിന്റെതായ ജീവിതം നയിക്കുവാന്‍ ആ മനുഷ്യന് തങ്ങളെ സഹായിക്കുവാന്‍ കഴിയുമെന്ന്‌ അവര്‍ കരുതുകയും ചെയ്തു. അധികം താമസിയാതെ അവര്‍ പുതിയ ആളുകളെ ചേര്‍ത്തു. അങ്ങിനെ ആ ആശ്രമം ആധ്യാത്മിക ആനന്ദത്തിന്റെ സുപ്രധാന കേന്ദ്രമായി മാറി.

അധികം താമസിയാതെ വിശുദ്ധ ഗോഡ്‌ഫ്രെ സഹായക മെത്രാനായി നിയമിതനായി. ഫ്രാന്‍സിലെ ഏറ്റവും അറിയപ്പെടുന്ന രൂപതകളില്‍ ഒന്നായ റെയിംസ് രൂപതയാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ അദ്ദേഹത്തിന് തന്റെ ആശ്രമം ഉപേക്ഷിക്കുന്നതിന് മനസ്സുണ്ടായിരുന്നില്ല, എന്നിരുന്നാലും റെയിംസിലെ ജനങ്ങള്‍ക്ക് തന്റെ സേവനം ആവശ്യമാണെന്നും അദേഹത്തിനറിയാമായിരുന്നു. ഈ സമയത്തും അദ്ദേഹം വളരെ ലളിതമായ സന്യാസ ജീവിതമാണ് നയിച്ചിരുന്നത്.

വിശുദ്ധന്റെ വീട് വളരെ ചെറുതായിരുന്നു, ഭക്ഷണമാകട്ടെ വളരെ കുറവും. അദ്ദേഹത്തിന്റെ പാചകക്കാരന്‍ വിശുദ്ധനെ സംബന്ധിച്ചിടത്തോളം മുന്തിയതെന്ന് തോന്നിപ്പിക്കുന്ന ഭക്ഷണം പാചകം ചെയ്തിരിന്നു. എന്നാല്‍ പാചകക്കാരന്‍ പോയതിനു ശേഷം അദ്ദേഹം അടുത്തുള്ള ദരിദ്രരെ വിളിച്ചു വരുത്തി ഈ ഭക്ഷണം അവര്‍ക്ക്‌ വീതിച്ചു നല്‍കുമായിരുന്നു.

തന്റെ ഇടവകയിലെ ജനങ്ങളുടെ മദ്യപാനത്തിലും പാപ പ്രവര്‍ത്തികളിലുംഒരു വിട്ടുവീഴ്ചയും കാണിക്കാത്ത മെത്രാനായ ഗോഡ്‌ഫ്രെ ഒരുപാടു സഹിക്കേണ്ടിവന്നിട്ടുണ്ട്. ഇവരെ തിരുത്തുവാനുള്ള ശ്രമത്തിന്റെ പേരില്‍ അവരില്‍ കുറേപേര്‍ അദ്ദേഹത്തെ വെറുക്കുകയും അദ്ദേഹത്തെ വധിക്കുവാന്‍ പോലും ശ്രമിക്കുകയും ചെയ്തു. നല്ലവരായ ആളുകള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്തു. മെത്രാനായി രാജിവെക്കാനും സന്യാസിയായി വിരമിക്കുവാനുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്‌. പക്ഷെ രാജിവെക്കുന്നതിന് മുന്‍പ് തന്നെ തന്റെ അമ്പതാമത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

Comments