യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച മറ്റൊരു വിശുദ്ധനാണ് തിയോഡോര്‍. രക്തസാക്ഷികളില്‍ ഏറെ ജനപ്രിയനാണ് ഈ വിശുദ്ധന്‍. കുലീനമായ ഒരു കുടുംബത്തില്‍ ജനിച്ച തിയോഡോര്‍ യുവാവായിരിക്കെ സൈന്യത്തില്‍ ചേര്‍ന്നു. സമര്‍ഥനായ ഒരു പോരാളിയായിരുന്നു അദ്ദേഹം. സൈന്യാധിപന് തിയോഡോറിനെ ഏറെ ഇഷ്ടമായിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. യേശുവില്‍ വിശ്വ സിച്ചിരുന്നവര്‍ പോലും തങ്ങളുടെ വിശ്വാസം പരസ്യമായി പറയാന്‍ തയാറായിരുന്നില്ല. പോന്തൂസിലേക്ക് സൈന്യത്തിനൊപ്പം തിയോഡോര്‍ പോകാന്‍ ഒരുങ്ങുന്ന സമയത്ത്, റോമന്‍ ചക്രവര്‍ത്തി ഒരു വിളംബരം പുറപ്പെടുവിച്ചു.
ക്രൈസ്തവ മതം സ്വീകരിച്ചിട്ടുള്ളവര്‍ വിശ്വാസത്തെ തള്ളിപ്പറഞ്ഞ് റോമന്‍ ദൈവങ്ങളുടെ വിഗ്രഹങ്ങളെ പരസ്യമായി വണങ്ങണമെന്നായിരുന്നു അത്. അങ്ങനെ ചെയ്യാത്തവര്‍ വധിക്കപ്പെടും. ശിക്ഷ നടപ്പിലാക്കേണ്ടത് സൈനികരായിരുന്നുതാനും. എന്നാല്‍ തിയോഡോര്‍ തന്റെ സൈന്യാധിപന്റെ അടുത്ത് ചെന്നിട്ടു പറഞ്ഞു: ''എന്റെ ശരീരത്തെ ഒരോ അവയവവും മുറിച്ചുമാറ്റിയാലും ഞാന്‍ എന്റെ ദൈവത്തെ തള്ളിപ്പറയില്ല.'' തിയോഡോ റിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സൈന്യാധിപന്‍ അദ്ദേഹത്തിനെതിരെ ശിക്ഷാനടപടിയൊന്നും എടുത്തില്ല. തിയോഡോറിനെ ഉപദേശിച്ച് തന്റെ വഴിയേ കൊണ്ടുവരാമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാല്‍ തിയോഡോര്‍ റോമന്‍ ദൈവത്തിന്റെ വിഗ്രഹം വച്ചിരുന്ന ദേവാലയം തീവച്ചു നശിപ്പിച്ചു കളഞ്ഞപ്പോള്‍ ന്യായാധിപന്‍ ക്ഷുഭിതനായി അദ്ദേഹത്തെ തടവിലാക്കി.
ഭക്ഷണമോ വെള്ളമോ പോലും കൊടുക്കാതെ ദിവസങ്ങളോളം അദ്ദേഹത്തെ തടവറയില്‍ പാര്‍പ്പിച്ചു. അദ്ദേഹം പ്രാര്‍ഥന യില്‍ മുഴുകി. യേശുവിന്റെ ദര്‍ശനങ്ങള്‍ അദ്ദേഹത്തിനുണ്ടായി. വിചാരണയ്ക്കായി കൊണ്ടു ചെന്നപ്പോള്‍ ന്യായാധിപന്‍ തിയോഡോറിനോട് ചോദിച്ചു: ''നിന്റെ ദൈവത്തെ തള്ളിപ്പറയാന്‍ നീ തയാറാണോ?''. ''ഒരിക്കലുമല്ല. എന്റെ അവസാന ശ്വാസം വരെ ഞാന്‍ യേശുവിന്റെ നാമം ഉച്ച രിക്കും'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്രൂരമായ മര്‍ദനങ്ങളായിരുന്നു പിന്നീട്. ഇരുമ്പു ചങ്ങല ചമ്മട്ടിയാക്കി അദ്ദേഹത്തെ മര്‍ദിച്ചു. തീപ്പൊള്ളലേല്പിച്ചു. ''നിന്നെ രക്ഷിക്കുവാനുള്ള ശക്തി നിന്റെ യേശുവിനില്ല'' എന്ന് ന്യായാധിപന്‍ പരിഹസിച്ചു. ''വേണ്ട, എനിക്ക് ഈ പീഡന ങ്ങളില്‍ നിന്നു രക്ഷവേണ്ട. ഞാന്‍ ഇവയെ സ്വാഗതം ചെയ്യുന്നു. യഥാര്‍ഥ രക്ഷ എന്റെ യേശുവില്‍ ക്കൂടി തന്നെ'' എന്ന് തിയോഡോര്‍ മറുപടി പറഞ്ഞു. അഗ്നിയിലേക്കെറിഞ്ഞാണ് തിയോഡോറി നെ വധിച്ചത്. ഒരു പുഞ്ചിരിയോടെ കൈ കൊണ്ട് കുരിശടയാളം വരച്ച് അദ്ദേഹം മരണം ഏറ്റുവാങ്ങി.
Comments
Post a Comment