ഡിസംബര്‍ 13: വി. ലൂസി (283-304)

ഗ്രീക്ക് വംശജയായ ലൂസി സിസിലിയയിലെ പ്രധാനനഗരമായ സിറാക്കൂസിലാണ് ജനിച്ചത്. വളരെ സമ്പന്നമായ കുടുംബം. മാതാപിതാക്കള്‍ ഭക്തരായിരുന്നു. ലൂസി കുഞ്ഞായിരിക്കുമ്പോള്‍ പിതാവ് മരിച്ചു. അമ്മയായിരുന്നു അവളെ വളര്‍ത്തിക്കൊണ്ടുവന്നത്. ലൂസി ചെറുപ്രായത്തില്‍ തന്നെ യേശുവിന്റെ അടിയുറച്ച വിശ്വാ സിയായി മാറി. പ്രാര്‍ഥനയിലും ഉപവാസത്തിലും സംതൃപ്തി കണ്ടെത്തിയാണ് അവള്‍ കഴിഞ്ഞിരുന്നത്. യേശുവിനെ മണവാ ളനായി സ്വീകരിച്ച് നിത്യകന്യകയായി തുടരുമെന്ന് അവള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍, അമ്മ ലൂസിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു. ഒരു റോമന്‍ യുവാവുമായി അവളുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു.




എന്നാല്‍, ലൂസി വിവാഹം മൂന്നുവര്‍ഷത്തോളം നീട്ടികൊണ്ടു പോയി. അങ്ങനെയിരിക്കെ, ലൂസിയുടെ അമ്മയെ മാറാരോഗം ബാധിച്ചു. മരിക്കുന്നതിനു മുന്‍പ് മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. വിശുദ്ധ അഗതയുടെ ശവകുടീരത്തില്‍ പോയി പ്രാര്‍ഥിച്ചാല്‍ രോഗം മാറുമെന്ന് ലൂസി അമ്മയോടു പറഞ്ഞു. അവര്‍ അവിടെയെത്തി പ്രാര്‍ഥിച്ചു. വിശുദ്ധ അഗതയോടുള്ള പ്രാര്‍ഥന ലൂസിയുടെ വിശ്വാസത്തെ കൂടുതല്‍ ദൃഢമാക്കുകയാണ് ചെയ്തത്. രാത്രിയില്‍ അഗതയുടെ ദര്‍ശനം ലൂസിക്കുണ്ടായി. ''അമ്മയുടെ രോഗം സുഖപ്പെടും. എന്നാല്‍, നീ സകലതും ദരിദ്രര്‍ക്കു നല്‍കി ദൈവത്തിലേക്ക് അടുക്കണം.'' ഇതായിരുന്നു അഗതയുടെ വാക്കുകള്‍. ലൂസി തനിക്കുള്ളതെല്ലാം ദരിദ്രര്‍ക്കു നല്‍കി. സകല സ്വത്തുക്കളും ഉപേക്ഷിച്ചു. ലൂസിയുമായി വ ിവാഹം നിശ്ചയിച്ചിരുന്ന യുവാവ് ഈ സംഭവത്തില്‍ ക്ഷുഭിതനായി. അയാള്‍ ലൂസി ക്രിസ്ത്യാനിയാണെന്ന് റോമന്‍ അധികാരികളോട് പോയി ഒറ്റുകൊടുത്തു. അവള്‍ പിടിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങിയിട്ടും യേശുവിനെ തള്ളിപ്പറയാന്‍ അവള്‍ തയാറായില്ല. ഉദ്യോഗസ്ഥര്‍ അവളെ ക്രൂരമായി മാനഭംഗപ്പെടുത്തി. തീവച്ചു ഒടുവില്‍ കഴുത്തി ലൂടെ വാള്‍ കുത്തിയിറക്കി അവളെ കൊന്നു.

Comments