ഡിസംബര്‍ 14 : കുരിശിന്റെ വി. ജോണ്‍ (1542-1591)

ദാരിദ്ര്യത്തിലേക്കാണ് ജോണ്‍ ജനിച്ചുവീണത്. ജോണിന്റെ പിതാവ് ഗോണ്‍സാലസ് സ്‌പെയിനിലെ സമ്പന്ന കുടുംബാംഗമായിരുന്നു. പക്ഷേ, അനാഥയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന പേരില്‍ കുടുംബത്തില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. ദാരി ദ്ര്യത്തിലായിരുന്നുവെങ്കിലും ആ കുടുംബം സന്തുഷ്ടമായിരുന്നു. ജോണടക്കം മൂന്നു മക്കള്‍ അവര്‍ക്കുണ്ടായി. എന്നാല്‍, പെട്ടെന്നൊരു ദിവസം ഗോണ്‍സാലസ് മരിച്ചു. അതോടെ, ആ കുടുംബം അനാഥമായി. മക്കളെ വളര്‍ത്തുവാന്‍ നിരാലംബയായ ആ അമ്മയ്ക്കു കഴിഞ്ഞില്ല. അവര്‍ മെഡീനയിലേക്ക് താമസം മാറ്റി. എല്ലുമുറിയെ പണിയെടുത്തു. മെഡീനയില്‍ സാധുക്കള്‍ക്കുവേണ്ടിയുള്ള ഒരാശുപത്രിയില്‍ ജോണിനു ജോലി കിട്ടി.




അവിടെ രോഗികളെ ശുശ്രൂഷിക്കുകയായിരുന്നു ജോണിന്റെ ചുമതല. അദ്ദേഹത്തിന്റെ കരുണയും സ്‌നേഹവും രോഗികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നുകൊടുത്തു. ജോലിക്കൊപ്പം പഠനവും ജോണ്‍ തുടര്‍ന്നിരുന്നു. ഈശോ സഭയുടെ പേരിലുള്ള ഒരു സ്‌കൂളി ലായിരുന്നു വിദ്യാഭ്യാസം. ദൈവസ്‌നേഹത്തില്‍ നിറഞ്ഞ് ഭക്തിയില്‍ അലിഞ്ഞ് ജോണ്‍ ജീവിച്ചു. ഇരുപത്തിയൊന്നാം വയസില്‍ ജോണ്‍ കര്‍മലീത്ത സഭയില്‍ ചേര്‍ന്നു. പുരോഹിതനാകുക എന്ന മോഹം അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്നാലാവുന്ന വിധം മറ്റുള്ളവരെ സേവിക്കുക മാത്ര മായിരുന്നു ലക്ഷ്യം. കര്‍മലീത്തസഭയുടെ നിയമങ്ങള്‍ കുറച്ചുകൂടി കഠിനമായ രീതിയിലാണ് ജോണ്‍ പാലിച്ചിരുന്നത്. രോമച്ചട്ടയണിഞ്ഞും കഠിനമായ ഉപവാസമനുഷ്ഠിച്ചുമാണ് അദ്ദേഹം ജീവിച്ചത്. ഇരുപത്തിയഞ്ചാം വയസില്‍ അദ്ദേഹത്തെ അധികാരികള്‍ പുരോഹിതനാക്കി പട്ടം നല്‍കി. ആവിലായിലെ അമ്മത്രേസ്യയുടെ (ഒക്‌ടോബര്‍ 15ലെ വിശുദ്ധ) നിര്‍ദേശപ്രകാരം ജോണ്‍ കര്‍മലീത്ത സഭയെ നവീകരിക്കുവാനുള്ള നടപടികളാരംഭിച്ചു.

നിഷ്പാദുക സഭ (ചെരുപ്പു ധരിക്കാത്ത കര്‍മലീത്ത സഭാവിഭാഗം) സ്ഥാപിച്ചു. യേശുക്രിസ്തുവിന്റെ സഹനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക എന്ന ലക്ഷ്യത്തില്‍ 'കുരിശിന്റെ വി. ജോണ്‍' എന്ന പേര് അദ്ദേഹം സ്വീകരിച്ചു. ജോണ്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ വളരെ കഠിനമായിരുന്നു. ഇത് മുതിര്‍ന്ന സന്യാസികള്‍ക്ക് സ്വീകാര്യമായില്ല. ഇവരുടെ പരാതിയെത്തുടര്‍ന്ന് മെഡീനയിലേക്ക് മടങ്ങി പ്പോകാന്‍ അധികാരികള്‍ ജോണിനോട് ആവശ്യപ്പെട്ടു. അതിനു തയാറാകാതെ വന്നോടെ അദ്ദേഹത്തെ തടവിലാക്കി. ജയിലിലെ ദിനങ്ങള്‍ യേശുവുമായി അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചു. പ്രാര്‍ഥനയും ഉപവാസവും മാത്രമായിരുന്നു അദ്ദേഹത്തിനു തുണ. ഒന്‍പതാം മാസം അദ്ദേഹം ജയിലില്‍ നിന്നു രക്ഷപ്പെട്ടു. കര്‍മലീത്ത സഭയെ പരിഷ്‌കരിക്കുന്ന നടപടികളുമായി അദ്ദേഹം മുന്നോട്ടുപോയി. മൂന്നു പുസ്തകങ്ങള്‍ രചിച്ചു. 49-ാം വയസില്‍ അദ്ദേഹം മരിച്ചു. 1726 ഡിസംബര്‍ 27 ന് പോപ് ബെനഡിക്ട് പതിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments