ഫ്രാന്‍സിലെ ബര്‍ഗന്‍ഡിയിലെ രാജാവായിരുന്നു റുഡോള്‍ഫ് രണ്ടാമന്‍. പ്രൊവെന്‍സിലെ രാജാവായിരുന്നു യൂഗോയുമായി റുഡോള്‍ഫ് രണ്ടാമന്‍ ഉടമ്പടി ചെയ്തപ്പോള്‍ അതിലൊരു വ്യവസ്ഥ ഇതായിരുന്നു. ''റുഡോള്‍ഫിന്റെ മകളെ യൂഗോയുടെ മകനു വിവാഹം ചെയ്തുകൊടുക്കും.'' ഈ കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ റുഡോള്‍ഫ് രാജാവിന്റെ മകളുടെ പ്രായം രണ്ടുവയസ്. ഈ മകളായിരുന്നു അഡെലൈഡ്. അതീവസുന്ദരിയായിരുന്നു അഡെ ലൈഡ്. അവളുടെ സൗന്ദര്യം പല രാജാക്കന്‍മാരെയും മോഹിപ്പിച്ചു. പലരും വിവാഹ വാഗ്ദാ നവുമായെത്തി. എന്നാല്‍, പിതാവ് കൊടുത്ത വാക്കുപോലെ പതിനാറാം വയസില്‍ അഡെലൈഡ് യൂഗോയുടെ മകന്‍ ലോത്തെയറിനെ വിവാഹം കഴിച്ചു.
അദ്ദേഹം പ്രൊവെന്‍സിലെ രാജാവായി കഴിഞ്ഞിരുന്നു അപ്പോള്‍. അഡെലൈഡിനെ ലോത്തെയര്‍ വിവാഹം കഴിച്ചതില്‍ അസൂയാലുവായ, ഇവ്രയായിലെ ബെറെങ്കാരിയൂസ് ലോത്തെയറിനെ വിഷം കൊടുത്തുകൊന്ന ശേഷം അധികാരം പിടിച്ചെടുത്തു. തന്റെ മകനെ വിവാഹം കഴിക്കാന്‍ അയാള്‍ അഡെലൈഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അവള്‍ അത് നിരസിച്ചു. ക്ഷുഭിതനായ ബെറെങ്കാരിയൂസ് അവളെ തടവിലാക്കി. ജര്‍മന്‍ രാജാവായ ഒട്ടോ ഒന്നാമന്‍ ഇറ്റലിയില്‍ യുദ്ധം ജയിക്കുന്നതുവരെ അഡെലൈഡ് തടവില്‍ കഴിഞ്ഞു. ഒട്ടോ ഒന്നാമന്‍ അഡെലൈഡിനെ വിവാഹം കഴിച്ചു. തൊട്ടടുത്ത വര്‍ഷം റോമിന്റെ ചക്രവര്‍ത്തിയായി ഒട്ടോ ഒന്നാമന്‍ മാറി. ഇരുപതു വര്‍ഷത്തോളം രാജ്ഞി പദവിയില്‍ അഡെലൈഡ് കഴിഞ്ഞു. ഒട്ടോ ഒന്നാമന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യയിലുള്ള മകനായ ഒട്ടോ രണ്ടാമന്‍ സ്ഥാനമേറ്റെടുത്തു.
പുതിയ ചക്രവര്‍ത്തി ഇളയമ്മയായ അഡെലൈഡിനെ കൊട്ടാരത്തില്‍ നിന്നു പുറത്താക്കി. പത്തുവര്‍ഷത്തെ ഭരണത്തിനു ശേഷം ഒട്ടോ രണ്ടാമന്‍ പെട്ടെന്നു മരിച്ചു. അദ്ദേഹത്തിന്റെ മകനെ ചക്രവര്‍ത്തിയാക്കി അമ്മ തെയോഫാന റീജന്റ് ഭരണം ആരംഭിച്ചു. അപ്പോഴും അഡെലൈഡിനു കൊട്ടാരത്തില്‍ സ്ഥാനം കിട്ടിയില്ല. ക്ലൂണിയിലുള്ള ഒരു ആശ്രമത്തില്‍ പൂര്‍ണമായും പ്രാര്‍ഥന യിലും ഉപവാസത്തിലും കഴിയുകയായിരുന്നു അഡെലൈഡ് അപ്പോള്‍. ആശ്രമ ജീവിതം അഡെലൈഡിനു പുതിയൊരു സ്ത്രീയാക്കി. ദൈവസ്‌നേഹം അവള്‍ അനുഭവിച്ചറിഞ്ഞു. രാജ്ഞി യായിരുന്നിട്ടും ഒരുവിധത്തിലുള്ള സൗകര്യങ്ങളുമില്ലാത്ത ആശ്രമത്തില്‍ അവള്‍ സന്തോഷപൂര്‍വം ജീവിച്ചു. ആശ്രമവാസികള്‍ക്കെല്ലാം ആശ്വാസമേകാന്‍ രാജ്ഞി ശ്രമിച്ചു. റീജന്റായിരുന്ന തെയോഫാന മരിച്ചതോടെ ആ സ്ഥാനമേറ്റെടുക്കാന്‍ അഡെലൈഡിന് കൊട്ടാരത്തില്‍ മടങ്ങി യെത്തേണ്ടിവന്നു.
ചക്രവര്‍ത്തിയായ ഒട്ടോ മൂന്നാമന് അപ്പോഴും പ്രായപൂര്‍ത്തിയായിരുന്നില്ല. അധികാരം തിരികെയെത്തിയപ്പോഴും തന്റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് അഡെലൈഡ് കുറ വൊന്നും വരുത്തിയല്ല. പാവപ്പെട്ടവരെ സഹായിക്കുവാനും രോഗികള്‍ക്ക് ആശ്വാസം പകരുവാനും അവള്‍ തന്റെ അധികാരം ഉപയോഗിച്ചു. അടിമകളെ മോചിപ്പിച്ചു. നിരവധി ആശ്രമങ്ങളും ദേവാലയങ്ങളും സ്ഥാപിച്ചു. ഒട്ടോ മൂന്നാമന്‍ പ്രായപൂര്‍ത്തിയായി രാജ്യഭരണം ഏറ്റെടുത്തപ്പോള്‍ വീണ്ടും ക്ലൂണിയിലെ ആശ്രമത്തിലേക്ക് അവള്‍ മടങ്ങി. അവിടെവച്ച് അറുപത്തിയെട്ടാം വയസില്‍ അഡെലൈഡ് മരിച്ചു. പോപ് ഉര്‍ബന്‍ രണ്ടാമന്‍ 1097ല്‍ അഡെലൈഡിനെ വിശുദ്ധയായി പ്രഖ്യാപിച്ചു
Comments
Post a Comment