ഡിസംബര്‍ 19 : രക്തസാക്ഷികളായ വി. നെമെസിയസും കൂട്ടരും (മൂന്നാം നൂറ്റാണ്ട്)

ഈജിപ്തിലെ അലക്‌സാന്‍ഡ്രിയായില്‍ ജീവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് നെമെസിയോണ്‍ എന്നും വിളിക്കപ്പെടുന്ന നെമെസിയസ്. യേശു കുരിശില്‍ തുങ്ങി മരിച്ചത് രണ്ടു കള്ളന്മാരുടെ മധ്യേ കിടന്നാണെന്നു നമുക്കറിയാം. നെമെസിയസിന്റെ രക്തസാക്ഷിത്വവും ഈ വിധത്തില്‍ യേശുവിനോടു സാമ്യപ്പെടുന്നു. കള്ളന്മാരുടെ മധ്യേ, അവരിലൊരാളായി കണക്കാക്കിയാണ് അദ്ദേഹത്തെ നിഷ്‌കരുണം കൊല ചെയ്യുന്നത്. ട്രാജനസ് ഡേസിയസ് ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു നെമെസിയസിന്റെ രക്തസാക്ഷിത്വം. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്നു അദ്ദേഹം.




അക്കാലത്ത്, ക്രൈസ്തവര്‍ രഹസ്യ മായാണ് പ്രാര്‍ഥിച്ചിരുന്നതും ഒത്തുചേര്‍ന്നിരുന്നതും. ക്രിസ്ത്യാനിയാണെന്നറിഞ്ഞാല്‍ മരണം ഉറപ്പ്. എന്നാല്‍, നെമെസിയസ് തടവിലാക്കപ്പെട്ടത് ക്രൈസ്തവനാണ് എന്നതിന്റെ പേരിലായി രുന്നില്ല. അദ്ദേഹത്തിന്റെ പേരില്‍ ഒരു മോഷണക്കുറ്റം ചുമത്തപ്പെട്ടു. മറ്റു കള്ളന്മാര്‍ക്കൊപ്പം അദ്ദേഹത്തെ വിചാരണയും ചെയ്തു. എന്നാല്‍, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു നെമെസിയസ് തെളിയിച്ചു. അതോടെ, അദ്ദേഹത്തെ വെറുതെവിട്ടു. എന്നാല്‍, ശത്രുക്കള്‍ അദ്ദേഹത്തിനെതിരെ വീണ്ടും ആരോപണവുമായി വന്നു. ഇത്തവണ കുറെക്കൂടി ഗൗരവമുള്ള കുറ്റം. 'നെമെസിയസ് ഒരു ക്രിസ്ത്യാനിയാണ്.' വിചാരണ ചെയ്ത ന്യായാധിപന്‍ അദ്ദേഹത്തോടു ചോദിച്ചു. ''ഈ ആരോപണവും തെറ്റാണെന്നു നിങ്ങള്‍ തെളിയിക്കുമോ?'' നെമെസിയസ് പറഞ്ഞു: ''ഇതു സത്യമാണ്. ഞാന്‍ സത്യമായ ദൈവത്തെ ആരാധിക്കുന്ന ഒരു ക്രൈസ്തവനാണ്.'' ശിക്ഷ ഉടനടി വിധിക്കപ്പെട്ടു.

ചമ്മട്ടികൊണ്ട് അടിച്ചു. ക്രൂരമായ മര്‍ദനങ്ങള്‍ ആരംഭിച്ചു. എല്ലാം അദ്ദേഹം നിശ്ശബ്ദമായി സഹിച്ചു. ഒടുവില്‍ മറ്റു കള്ളന്മാര്‍ക്കൊപ്പം തീയില്‍ ദഹിപ്പിക്കാനായിരുന്നു വിധി. ന്യായാധിപന്റെ അംഗരക്ഷകരായി അപ്പോള്‍ അവിടെ അഞ്ചു പടയാളികളുണ്ടായിരുന്നു. ഇവര്‍ അഞ്ചു പേരും ക്രൈസ്തവരായിരുന്നു. നെമെസിയസ് നേരിടുന്ന പീഡനങ്ങള്‍ അവരെ വേദനിപ്പിച്ചു. ശിക്ഷയ്ക്കിടെ അദ്ദേഹത്തെ സഹായിക്കാന്‍ അവര്‍ ഇറങ്ങി. ഇത് ന്യായാധിപനെ ചൊടിപ്പിച്ചു. നെമെസിയസിനൊപ്പം അവരെ അഞ്ചുപേരെയും തീയില്‍ ദഹിപ്പിച്ചു.

Comments