ഡിസംബര്‍ 21 : വി.പീറ്റര്‍ കനീഷ്യസ് (1521-1597)

''നിനക്കു ചെയ്തുതീര്‍ക്കുവാനുള്ള ജോലി എത്രയേറെയുണ്ടായാ ലും, ദൈവസഹായമുണ്ടെങ്കില്‍ അവയൊക്കെ എത്രനിസാരം.'' പതിനാറാം നൂറ്റാണ്ടു കണ്ട ഏറ്റവും പ്രശസ്തനായ വിശുദ്ധരില്‍ ഒരാളായ പീറ്റര്‍ കനീഷ്യസ് പറഞ്ഞ വാക്കുകളാണിത്. തിരുസഭ യ്ക്കും സമൂഹത്തിനുമായി അദ്ദേഹം ചെയ്തു തീര്‍ത്ത ജോലികള്‍ എത്ര വലുതായിരുന്നു. അവയെല്ലാം ദൈവസ്‌നേഹത്താല്‍ നിറഞ്ഞ വനായി അദ്ദേഹം ചെയ്തുതീര്‍ത്തു. ഹോളണ്ടില്‍ ജനിച്ചുവെങ്കിലും ജര്‍മനിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ജര്‍മനിയുടെ രണ്ടാം അപ്പസ്‌തോലനായിട്ടാ ണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ. പഠനത്തില്‍ അതിസമര്‍ഥനായിരുന്നു പീറ്റര്‍ കനീഷ്യസ്. ജര്‍മനിയിലെ കൊളോണിലായിരുന്നു വിദ്യാഭ്യാസം.




പത്തൊന്‍പതാം വയസില്‍ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. താനൊരു മടിയനാണെന്ന് അദ്ദേഹം പലരോടും പറയുമായിരുന്നു. എന്നാല്‍, സത്യത്തില്‍ മടിയെ ധീരമായി നേരിട്ട് വിജയം വരിച്ചവനായിരുന്നു പീറ്റര്‍. വാഴ്ത്തപ്പെട്ട പീറ്റര്‍ ഫാബറിന്റെ ധ്യാനപ്രസംഗമാണ് ഈശോ സഭയില്‍ ചേര്‍ന്നു യേശുവിനു വേണ്ടി ജോലി ചെയ്യുവാന്‍ പീറ്റര്‍ കനീഷ്യസിനെ പ്രേരിപ്പിച്ചത്. 1543ലായിരുന്നു അത്. മൂന്നുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചു. വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ (ജൂലൈ 31ലെ വിശുദ്ധന്‍) സന്തതസഹചാരി യായിരുന്നു കനീഷ്യസ്. അദ്ദേഹമെഴുതിയ പല പുസ്തകങ്ങളും കനീഷ്യസാണ് പ്രസാധനം ചെയ്തത്. തിരക്കുപിടിച്ച ജോലികളായിരുന്നു കനീഷ്യസിന്റെ ചുമതലയിലുണ്ടായിരുന്നത്. എന്നാല്‍, ഈ തിരക്കുകള്‍ക്കിടയിലും അദ്ദേഹം കാരാഗൃഹങ്ങള്‍ സന്ദര്‍ശിച്ചു, ആശുപത്രികളില്‍ രോഗികള്‍ക്കു ആശ്വാസവുമായെത്തി.

ജര്‍മനയില്‍ സുവിശേഷപ്രവര്‍ത്തനം നടത്തവേ, നിരവധി കോളജുകളും മതപരിശീലന കേന്ദ്ര ങ്ങളും അദ്ദേഹം തുടങ്ങി. നിരവധി പേരെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നു. കനീഷ്യസിന്റെ പ്രസംഗങ്ങള്‍ വിശ്വാസികളെ ആഴത്തില്‍ സ്പര്‍ശിക്കുന്നവയായിരുന്നു. അദ്ദേഹമെഴുതിയ വേദോപദേശം 12 ഭാഷകളിലായി ഇരുന്നൂറിലേറെ പതിപ്പുകള്‍ ഇറക്കി. അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെയായിരുന്നു ഇതെല്ലാം. രോഗബാധിതനായി കിടക്കുമ്പോഴും ഒരു സെക്രട്ടറിയുടെ സഹായത്താല്‍ അദ്ദേഹംതന്റെ രചനകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരുന്നു. 1597ല്‍ സ്വിറ്റ്‌സര്‍ലന്‍ ഡില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. 1925ല്‍ പോപ് പയസ് പതിനൊന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments