ഡിസംബര്‍ 22 : വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി

1850-ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി ജനിച്ചത്‌. പതിനെട്ട് വയസായപ്പോള്‍ കന്യാസ്ത്രീ ആകുവാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന്‌ വിഘാതമായി. തന്റെ മാതാപിതാക്കളുടെ മരണം വരെ അവള്‍ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരന്‍മാര്‍ക്കൊപ്പം കൃഷിയിടത്തില്‍ ജോലി ചെയ്തു.



ഒരു ദിവസം ഒരു പുരോഹിതന്‍ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള സ്കൂളില്‍ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. അത് സ്വീകരിച്ച വിശുദ്ധ അവിടെ 6 വര്‍ഷത്തോളം പഠിപ്പിച്ചു. പിന്നീട് അവളുടെ മെത്രാന്റെ നിര്‍ദ്ദേശപ്രകാരം, സ്കൂളുകളിലേയും, ആശുപത്രികളിലേയും പാവപ്പെട്ട കുട്ടികളെ പരിചരിക്കുവാനായി ‘മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട്’ സന്യാസിനീ സഭ സ്ഥാപിച്ചു. ലിയോ പതിമൂന്നാമന്റെ അപേക്ഷപ്രകാരം വിശുദ്ധയും 6 കന്യാസ്ത്രീകളും ഇറ്റലിയില്‍ നിന്നുമുള്ള കുടിയേറ്റകാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനായി അമേരിക്കയിലെത്തി.

ദൈവത്തിലുള്ള അഗാധമായ വിശ്വാസവും, അപാരമായ കാര്യശേഷിയുമുള്ള ഈ വിശുദ്ധ വനിത ആ അപരിചിത നാട്ടില്‍ ധാരാളം സ്കൂളുകളും, ആശുപത്രികളും, അനാഥാലയങ്ങളും സ്ഥാപിച്ചു. ഈ സ്ഥാപങ്ങള്‍ ഇറ്റാലിയന്‍ കുടിയേറ്റക്കാര്‍ക്കാര്‍ക്കും, കുട്ടികള്‍ക്കും, വളരെയേറെ അനുഗ്രഹപ്രദമായി. 1917 ഡിസംബര്‍ 22ന് ഇല്ലിനോയിസിലെ ഷിക്കാഗോയില്‍ വച്ച് വിശുദ്ധ മരിക്കുമ്പോള്‍ അവള്‍ സ്ഥാപിച്ച സഭക്ക്‌ ഇംഗ്ലണ്ട്, ഫ്രാന്‍സ്‌, സ്പെയിന്‍, യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായി നിരവധി സന്യാസിനീ മഠങ്ങളും, സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു. 1946-ല്‍ പിയൂസ്‌ പന്ത്രണ്ടാമന്‍ മാര്‍പാപ്പാ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ പൗരത്വമുള്ളവരില്‍ നിന്നും വിശുദ്ധപദവി ലഭിച്ച ആദ്യ വിശുദ്ധ എന്ന ഖ്യാതിയും ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനിയ്ക്കുണ്ട്. കുടിയേറ്റക്കാരുടെ മധ്യസ്ഥയായി വിശുദ്ധ ആദരിക്കപ്പെടുന്നു.

Comments