ഇറ്റലിയില്‍ നാലാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ രക്തസാക്ഷിത്വം വരിച്ച ബിഷപ്പാണ് സബിനസ്. അസീസിയിലെ ബിഷപ്പായിരുന്നു അദ്ദേഹം. ഡയൊക്ലിഷനും മാക്‌സിമിയനും റോമന്‍ ചക്രവര്‍ത്തി മാരായിരുന്ന കാലത്തായിരുന്നു അത്. ചക്രവര്‍ത്തിമാര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് പ്രസി ദ്ധം ചെയ്ത വിളംബരം ക്രിസ്ത്യാനികളെ എല്ലാം ഭയചകിത രാക്കി. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വിവരം പുറത്തറിഞ്ഞാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായി പ്രഖ്യാപിച്ചവരെല്ലാം മരണത്തെ സ്വീകരിച്ചവരായി മാറി. ചിലര്‍ ദൂരസ്ഥലങ്ങളിലേക്ക് ഓടിരക്ഷപ്പെട്ടു. മറ്റുള്ളവര്‍ രഹസ്യമായി കഴിഞ്ഞു. സബിനസിനെയും അദ്ദേഹത്തിന്റെ ഡീക്കന്‍മാരായ രണ്ടുപേരെയും കുറെ വിശ്വാസികളെയും പടയാളികള്‍ തടവിലാക്കി.
ഗവര്‍ണറായിരുന്ന വെനസ്തിയാനസിന്റെ പക്കല്‍ ഇവരെ വിചാര ണയ്ക്കു കൊണ്ടുവന്നു. സബിനസ് പരസ്യമായി തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. ജൂപ്പിറ്റര്‍ ദേവന്റെ വലിയൊരു വിഗ്രഹം സ്വര്‍ണം കൊണ്ടുണ്ടാക്കിയത് സബിനസിന്റെ മുന്നില്‍കൊണ്ടുവന്നു. വിഗ്രഹത്തെ നമസ്‌കരിക്കാന്‍ സബിനസിനോട് ഗവര്‍ണര്‍ കല്പിച്ചു. അദ്ദേഹം അത് എടുത്തു വലിച്ചെറിഞ്ഞു. മരണത്തെ സ്വീകരിക്കേണ്ടിവന്നാലും യേശുവിനെ തള്ളിപ്പറയില്ലെന്ന സബിനസി ന്റെ പ്രഖ്യാപനം അദ്ദേഹത്തെ ക്ഷുഭിതനാക്കി. സബിനസിന്റെ രണ്ടുകൈകളും അപ്പോള്‍തന്നെ വെട്ടിനീക്കി. മറ്റുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചു. പീഡനങ്ങള്‍ അവരുടെ മരണം സംഭവിക്കുന്നതു വരെനീണ്ടുനിന്നു. സബിനസിനെ കുറെദിവസങ്ങള്‍കൂടി തടവറയില്‍ പാര്‍പ്പിച്ചു.
ഏതോ ജയില്‍ ഉദ്യോഗസ്ഥന്റെ ഭാര്യയും സബിനസിന്റെ അദ്ഭുതപ്രവൃത്തികള്‍ കേട്ടറിഞ്ഞിട്ടുള്ളവളുമായി ഒരു സ്ത്രീ തന്റെ അന്ധനായ മകനെയും കൊണ്ട് അദ്ദേഹത്തിനെ കാണാന്‍ തടവറയിലെത്തി. സബിനസ് ആ ബാലനു കാഴ്ചശക്തി കിട്ടുന്നതിനുവേണ്ടി പ്രാര്‍ഥിച്ചു. തത്ക്ഷണം അവനു കാഴ്ച കിട്ടി. ഈ സംഭവത്തിനു സാക്ഷികളായിരുന്ന സഹതടവുകാര്‍ അപ്പോള്‍ തന്നെ യേശുവില്‍ വിശ്വസിച്ച് ക്രിസ്ത്യാനികളായി മാറി. ഗവര്‍ണറായ വെനസ്തിയാനസ് ഈ സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞു. ഗവര്‍ണറുടെ കണ്ണിലുണ്ടായിരുന്ന അസുഖം സബിനസ് സുഖപ്പെടുത്തി. ഗവര്‍ണറും ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണ റെയും കുടുംബത്തെയും ഉടന്‍തന്നെ കൊലപ്പെടുത്തി. പിന്നാലെ സബിനസും പീഡനങ്ങളേറ്റു വാങ്ങി രക്തസാക്ഷിത്വം വരിച്ചു.
Comments
Post a Comment