ഇറ്റലിയിലെ നേപ്പിള്‍സിനു സമീപമുള്ള നോല എന്ന സ്ഥലത്ത് ജനിച്ച ഫെലിക്‌സ് ഒറു സിറിയന്‍ സൈനികന്റെ മകനായിരുന്നു. യേശുക്രിസ്തുവില്‍ അടിയുറച്ചു വിശ്വസിച്ചവനായിരുന്നു ഫെലിക്‌സ്. പിതാവ് മരിച്ചതോടെ ഫെലിക്‌സ് തന്റെ ജീവിതം പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. തന്റെ സകല സ്വത്തുക്കളും വിറ്റുകിട്ടിയ പണം മുഴുവന്‍ സാധുക്കള്‍ക്കു വിതരണം ചെയ്ത ശേഷം അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. നോലയിലെ തന്നെ മറ്റൊരു വിശുദ്ധനായ മാക്‌സിമസും ഫെലിക്‌സും ഒന്നിച്ചായിരുന്നു സുവിശേഷ പ്രവര്‍ത്തനം. ഡെസിയസ് ചക്രവര്‍ത്തിയുടെ മതപീഡനകാലമായിരുന്നു അത്.
പിടിക്കപ്പെടാതിരിക്കുവാന്‍ മാക്‌സിമിസ് ഈ സമയത്ത് നാടുവിട്ടു. അദ്ദേഹം രോഗിയായിരുന്നു. എന്നാല്‍ ഫെലിക്‌സ് അവിടെ തന്നെ തുടര്‍ന്നു. വൈകാതെ, അദ്ദേഹം പിടിയിലായി. ക്രൂരമായ മര്‍ദനങ്ങള്‍ അദ്ദേഹം ഏറ്റുവാങ്ങി. വിശ്വാസത്തിനു വേണ്ടി പീഡനമേല്‍ക്കുന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. റോമന്‍ ഐതിഹ്യങ്ങളില്‍ തടവറയില്‍ നിന്ന് ഫെലിക്‌സിനെ രക്ഷപ്പെടുത്തിയതു മാലാഖമാ രാണ് എന്നു പറയുന്നുണ്ട്. രോഗിയായ മാക്‌സിമസിനെ ശുശ്രൂഷിക്കുന്നതിനു വേണ്ടിയാണ് മാലാഖമാര്‍ ഫെലിക്‌സിനെ രക്ഷപ്പെടുത്തിയതത്രേ. ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ ഫെലിക്‌സ് മാക്‌സിമസിനെ താമസിപ്പിച്ചു. അവര്‍ ഉള്ളില്‍ കയറിയതോടെ ഒരു വലിയ ചിലന്തിയെത്തി കെട്ടിടത്തിന്റെ വാതിലുകളില്‍ വല നെയ്തുവെന്നും ചിലന്തിവല കണ്ട് സൈനികര്‍ കെട്ടിടം പരിശോധിക്കാതെ കടന്നുപോയി എന്നുമാണ് കഥ. ഡെസിയസ് ചക്രവര്‍ത്തി മരിക്കുന്നതു വരെ ആ കെട്ടിടത്തിനുള്ളില്‍ അവര്‍ ഒളിവില്‍ പാര്‍ത്തു.
പിന്നീട് പുറത്തിറങ്ങി സുവിശേഷപ്രവര്‍ത്തനം തുടര്‍ന്നു. മാക്‌സിമസിന്റെ മരണത്തിനു ശേഷം ഫെലിക്‌സിനെ ബിഷപ്പായി തിരഞ്ഞെടുത്തു. എന്നാല്‍ അദ്ദേഹം അതു നിരസിച്ച് തന്നെക്കാള്‍ ഏഴു ദിവസം മുന്‍പ് പൗരോഹിത്യം സ്വീകരിച്ച മറ്റൊരാളെ ബിഷപ്പാക്കി. ഫെലിക്‌സിന്റെ മരണശേഷം അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നിരവധി അദ്ഭുതപ്രവര്‍ത്തനങ്ങള്‍ നടന്നു. അദ്ദേഹത്തിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ എത്തിയിരുന്ന വരുടെ അനുഭവങ്ങള്‍ വിശുദ്ധനായ പോളിനസ് എഴുതിയിട്ടുണ്ട്. ഫെലിക്‌സ് രോഗബാധിതനാ യാണ് മരിച്ചതെങ്കിലും അദ്ദേഹത്തെ രക്തസാക്ഷിയായാണ് പരിഗണിക്കുന്നത്. റോമന്‍ ചക്രവര്‍ത്തിയുടെ പീഡനങ്ങള്‍ മുഴുവന്‍ അദ്ദേഹം തടവറയില്‍ ഏറ്റുവാങ്ങിയിരുന്നു എന്നതിനാലാണത്.
Comments
Post a Comment