ജനുവരി 15 : ആദ്യ ക്രിസ്ത്യന്‍ സന്യാസിയായ വിശുദ്ധ പൗലോസ്

ക്രിസ്തുവിനേ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്‍റെ വിശ്വാസ തീക്ഷ്ണത ക്രൈസ്തവരായ നാമെല്ലാവര്‍ക്കും വലിയ ഒരു മാതൃകയാണ്. പ്രാര്‍ത്ഥനയുടെ ഏറ്റവും മഹത്തായ വക്താക്കളായ സന്യാസിമാരുടെ ജീവിതം ആദരിക്കപ്പെടേണ്ട ഒന്നാണ്. ആദ്യത്തെ ക്രിസ്ത്യന്‍ സന്യാസിയെന്നാണ് വിശുദ്ധ പൌലൊസിനെ ദൈവശാസ്ത്ര പണ്ഡിതര്‍ വിളിക്കുന്നത്.



പലവിധ പ്രശ്നങ്ങളാലും, വിശ്വാസപരമായ ഭിന്നതയാലും തിരുസഭ കഷ്ടപ്പെട്ടമ്പോള്‍ സന്യസ്ഥരുടെ പ്രാര്‍ത്ഥനകളാണ് തിരുസഭയുടെ രക്ഷക്കെത്തിയിരുന്നത്. തിരുസഭയില്‍ ആശ്രമജീവിതത്തിനും, സന്യാസസഭകളുടെ രൂപീകരണത്തിനും കാരണമായത് വിശുദ്ധ പൌലോസ് ശ്ലീഹായേ പോലുള്ളവരുടെ മഹത്തായ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വിശുദ്ധനെ കുറിച്ച് ആത്മീയോന്നതി നല്‍കുന്ന ഒരു ഐതിഹ്യം സഭാരേഖകളില്‍ കാണാവുന്നതാണ്. വാര്‍ദ്ധക്യ കാലഘട്ടത്തില്‍ വിശുദ്ധ അന്തോണി ദൈവീക പ്രേരണയാല്‍ വിശുദ്ധ പൗലോസിനെ സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുന്നു. ഇവര്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിരുന്നില്ല. പക്ഷെ കണ്ടുമുട്ടിയപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പരിചിതരെപ്പോലെ സുദീര്‍ഘമായി സംസാരിക്കുവാന്‍ ഇടയായി. വിശുദ്ധന് പതിവായി പകുതിയോളം അപ്പം ഭക്ഷണമായി കൊണ്ടു വന്നിരുന്ന വലിയ കാക്ക അന്ന് പതിവിനു വിപരീതമായി മുഴുവന്‍ അപ്പവും കൊണ്ട് വന്നു. കാക്ക പറന്നുപോയതിനു ശേഷം വിശുദ്ധ പൌലോസ് വിശുദ്ധ അന്തോണിയോട് ഇങ്ങനെ പറയുകയുണ്ടായി, "നമുക്ക് ഭക്ഷണം കൊടുത്തയച്ചിരിക്കുന്ന ദൈവം എത്രമാത്രം നന്മയും കരുണയുള്ളവനുമാണെന്ന് നോക്കൂ, കഴിഞ്ഞ 60 വര്‍ഷമായി എല്ലാ ദിവസവും എനിക്ക് പകുതി അപ്പം മാത്രമാണ് കിട്ടികൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങയുടെ വരവോടെ യേശു തന്റെ ദാസന്‍മാരുടെ ഭക്ഷണം ഇരട്ടിപ്പിച്ചിരിക്കുന്നു."

രാത്രിമുഴുവനും അവര്‍ ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി. നേരം വെളുത്തപ്പോള്‍ വിശുദ്ധ പൗലോസ്, വിശുദ്ധ അന്തോണിയോട് തന്റെ ആസന്നമായ മരണത്തെ കുറിച്ചറിയിക്കുകയും, വിശുദ്ധ അത്തനാസിയൂസില്‍ നിന്നും തനിക്ക് ലഭിച്ച മേലങ്കി അണിയുവാനായി എടുത്ത് കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്ത വിശുദ്ധ അന്തോണി തിരികെ പോകാനിറങ്ങിയപ്പോള്‍ വിശുദ്ധ പൌലൊസ് ശ്ലീഹാ അപ്പൊസ്തോലന്മാരാലും മാലാഖ വൃന്ദത്താലും ചുറ്റപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെടുന്നതായി കണ്ടു. 376-ല്‍ വിശുദ്ധ ജെറോം എഴുതിയ "സന്യാസിയായ പൗലോസിന്റെ ജീവിതം" (The life of Paul the Hermit) എന്ന ഗ്രന്ഥത്തില്‍ വിശുദ്ധനെ കുറിച്ചുള്ള മറ്റ് നിരവധി അനുഭവകഥകളും കാണാവുന്നതാണ്.

Comments