ആദ്യകാല റോമന്‍ സഭയിലെ ഒരു വിശുദ്ധയാണ് പ്രിസില്ല എന്നറിയപ്പെടുന്ന വിശുദ്ധ പ്രിസ്ക്കാ. ഒരു കുലീന കുടുംബത്തിലെ ക്രിസ്തീയരായ മാതാപിതാക്കളുടെ മകളായി ജനിച്ച വിശുദ്ധ പ്രിസ്ക്കാ റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസിന്റെ കാലത്താണ് ജീവിച്ചിരുന്നത്. മറ്റുള്ള റോമന്‍ ചക്രവര്‍ത്തിമാരുടെയത്രയും മതപീഡനം ക്ലോഡിയസ് നടത്തിയില്ലായെങ്കിലും, ക്രിസ്ത്യാനികള്‍ തുറന്ന വിശ്വാസ പ്രകടനങ്ങള്‍ക്ക് തയ്യാറായിരുന്നില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ വിശുദ്ധ പ്രിസ്ക്കായുടെ മാതാപിതാക്കള്‍ വലിയൊരളവ് വരെ തങ്ങളുടെ വിശ്വാസം മറച്ചുവക്കുന്നതില്‍ വിജയിച്ചിരുന്നതിനാല്‍ അവര്‍ ക്രിസ്ത്യാനികളാണെന്ന സംശയം ആര്‍ക്കും ഉണ്ടായിരുന്നില്ല.
എന്നിരുന്നാലും തന്റെ വിശ്വാസം മറച്ചുവെക്കുന്നതില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് വിശുദ്ധക്ക് തോന്നിയിരുന്നില്ല. ചെറുപ്പത്തില്‍ തന്നെ അവള്‍ യേശുവിലുള്ള തന്റെ വിശ്വാസത്തെപ്പറ്റി തുറന്നു പറഞ്ഞു. അധികം താമസിയാതെ ഇക്കാര്യം ചക്രവര്‍ത്തിയുടെ ചെവിയിലുമെത്തി. ചക്രവര്‍ത്തി അവളെ പിടികൂടുകയും വിജാതീയ ദൈവമായ അപ്പോളോക്ക് ബലിയര്‍പ്പിക്കുവാന്‍ അവളോടു ആജ്ഞാപിക്കുകയും ചെയ്തു.
യേശുവില്‍ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്ന വിശുദ്ധ പ്രിസ്ക്കാ ഇതിനു വിസമ്മതിച്ചു, ഇക്കാരണത്താല്‍ അവര്‍ വിശുദ്ധയെ വളരെ ക്രൂരമായി മര്‍ദ്ദിച്ചു. അപ്പോള്‍ പെട്ടെന്ന്‍ തന്നെ അവള്‍ക്ക് മുകളിലായി ഒരു തിളക്കമാര്‍ന്ന മഞ്ഞപ്രകാശം പ്രത്യക്ഷപ്പെടുകയും അവള്‍ ഒരു ചെറിയ നക്ഷത്രമായി കാണപ്പെടുകയും ചെയ്തു.
വിശുദ്ധ പ്രിസ്ക്കാ, ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഉപേക്ഷിക്കും എന്ന പ്രതീക്ഷയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി വിശുദ്ധയെ തുറുങ്കിലടക്കുവാന്‍ ഉത്തരവിട്ടു. അവളുടെ മനസ്സ് മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവളെ ഗോദായില്‍ (Amphitheatre) കൊണ്ട് പോയി സിംഹത്തിനെറിഞ്ഞു കൊടുത്തു.
തിങ്ങികൂടിയ കാണികളെ സ്തബ്ദരാക്കികൊണ്ട് വിശുദ്ധ ഭയലേശമന്യേ നിലയുറപ്പിച്ചു. നഗ്നപാദയായി നില്‍ക്കുന്ന ആ പെണ്‍ക്കുട്ടിക്കരികിലേക്ക് സിംഹം ചെല്ലുകയും അവളുടെ പാദങ്ങള്‍ നക്കി തുടക്കുകയും ചെയ്തു. അവളെ പിന്തിരിപ്പിക്കുവാനുള്ള തന്റെ വിഫലമായ ശ്രമങ്ങളില്‍ വിറളിപൂണ്ട ചക്രവര്‍ത്തി അവസാനം അവളെ കഴുത്തറത്ത് കൊലപ്പെടുത്തി. ഏഴാം നൂറ്റാണ്ടിലെ റോമന്‍ രക്തസാക്ഷികളുടെ കല്ലറകളുടെ സ്ഥിതിവിവരകണക്കില്‍ ഒരു വലിയ ഗുഹയിലെ കല്ലറയില്‍ പ്രിസില്ലയെ അടക്കം ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു.
Comments
Post a Comment