പരിശുദ്ധ മറിയവും യൗസേപ്പ് പിതാവും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ വണങ്ങുന്ന വിശുദ്ധരില്‍ ഒരാളാണ് സെബാസ്റ്റിയന്‍ (സെബസ്ത്യാനോസ്). കേരളത്തിലെ നിരവധി ദേവാലയങ്ങള്‍ ഈ വിശുദ്ധന്റെ മധ്യസ്ഥതയിലുള്ളതാണ്. റോമന്‍ സേനയിലെ വെറുമൊരു പടയാളിയായിരുന്ന സെബാസ്റ്റിയന്‍ ലോകമെങ്ങും അറിയപ്പെടുന്ന വിശുദ്ധനായി മാറിയ കഥ ഏതൊരാളെയും വിശുദ്ധ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. സെബാസ്റ്റിയന്‍ വളരെ സമ്പന്നമായ ഒരു റോമന്‍ കുടുംബത്തിലെ അംഗമായിരുന്നു. മിലാനി ലായിരുന്നു വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കി റോമന്‍ സൈന്യത്തില്‍ ചേര്‍ന്നു. ചക്രവര്‍ത്തി യുടെ പ്രിയപ്പെട്ട സൈനികരില്‍ ഒരാളായി മാറാന്‍ സെബസ്ത്യാനോസിനു കഴിഞ്ഞു. ക്രൈസ്ത വപീഡന കാലം തുടങ്ങിയതോടെയാണ് സെബസ്ത്യാനോസ് ചക്രവര്‍ത്തിയുമായി അകന്നത്.
സൈനിക ജീവിതം അവസാനിപ്പിക്കാന്‍ അദ്ദേഹം തയാറായില്ല. പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ സൈനികന്‍ എന്ന നിലയിലുള്ള തന്റെ അധികാരങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരെ സെബസ്ത്യാനോസ് സന്ദര്‍ ശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അവര്‍ക്കു വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. രോഗികളെ സന്ദര്‍ശിക്കുവാനും ദരിദ്രരെ സാമ്പത്തികമായി സഹായിക്കുവാനും അദ്ദേഹം എപ്പോഴും ശ്രമിച്ചു. അങ്ങനെയിരിക്കെ, മാര്‍ക്കസ് എന്നും മര്‍സല്ലിനസ് എന്നും പേരുള്ള രണ്ട് ക്രൈസ്തവ യുവാക്കള്‍ തടവിലാക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ യേശുവിനെ തള്ളിപ്പറയാനും അതുവഴി തടവറയില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുവാനും അവര്‍ സമ്മതിച്ചു. എന്നാല്‍, ഇതറിഞ്ഞ സെബസ്ത്യാനോസ് തടവറയിലെത്തി ഇവരെ ഉപദേശിച്ചു.
യേശുവിനെ തള്ളിപ്പറയുന്നതിനെപ്പറ്റി ചിന്തിച്ചുപോയതില്‍ അവര്‍ പശ്ചാത്തപിച്ചു. തടവറയില്‍ കാവല്‍ നിന്നിരുന്ന മറ്റൊരു സൈനികന്റെ ഭാര്യ ഊമയായിരുന്നു. സെബസ്ത്യാനോസ് ഈ സ്ത്രീയെ വിളിച്ച് അവളുടെ നെറ്റിയില്‍ കുരിശു വരച്ചു. ഇതോടെ, അവള്‍ക്ക് സംസാരശേഷി തിരിച്ചുകിട്ടി. ഈ അദ്ഭുതത്തിനു സാക്ഷിയായ ഇരുപതോളം സൈനികരും റോമന്‍ ഗവര്‍ണറും അപ്പോള്‍ തന്നെ യേശുവില്‍ വിശ്വസിച്ച് ക്രൈസ്തവമതം സ്വീകരിച്ചു. ക്രൈസ്തവ വിരോധികളായ ചിലര്‍ സെബസ്ത്യാനോസിന്റെ അദ്ഭുതപ്രവര്‍ത്തികള്‍ ചക്രവര്‍ത്തി യുടെ മുന്നിലെത്തിച്ചു. ക്രൈസ്തവനാകുക എന്നത് മരണം ഉറപ്പാകുന്ന ശിക്ഷയായിരുന്നു അന്ന്. ചക്രവര്‍ത്തി സെബസ്ത്യാനോസിനോട് ജൂപ്പിറ്റര്‍ ദേവനെ ആരാധിക്കുവാന്‍ കല്പിച്ചു. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ പല പദവികളും നല്‍കാമെന്നും ധാരാളം പണം സമ്പാദിക്കാനാകു മെന്നും പ്രലോഭനങ്ങളുണ്ടായി.
സെബസ്ത്യാനോസ് വഴങ്ങിയില്ല. ഒടുവില്‍ ചക്രവര്‍ത്തി മരണ ശിക്ഷ വിധിച്ചു. സെബസ്ത്യാനോസിനെ ഒരു മരത്തില്‍ ബന്ധിച്ച ശേഷം പടയാളികള്‍ അദ്ദേഹത്തിന്റെ നേരെ അമ്പുകളയച്ചു. ദേഹം മുഴുവന്‍ ശരങ്ങള്‍ കുത്തിക്കയറി. രക്തം വാര്‍ന്നൊഴുകി. അക്ഷമനായി ദൈവത്തെ സ്തുതിച്ചുകൊണ്ട് അദ്ദേഹം ശരങ്ങളേറ്റുവാങ്ങി. ഒടുവില്‍ അദ്ദേഹത്തിന്റെ കണ്ണുകള ടഞ്ഞു. സെബസ്ത്യാനോസ് മരിച്ചുവെന്നു കരുതി സൈനികള്‍ സ്ഥലം വിട്ടു. ക്രൈസ്തവ വിശ്വാസിയായ ഒരു സ്ത്രീ രഹസ്യമായി അദ്ദേഹത്തിന്റെ മൃതദേഹമെടുത്ത് അടക്കം ചെയ്യാനായി വന്നു. വിശുദ്ധന്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തി അവര്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു. എന്നാല്‍, ഈ സംഭവം ഉടന്‍തന്നെ ചക്രവര്‍ത്തിയുടെ ചെവിയിലെത്തി. അദ്ദേഹം ഇരുമ്പുവടി കൊണ്ട് അടിച്ച് വിശുദ്ധനെ കൊല്ലാന്‍ ഉത്തരവിട്ടു. അപ്രകാരം വലിയ ഇരുമ്പുലക്ക കൊണ്ടുള്ള അടിയേറ്റ് ആ വിശുദ്ധന്‍ മരണമേറ്റുവാങ്ങി.
Comments
Post a Comment