ജനുവരി 25 : വി. ഡൈന്‍വെന്‍ (അഞ്ചാം നൂറ്റാണ്ട്)

പ്രണയിനികളുടെ മധ്യസ്ഥയാണ് വി.ഡൈന്‍വെന്‍. തങ്ങളുടെ പ്രണയം സഫലമാക്കുന്നതിനായി ഡൈന്‍വെന്നിനോടു പ്രാര്‍ഥിക്കുന്ന യുവതികള്‍ ഇന്നും ഏറെയുണ്ട്. അഞ്ചാം നൂറ്റാണ്ടില്‍, വെയിത്സ് ഭരിച്ചിരുന്ന ബ്രിച്ചന്‍ എന്ന രാജാവിന്റെ മകളായിരുന്നു സുന്ദരിയായ ഡൈന്‍വെന്‍. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന്, അവളെ മോഹിച്ചു കഴിഞ്ഞിരുന്ന യുവാക്കള്‍ ഏറെയുണ്ടായിരുന്നു. പക്ഷേ, യേശുവിനു വേണ്ടി മാത്രമായി തന്റെ ജീവിതത്തെ മാറ്റിവയ്ക്കണമെന്നായിരുന്നു അവള്‍ മോഹിച്ചിരുന്നത്. ഭക്തയും ദാനധര്‍മങ്ങളില്‍ ഏറെ ശ്രദ്ധവച്ചിരുന്നവളുമായിരുന്ന ഡൈന്‍വെനിനെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.




ഡൈന്‍വെന്‍ പ്രണയിനികളുടെ മധ്യസ്ഥയായി മാറിയതിന്റെ പിന്നിലുള്ള ഐതിഹ്യം ഏറെ പ്രസിദ്ധമാണ്. ഈ കഥയില്‍ എത്ര സത്യമുണ്ടെന്നു ഇന്ന് പറയുക സാധ്യമല്ലെന്നു മാത്രം. ഒരിക്കല്‍, ബ്രിച്ചാന്‍ രാജാവ് വലിയൊരു വിരുന്നു നടത്തി. രാജാക്കന്‍മാരും രാജകുമാരന്‍മാരും ഉന്നതകുലജാതരും മാത്രമുള്ള വിരുന്നില്‍ ഡൈന്‍വെന്നും പങ്കെടുത്തു. അവിടെ വിരുന്നിനെത്തിയ മീലണ്‍ എന്നു പേരുള്ള പ്രഭുകുമാരന്‍ ഡൈന്‍വെന്നിനെ കണ്ട മാത്രയില്‍ തന്നെ പ്രണയിച്ചു. ഡൈന്‍വെന്നിനും മീലണിനെ ഇഷ്ടമായി. മീലണ്‍ അപ്പോള്‍ തന്നെ ബ്രിച്ചന്‍ രാജാവിനോടു വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, രാജാവിനു മീലണിനെ ഇഷ്ടമായിരുന്നില്ല. അദ്ദേഹം വിവാഹത്തിനു അനുമതി കൊടുത്തില്ല. മീലണ്‍ തനിക്കൊപ്പം ഇറങ്ങിവരാന്‍ ഡൈന്‍വെന്നിനെ നിര്‍ബന്ധിച്ചു.

എന്നാല്‍, വിവാഹം കഴിക്കാതെ അയാള്‍ക്കൊപ്പം പോകാന്‍ അവള്‍ തയാറായില്ല. മാത്രമല്ല, ഒരു സന്യാസിനിയായി ജീവിക്കാനാണ് തന്റെ മോഹമെന്നു അവള്‍ പറഞ്ഞു. നിരാശനായ മീലണ്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. ഡൈന്‍വെന്‍ ദുഃഖിതയായി. വിവാഹം അവള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും മീലണിനെ വേദനിപ്പിച്ചതില്‍ അവള്‍ക്കു ദുഃഖമുണ്ടായിരുന്നു. അവള്‍ കരഞ്ഞു പ്രാര്‍ഥിച്ചു. മീലണിനെക്കുറിച്ചുള്ള ചിന്തകള്‍ അലട്ടാതെ, വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവാനുള്ള ശക്തിക്കുവേണ്ടി യാചിച്ചു. അവളുടെ പ്രാര്‍ഥന ദൈവം കേട്ടു. സ്വപ്നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് അവള്‍ക്കു ഒരു പാനീയം കൊടുത്തു. അവളും മീലണും അതു കുടിക്കുന്നതായും തത്ക്ഷണം മീലണ്‍ ഒരു വലിയ മഞ്ഞുകട്ടിയായി മാറി. ഡൈന്‍വെന്നിനു മൂന്നു വരങ്ങളും മാലാഖ കൊടുത്തു.

അവള്‍ അഭ്യര്‍ഥിച്ച മൂന്നു വരങ്ങള്‍ ഇപ്രകാരമായിരുന്നു. 1. മീലണിനെ വീണ്ടും ഒരു മനുഷ്യനാക്കണം. 2. ലോകത്തുള്ള എല്ലാ കാമുകീകാമുകന്‍മാര്‍ക്കും സന്തോഷം നല്‍കണം. 3. തന്നെ പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കുവാനും അശുദ്ധചിന്തകളില്ലാതെ ദൈവസ്‌നേഹത്തില്‍ അലിഞ്ഞുചേരുവാനും കൃപയരുളണം. മൂന്നു വരങ്ങളും മാലാഖ നല്‍കി. ഡൈന്‍വെന്‍ പിന്നീട് സുവിശേഷപ്രാസംഗികയായി മാറി. വെയില്‍സില്‍ ഉടനീളം അവള്‍ യേശുവിന്റെ വചനം പ്രഘോഷിച്ചു. ഡൈന്‍വെന്‍ സ്ഥാപിച്ച ദേവാലയത്തിലും ആശ്രമത്തിലും ഇന്നും നിരവധി കാമുകിമാര്‍ തങ്ങളുടെ പ്രണയം സഫലമാക്കുവാനുള്ള പ്രാര്‍ഥനകളുമായി എത്താറുണ്ട്. ഡൈന്‍വെന്നിന്റെ മധ്യസ്ഥദിനത്തില്‍ കാമുകര്‍ക്കു ആശംസാകാര്‍ഡ് അയയ്ക്കുന്ന പതിവും ഇപ്പോഴുണ്ട്.

Comments