വിധവകളുടെ മധ്യസ്ഥയായി അറിയപ്പെടുന്ന പൗള റോമിലെ സെനറ്ററായിരുന്ന ടോക്‌സോഷ്യസിന്റെ ഭാര്യയായിരുന്നു. അഞ്ചു മക്കളുടെ അമ്മയായിരുന്നു പൗള. ഇവരില്‍ യൂസ്‌റ്റോഷിയം, ബ്ലേസില്ല എന്നിവര്‍ പിന്നീട് വിശുദ്ധപദവി ലഭിച്ചവരാണ്. പൗളയുടെ ദാമ്പത്യം വളരെ മാതൃകാപരമായിരുന്നു. പരോപകാര പ്രവൃത്തികളും പ്രാര്‍ഥനയും ദാനധര്‍മവും അടിസ്ഥാനമാക്കിയാണു ആ കുടുംബം ജീവിച്ചത്. ദൈവകൃപ അവര്‍ക്കുണ്ടായിരുന്നു. പൗളയ്ക്കു 32 വയസുള്ളപ്പോള്‍ പെട്ടെന്നൊരു ദിവസം ഭര്‍ത്താവ് ടോക്‌സോഷ്യസ് മരിച്ചു. ഇത് പൗളയെ മാനസികമായി തളര്‍ത്തി. എന്നാല്‍, പ്രാര്‍ഥന അവള്‍ക്കു ശക്തി പകര്‍ന്നു. തന്റെ ജീവിതം പൂര്‍ണമായി സഹജീവികള്‍ക്കു സമര്‍പ്പിച്ചുകൊണ്ട് ആത്മീയ വഴിയിലേക്കു തിരിയാന്‍ അവള്‍ തീരുമാനിച്ചു.
എ.ഡി. 382ല്‍ പൗള വിശുദ്ധ ജെറോമിനെ (സെപ്റ്റംബര്‍ 30ലെ വിശുദ്ധന്‍) കണ്ടുമുട്ടി. ഇത് അവളുടെ ജീവിതത്തെ പൂര്‍ണമായി മാറ്റിമറിച്ചു. ജെറോമിന്റെ വാക്കുകള്‍ പൗളയുടെ ആത്മീയതയെ ഏറെ സ്വാധീനിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ മറ്റൊരു ദുരന്തം കൂടി പൗളയ്ക്കു നേരിടേണ്ടി വന്നു. മകള്‍ ബ്ലേസില്ലയുടെ മരണം. ദുഃഖിതയായ പൗള മകന്‍ യൂസ്‌റ്റോഷിയത്തിനൊപ്പം റോം വിട്ട് ദൂരദേശത്തേക്കു പോയി. ഇരുവരും വി. ജെറോമിനൊപ്പം വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ചു. ഒരു വര്‍ഷത്തോളം അവിടെ കഴിഞ്ഞശേഷം ബേത്‌ലഹേമില്‍ താമസമാക്കി. അവിടെ ഒരു ആശ്രമവും ഒരു ആതുരശുശ്രൂഷാകേന്ദ്രവും ഒരു മഠവും സ്ഥാപിച്ച്, അതു നോക്കി നടത്തി. ജെറോമിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകയായി മാറിയ പൗള അദ്ദേഹത്തെ പുസ്തകങ്ങളെഴുതാനും ബൈബിള്‍ പഠനങ്ങളിലും സഹായിച്ചു. ജെറോമിന്റെ സഹായത്താല്‍ നിരവധി ദേവാലയങ്ങളും പൗള സ്ഥാപിച്ചു. എ.ഡി. 404ല്‍ ഒരു ജനുവരി 26-ാം തിയതി പൗള മരിച്ചു.
Comments
Post a Comment