അക്വിനോയിലെ പ്രഭുവിന്റെ മകനായിരുന്നു തോമസ് അക്വിനാസ്. ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച ഇദ്ദേഹം, വിജ്ഞാനിയായ വിശുദ്ധന്‍, വിശുദ്ധനായ വിജ്ഞാനി എന്നൊക്കെ അറിയപ്പെടുന്നു. പ്രഭു കുടുംബത്തില്‍ ജനിച്ചതിനാല്‍ പ്രഭുക്കന്‍മാരുമായും രാജകുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്നു തോമസ് അക്വിനാസിന്. എന്നാല്‍, യഥാര്‍ഥ രാജാവും പ്രഭുവും യേശുക്രിസ്തുവാണെന്നു തിരിച്ചറിഞ്ഞ് ജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബെനഡിക്ടന്‍ സന്യാസസഭയുടെ കീഴിലുള്ള ഒരു വിദ്യാലയത്തിലായിരുന്നു തോമസ് പഠിച്ചത്. തുടര്‍ന്ന് നേപ്പിള്‍സ് സര്‍വകലാശാലയിലും പഠിച്ചു. ഒരു വൈദികനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
എന്നാല്‍ വീട്ടുകാര്‍ അതിനു സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതിനാല്‍ പഠനം പൂര്‍ത്തിയായപ്പോള്‍ തോമസ് രഹസ്യമായി ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു സഭാവസ്ത്രം സ്വീകരിച്ചു. എന്നാല്‍, വീട്ടുകാര്‍ ഇത് അറിഞ്ഞതോടെ പ്രശ്‌നമായി. അവര്‍ തോമസിനെ ബലമായി പിടിച്ചു കൊണ്ടു പോയി വീട്ടുതടങ്കലിലാക്കി. ഒന്നരവര്‍ഷത്തോളം തടവറയില്‍ കഴിഞ്ഞുവെങ്കിലും ഇത്, തോമസിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. തടവറയില്‍ യേശുവുമായി പ്രാര്‍ഥനയിലൂടെ ഒന്നാകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തോമസ് അക്വിനാസിന്റെ ദൈവികചിന്ത നീക്കുവാന്‍ മാതാപിതാക്കള്‍ അതീവസുന്ദരിയായ ഒരു വേശ്യയെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കടത്തിവിട്ടു. എന്നാല്‍, ആ പ്രലോഭനത്തെയും അദ്ദേഹം അതിജീവിച്ചു. ഒടുവില്‍ മകനെ വഴിതെറ്റിക്കാന്‍ കഴിയാത്തതില്‍ നിരാശരായ മാതാപിതാക്കളെ വിട്ട് തോമസ് അക്വിനാസ് ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു.
മഹാനായ വിശുദ്ധ ആല്‍ബര്‍ട്ടിന്റെ ആശ്രമത്തില്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായി മാറിയ തോമസ് അക്വിനാസ്, 1250 ല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് പാരീസ് സര്‍വകലാശാലയില്‍ മതപഠന അധ്യാപകനായി. ഇക്കാലത്ത് നിരവധി പുസ്തകങ്ങള്‍ അക്വിനാസ് എഴുതി. പുസ്തകങ്ങള്‍ വായിക്കുന്നവരെല്ലാം ദൈവസ്‌നേഹത്തില്‍ അലിഞ്ഞുചേരുമായിരുന്നു. എന്നാല്‍, പലപ്പോഴും തന്റെ ഭാഷയെയും താന്‍ എഴുതിയിരിക്കുന്നവയെയും കുറിച്ച് അക്വിനാസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് അത് ഇഷ്ടമാകാതെ പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. ഒരു ദിവസം, യേശുക്രിസ്തുവിന്റെ ദര്‍ശനം അദ്ദേഹത്തിനുണ്ടായി. 'എന്നെപ്പറ്റി എത്ര സുന്ദരമായി നീ എഴുതിയിരിക്കുന്നു' എന്ന് യേശു സ്വപ്നത്തില്‍ അദ്ദേഹത്തോടു പറഞ്ഞു. വിശുദ്ധ കുര്‍ബാനയോടും തിരുസഭയോടും അക്വിനാസിനുണ്ടായിരുന്ന ഭക്തി വര്‍ണിക്കുക സാധ്യമല്ല.
ഒരു ക്രൈസ്തവ സന്യാസി എങ്ങനെ ജീവിക്കണമെന്ന് അദ്ദേഹം തന്റെ ജീവിതം വഴിയായി മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുത്തു. അക്വിനാസിനൊപ്പമുണ്ടായിരുന്ന സന്യാസിമാര്‍ ചേര്‍ന്ന് ഒരിക്കല്‍ അദ്ദേഹത്തെ പരിഹസിച്ചു. 'തോമസ്, ഇതാ ഒരു കാള പറന്നു പോകുന്നു' എന്ന്. അവര്‍ വിളിച്ചു പറഞ്ഞതു കേട്ട് അതു കാണാന്‍ അക്വിനാസ് ഓടിച്ചെന്നു. ഇതു കണ്ട് മറ്റുള്ളവര്‍ അദ്ദേഹത്തെ കളിയാക്കി. 'നീ എന്തു മൂഢനാണ്. കാള പറന്നു പോകുന്നു എന്നു കേട്ടപ്പോള്‍ നീ വിശ്വസിച്ചുവല്ലോ' എന്ന് അവര്‍ കളിയാക്കി ചോദിച്ചു. തോമസ് അക്വിനാസിന്റെ മറുപടി ഇതായിരുന്നു. 'ഒരു സന്യാസി കള്ളം പറയുന്നു എന്നു കേള്‍ക്കുന്നതിനെക്കാള്‍ ഞാന്‍ വിശ്വസിക്കുക കാള പറക്കുന്നു എന്നു കേള്‍ക്കുമ്പോഴാണ്.' മറ്റുള്ളവര്‍ ഇളിഭ്യരായി എന്നു മാത്രമല്ല, തോമസിന്റെ വാക്കുകള്‍ അവരെ ചെയ്തു പോയ തെറ്റിനെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 1274 ലാണ് തോമസ് അക്വിനാസ് മരിക്കുന്നത്. 1323ല്‍ വിശുദ്ധനായും 1567ല്‍ സഭയുടെ വേദപാരംഗതനായും അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു.
Comments
Post a Comment