സലേഷ്യന്‍ സൊസൈറ്റിയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബോസ്കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള ഒരു മലയോര ഗ്രാമമായ ബെച്ചിയിലാണ് ജനിച്ചത്. വിശുദ്ധന് രണ്ടുവയസ്സ് കഴിഞ്ഞപ്പോഴേക്കും, വിശുദ്ധന്റെ അമ്മയായ മാര്‍ഗരെറ്റ് ബോസ്കൊയെ തങ്ങളുടെ മൂന്ന് ആണ്‍കുട്ടികളുടേയും ഉത്തരവാദിത്വം ഏല്‍പ്പിച്ചുകൊണ്ട് പിതാവ് മരണമടഞ്ഞു. ആദ്യകാലങ്ങള്‍ ഒരാട്ടിടയനായിട്ടായിരുന്നു അദ്ദേഹം ചിലവഴിച്ചിരുന്നത്. തന്റെ ആദ്യപാഠങ്ങള്‍ ജോണ്‍ സീകരിച്ചത് അവന്റെ ഇടവക വികാരിയില്‍ നിന്നുമായിരുന്നു. അദ്ദേഹം ഒരു ഫലിതപ്രിയനും, നല്ല ഓര്‍മ്മശക്തിയുള്ളവനുമായിരുന്നു.
വര്‍ഷങ്ങള്‍ കടന്നു പോയി, വിജ്ഞാനത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം വിശുദ്ധനില്‍ ശക്തമായി. എന്നാല്‍ വീട്ടിലെ ദാരിദ്ര്യം നിമിത്തം പലപ്പോഴും വിശുദ്ധന് തന്റെ പഠനമുപേക്ഷിച്ചു വയലില്‍ പണിക്ക് പോകേണ്ടതായി വന്നു. എന്നിരുന്നാലും പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഒരിക്കലും വിശുദ്ധന്‍ ഉപേക്ഷിച്ചിരുന്നില്ല. 1835-ല്‍ ജോണ്‍ ചിയേരിയിലെ സെമിനാരിയില്‍ ചേര്‍ന്നു. ആറു വര്‍ഷത്തെ പഠനത്തിനു ശേഷം ടൂറിനിലെ മെത്രാപ്പോലീത്തയായിരുന്ന ഫ്രാന്‍സോണിയില്‍ നിന്നും പുരോഹിത പട്ടം സ്വീകരിച്ചു. സെമിനാരി വിട്ടു ടൂറിനില്‍ എത്തിയ വിശുദ്ധന്‍ അത്യുത്സാഹത്തോടെ തന്റെ പൗരോഹിത്യ പ്രയത്നങ്ങള്‍ ആരംഭിച്ചു. ഇവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായത്. നഗരത്തിലെ കാരാഗ്രഹങ്ങള്‍ സന്ദര്‍ശിക്കുവാനായി ഡോണ്‍ കഫാസ്സോ പോകുന്ന അവസരങ്ങളില്‍ അദ്ദേഹത്തെ അനുഗമിക്കുന്ന ചുമതല വിശുദ്ധ ജോണ്‍ ബോസ്കോക്കായിരുന്നു. അവിടെ അടക്കപ്പെട്ട കുട്ടികളുടെ ദുരിതപൂര്‍ണ്ണമായ അവസ്ഥ വിശുദ്ധന്‍ കാണുവാനിടയായി. തിന്മയുടെ സ്വാധീനത്തിനായി ഉപേക്ഷിക്കപ്പെട്ടവര്‍, അവരുടെ മുന്‍പില്‍ തൂക്കുമരമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത് വിശുദ്ധന്റെ മനസ്സില്‍ ഒരിക്കലും മങ്ങാത്ത ഒരു ചിത്രമായി മാറി. അതിനാല്‍ വിശുദ്ധന്‍ തന്റെ ശേഷിച്ച ജീവിതം ഈ ഹതഭാഗ്യരുടെ രക്ഷക്കായി വിനിയോഗിക്കുവാന്‍ ഉറച്ച തീരുമാനമെടുത്തു.
1841 ഡിസംബര്‍ 8ന് മാതാവിന്റെ വിശുദ്ധ ഗര്‍ഭധാരണ തിരുനാളില്‍ വിശുദ്ധ കുര്‍ബ്ബാനക്കായി അര്‍പ്പിക്കുവാനായി വിശുദ്ധന്‍ തയ്യാറെടുക്കേ അള്‍ത്താര ശുശ്രൂഷകന്‍ കീറിപ്പറിഞ്ഞ കുപ്പായം ധരിച്ച ഒരു അനാഥബാലനെ ദേവാലയത്തില്‍ നിന്നും ഓടിച്ചുവിട്ടു. അവന്റെ കരച്ചില്‍ കേട്ട വിശുദ്ധന്‍ അവനെ തിരികെ വിളിച്ചു. അങ്ങിനെ ആ പുരോഹിതനും അനാഥബാലനായ ബര്‍ത്തലോമിയോയും തമ്മിലുള്ള സൗഹൃദം പെട്ടന്നാണ് വളര്‍ന്നത്. തെരുവില്‍ നിന്നും കിട്ടിയ തന്റെ ആദ്യത്തെ ശിഷ്യനെ പഠിപ്പിക്കുവാനുള്ള ചുമതല വളരെ ഉത്സാഹപൂര്‍വ്വം അദ്ദേഹം ഏറ്റെടുത്തു.
അധികം താമസിയാതെ ബര്‍ത്തലോമിയോക്ക് നിരവധി കൂട്ടുകാരുണ്ടായി, അവര്‍ ഒരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള ഒരു സ്നേഹം അവര്‍ക്കവിടെ ലഭിച്ചു. 1842 ഫെബ്രുവരിയായപ്പോഴേക്കും അവിടെ 20 ഓളം ആണ്‍കുട്ടികളായി. അതേവര്‍ഷം മാര്‍ച്ചില്‍ 30ഉം 1846 മാര്‍ച്ച് ആയപ്പോഴേക്കും 400ഓളം കുട്ടികളായി. ആണ്‍കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ അതിനു പറ്റിയ ഒരു സമ്മേളന സ്ഥലത്തിന്റെ അപര്യാപ്തത അവരുടെയിടയില്‍ അനുഭവപ്പെട്ടു. നല്ലകാലാവസ്ഥയില്‍ ഞായറാഴ്ചകളിലും, ഒഴിവു ദിവസങ്ങളിലും അവര്‍ നടക്കുവാന്‍ പോയി, പുറത്ത് വച്ചു ഉച്ചഭക്ഷണവും കഴിക്കുന്ന പതിവുണ്ടായി, തന്റെ ശിഷ്യന്‍മാരുടെ സംഗീതത്തിലുള്ള ആഗ്രഹം മനസ്സിലാക്കിയ ഡോണ്‍ ബോസ്കോ ലോഹനിര്‍മ്മിതമായ പഴയ സംഗീതോപകരണങ്ങള്‍ സംഘടിപ്പിച്ചു അവരേവെച്ചൊരു ഒരു സംഗീതകൂട്ടായ്മക്ക് രൂപം നല്‍കി. 1844-ല്‍ ഡോണ്‍ബോസ്‌കോ റിഫൂജിയോയിലേക്കൊരു സഹ പുരോഹിതനെ നിയമിച്ചു. ഡോണ്‍ ബോരെല്‍ ആ ഉത്തരവാദിത്വം സന്തോഷപൂര്‍വ്വം ഏറ്റെടുത്തു.
മെത്രാപ്പോലീത്തയായ ഫ്രാന്‍സോണിയുടെ അനുവാദത്തോടെ, രണ്ടു മുറികൂടി റിഫൂജിയോയോട് കൂട്ടി ചേര്‍ത്ത് അതൊരു ചെറിയ ദേവാലയമായി മാറ്റിയെടുക്കുകയും അത് വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിനു സമര്‍പ്പിക്കുകയും ചെയ്തു. ഒറേറ്ററിയിലെ അംഗങ്ങള്‍ ഇപ്പോള്‍ റിഫൂജിയോയിലാണ് സംഘടിച്ചിരുന്നത്. അയല്‍ ജില്ലകളില്‍ നിന്നും ധാരാളം ആണ്‍കുട്ടികള്‍ അവിടെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചു. ഈ സമയത്താണ് (1845-ല്‍) വിശുദ്ധ ഡോണ്‍ബോസ്‌കോ നിശാപള്ളികൂടങ്ങള്‍ ആരംഭിക്കുന്നത്, പണിശാലകള്‍ അടക്കുന്ന സമയമായതിനാല്‍ പഠനത്തിനായി ആണ്‍കുട്ടികള്‍ ഇവരുടെ മുറികളില്‍ തടിച്ചുകൂടി, വിശുദ്ധ ഡോണ്‍ബോസ്‌കോയും, ഡോണ്‍ ബോറെലും പ്രാഥമിക ശാഖകളില്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി.
റിഫൂജിയോയിലെ ഒറേറ്ററിയുടെ വിജയഗാഥ വളരെകാലം നീണ്ടു നില്‍ക്കുന്ന ഒന്നായിരുന്നില്ല. വിശുദ്ധന് വളരെയേറെ നിരാശയുണ്ടാക്കികൊണ്ട് തന്റെ മുറികള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. ഇത് മൂലം അദ്ദേഹത്തിന് തന്റെ ഉദ്യമങ്ങളുടെ സുഗമമായ പോക്കിന് തടസ്സമായി മാറുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങളുടെ സമയത്തും അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം പലരെയും അദ്ദേഹത്തെ ബുദ്ധിഭ്രമമുള്ളവന്‍ എന്ന് ധരിക്കുന്നതിനിടയാക്കി. അദ്ദേഹത്തെ ഭ്രാന്താലയത്തില്‍ അടക്കുവാനുള്ള ശ്രമങ്ങള്‍ വരെയുണ്ടായി. വിശുദ്ധന്റെ ശിഷ്യന്‍മാരുടെ സ്വഭാവം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ സമൂഹം ഒരു പൊതുശല്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരവധി പരാതികള്‍ വിശുദ്ധനെതിരെ ഉയര്‍ന്നു. അതിനാല്‍ റിഫൂജിയോയിലെ ഒറേറ്ററി റിഫൂജിയോയില്‍ നിന്നും സെന്റ് മാര്‍ട്ടിന്‍സിലെ സെന്റ് പീറ്റേഴ്സ് ദേവാലയാങ്കണത്തില്‍ കൊട്ടോലെന്‍ഗോയിലേക്കുള്ള വഴിയിലെ മൂന്ന് റൂമുകളിലേക്ക് മാറ്റി, അവിടെ ഒരു തുറന്ന മൈതാനിയില്‍ നിശാപള്ളികൂടങ്ങള്‍ പുനരാരംഭിച്ചു. അവസാനം അവിടെ ഒരു കൊട്ടില്‍ ഉയര്‍ന്നു. അതില്‍ ഒരു ഒറേറ്ററി വളര്‍ന്നു വരികയും ചെയ്തു, ഏതാണ്ട് 700-ഓളം അംഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. അതിനടുത്തായി വിശുദ്ധ ഡോണ്‍ബോസ്‌കോ ഒരു വാടകവീടെടുത്തു. അവിടെ “മാമാ മാര്‍ഗരെറ്റ്” എന്നറിയപ്പെടുവാനിരുന്ന അദ്ദേഹത്തിന്റെ അമ്മയും വിശുദ്ധനൊപ്പം ചേര്‍ന്നു, സലേഷ്യന്‍ സഭയുടെ ആദ്യ ഭവനമായ ഇതില്‍ വിശുദ്ധന്റെ അമ്മ തന്റെ അവസാന പത്ത് വര്‍ഷത്തോളം കാലം അവിടത്തെ കുരുന്ന് അന്തേവാസികളെ പരിചരിച്ചുകൊണ്ട് ചിലവഴിച്ചു. ആ മഹതി തന്റെ മകനെ സഹായിക്കുവാനായി ഈ ഒറേറ്ററിയില്‍ ചേരുമ്പോള്‍ ഒറേറ്ററിയുടെ പുറംകാഴ്ച അത്ര തിളക്കമാര്‍ന്നതായിരുന്നില്ല.
എന്നാല്‍ തനിക്കുണ്ടായിരുന്ന ചെറിയ ചെറിയ വരുമാനം അവര്‍ ഇതിനായി ചിലവഴിച്ചു, തന്റെ ഭവനത്തില്‍ നിന്നും വേര്‍പിരിഞ്ഞ് അവിടത്തെ വീട്ടു സാധനങ്ങളും, അലങ്കാര സാധനങ്ങളും, തന്റെ ആഭരണങ്ങള്‍ വരെ അവര്‍ ഇതിനായി ചിലവഴിച്ചു. തെരുവിലെ ആ കുട്ടികള്‍ക്കായി അവര്‍ ഒരമ്മയുടെ സ്നേഹം നല്‍കി. ക്രമേണ നിശാ ക്ലാസുകള്‍ വര്‍ദ്ധിക്കുകയും അവിടെ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി താമസ സൗകര്യങ്ങള്‍ നിലവില്‍ വരികയും ചെയ്തു. ഇങ്ങനെ അവിടുത്തെ ആദ്യ സലേഷ്യന്‍ ഭവനം സ്ഥാപിതമായി. അവിടെ ഇപ്പോള്‍ ഏതാണ്ട് ആയിരത്തോളം കുട്ടികള്‍ ഉണ്ട്.
ഇക്കാലയളവില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ വിശുദ്ധന്റെ ഈ ഉദ്യമത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയിരുന്നു. സാങ്കേതിക വിദ്യാലയങ്ങളും, പണിശാലകളും തുടങ്ങുവാന്‍ ആവശ്യമായ സാമ്പത്തികം സ്വരുക്കൂട്ടുന്നതില്‍ വിശുദ്ധന്‍ വിജയിച്ചു തുടങ്ങി. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ഇവ പണിയുവാന്‍ വിശുദ്ധന് കഴിഞ്ഞു. 1868-ല്‍ ടൂറിനിലെ വാള്‍ഡോക്കോയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവിടെ ഒരു ദേവാലയം പണികഴിപ്പിക്കുവാന്‍ വിശുദ്ധന്‍ തീരുമാനമെടുത്തു. അതിന്‍ പ്രകാരം 1500 ഓളം സ്കൊയര്‍ യാര്‍ഡില്‍ കുരിശിന്റെ രൂപത്തില്‍ ഒരു ദേവാലയത്തിന്റെ പദ്ധതി വിശുദ്ധന്‍ തയ്യാറാക്കി.
ഇക്കാര്യത്തില്‍ വേണ്ട ധനം സമാഹരിക്കുന്നതില്‍ വിശുദ്ധന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നു. എന്നിരുന്നാലും വിശുദ്ധന്റെ ചില സുഹൃത്തുക്കളുടെ സംഭാവനകളാല്‍ അവസാനം ഈ ദേവാലയത്തിന്റെ നിര്‍മ്മാണം വിശുദ്ധന്‍ പൂര്‍ത്തിയാക്കി. ഏതാണ്ട് പത്ത് ലക്ഷത്തിലധികം ഫ്രാങ്ക് ഇതിന്റെ നിര്‍മ്മാണത്തിനായി ചിലവായി. 1868 ജൂണ്‍ 9ന് ദേവാലയം അഭിഷേകം ചെയ്യപ്പെടുകയും ‘ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മാതാവിന്റെ’ മാധ്യസ്ഥത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. വിശുദ്ധന്‍ ഈ ദേവാലയ നിര്‍മ്മിതി തുടങ്ങിയ അതേവര്‍ഷം തന്നെ അദ്ദേഹത്തെ സഹായിച്ചിരുന്ന 50 പുരോഹിതന്‍മാരും, അദ്ധ്യാപകരും ചേര്‍ന്ന് ഒരു പൊതുപ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമിതി രൂപീകരിക്കുകയും, പിയൂസ് ഒമ്പതാമന്‍ പാപ്പാ 1869-ല്‍ ഇതിന് താല്‍ക്കാലികവും, 1874-ല്‍ സ്ഥിരവുമായ അംഗീകാരം നല്‍കുകയും ചെയ്തു.
ഒറേറ്ററിയുടെ പുരോഗതിയും, സവിശേഷതകളും ഒറേറ്ററിയുടെ ജീവനായ വിശുദ്ധന്റെ ആവേശത്തെയും, ആത്മാവിനെയും അഭിനന്ദിക്കാതെ, വിശുദ്ധന്‍ തന്റെ ജീവിതം സമര്‍പ്പിച്ച ഒറേറ്ററിയുടെ ജനസമ്മതിയെ കുറിച്ച് വിവരിച്ചാല്‍ അത് ഒരു പരാജയമായിരിക്കും. പാവപ്പെട്ട കുട്ടികളുമായുള്ള ആദ്യ സഹവാസത്തില്‍ തന്നെ അവരുടെ വൃത്തിഹീനതക്കുള്ളിലും, കീറിപ്പറിഞ്ഞ കുപ്പായത്തിലും, വികൃതമായ രൂപത്തിലും ദയയും പ്രോത്സാഹനം കൊണ്ട് ആളിപ്പടരാവുന്ന മിന്നലാട്ടങ്ങള്‍ കാണുന്നതില്‍ വിശുദ്ധന്‍ ഒരിക്കലും പരാജയപ്പെടാറില്ലായിരുന്നു. തന്റെ ചെറുപ്പത്തില്‍ തന്നെ താന്‍ കണ്ട സ്വപ്നങ്ങളില്‍ തന്റെ ജീവിത പ്രവര്‍ത്തന മേഖല വെളിവാക്കുന്ന ഒരു ശബ്ദം തന്നോടു ഇപ്രകാരം പറയുന്നതായി വിശുദ്ധന്‍ രേഖപ്പെടുത്തിയിട്ടുണ്ട്: “മര്‍ദ്ദനങ്ങള്‍ വഴിയല്ല, മറിച്ച് കാരുണ്യവും, മാന്യതയും വഴിയാണ് ഈ കൂട്ടുകാരെ നന്മയുടെ വഴിയിലേക്ക് നയിക്കേണ്ടത്.” ഇത് ഒരു സ്വപ്നത്തില്‍ കവിഞ്ഞൊന്നുമല്ല എന്ന് കണക്കാക്കിയാല്‍ പോലും, യഥാര്‍ത്ഥത്തില്‍ ആ ആത്മാവിനാലാണ് വിശുദ്ധന്‍ തന്റെ ഒറേറ്ററിയെ നയിച്ചിരുന്നത്.
ആദ്യ ദിവസങ്ങളില്‍ തന്റെ കുഞ്ഞ് ശിഷ്യന്‍മാരുടെ എണ്ണം കുറവായിരുന്നപ്പോള്‍ വിശുദ്ധന്‍ അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കുകയും, അവരെ ടൂറിനിലെ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ നടക്കുവാന്‍ കൊണ്ട് പോവുകയും വഴി അവരെ ആകര്‍ഷിച്ചിരുന്നു. ഞായറാഴ്ചകളിലായിരുന്നു ഈ വിനോദയാത്രകള്‍. വിശുദ്ധ ഡോണ്‍ബോസ്‌കോ ഗ്രാമത്തിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ഒരു ചെറിയ സുവിശേഷ പ്രസംഗവും നടത്തുകായും ചെയ്യുമായിരിന്നു. അതിനു ശേഷമുള്ള പ്രാതലിനേ തുടര്‍ന്ന്‍ കായിക വിനോദങ്ങള്‍, ഉച്ചകഴിഞ്ഞ് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് വേദോപദേശവും, കൊന്ത എത്തിക്കലും. ഇതായിരിന്നു അവിടുത്തെ ഒരു ദിവസം. മൈതാനത്ത് കുമ്പസാരത്തിനു തയ്യാറായി മുട്ടുകുത്തി നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ വിശുദ്ധന്‍ ഇരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.
വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ അദ്ധ്യാപന ശൈലിയില്‍ ശിക്ഷണം എന്നൊന്നില്ലായിരുന്നു. അനുസരണക്കേടിനു കാരണമാകാവുന്ന സാഹചര്യങ്ങള്‍ അദ്ദേഹം മനപൂർവ്വം ഒഴിവാക്കി. ഇത് അഭിനന്ദിക്കാതെ പോയാല്‍ ബാലിശമായിരിക്കും. വിശുദ്ധന്റെ അഭിപ്രായത്തില്‍ ഒരദ്ധ്യാപകന്‍ എന്നാല്‍ ഒരു പിതാവിനെപോലെയും, ഉപദേശകനേപോലേയും, ഒരു സുഹൃത്തിനെപോലെയുമായിരിക്കണം. ശിക്ഷണത്തിനു പകരം പ്രതിരോധ ശൈലി സ്വീകരിക്കുന്ന ആളാവണം അദ്ധ്യാപകൻ എന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു. ശിക്ഷണത്തേകുറിച്ച് വിശുദ്ധന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “നമ്മുടെ കഴിവിന്റെ പരമാവധി ശിക്ഷ ഒഴിവാക്കണം, ഭയം പ്രചോദിതമാകുന്നതിനു മുന്‍പേ സ്നേഹം ആര്‍ജ്ജിക്കുവാന്‍ ശ്രമിക്കുക”. 1887-ല്‍ വിശുദ്ധന്‍ എഴുതി: “ഇവരെ ബാഹ്യമായി ശിക്ഷിച്ചതായി ഞാന്‍ ഓര്‍മ്മിക്കുന്നപോലുമില്ല; ദൈവാനുഗ്രഹത്താല്‍ പ്രത്യക്ഷത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത ഈ കുട്ടികള്‍ നിന്നും എനിക്ക് പലതും നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്, ഈ കുട്ടികള്‍ എന്നില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം മാത്രമല്ല, മറിച്ച് എന്റെ ആഗ്രഹത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ്.”
തന്റെ ഒരു ഗ്രന്ഥത്തില്‍ സ്വഭാവ ദൂഷ്യത്തിന്റെ കാരണങ്ങളെ കുറിച്ച് വിശുദ്ധന്‍ പ്രതിപാദിച്ചിട്ടുണ്ട്. കുട്ടികളെ പരിപാലിക്കുമ്പോള്‍ തെറ്റായി നയിക്കപ്പെട്ട ദയാലുത്വമാണ് ഇതിന്റെ മുഖ്യകാരണമായി വിശുദ്ധന്‍ ചൂണ്ടികാട്ടുന്നത്. കുട്ടികള്‍ക്കു വളരെ പെട്ടെന്ന്‍ തന്നെ മനസ്സിലാക്കുവാനുള്ള കഴിവുണ്ട്, അവരുടെ ഈ സൂക്ഷ്മ സംവേദനശക്തി തങ്ങളെ കാണുന്നവരെയെല്ലാം അതിയായി ആഹ്ലാദിപ്പിക്കുകയും ചെയ്യും, എന്നാല്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടി സ്നേഹമുള്ളവനും, പരിപൂര്‍ണ്ണവാനും, അതിബുദ്ധിമാനുമാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്നതില്‍ മാത്രമാണ് വിജയിക്കുന്നത്. പക്ഷേ ഇതിനേക്കാള്‍ മുഖ്യമായ ലക്ഷ്യം കുട്ടികളുടെ ഇച്ചാശക്തിയും, സ്വഭാവ രൂപീകരണവുമായിരിക്കണം.
വിശുദ്ധ ഡോണ്‍ ബോസ്കോ ഒരു നല്ല കുമ്പസാരകനും കൂടിയായിരുന്നു, ദിവസങ്ങളോളം തന്റെ കുട്ടികള്‍ക്കിടയില്‍ ഇതിനായി ചിലവഴിച്ചു. മാന്യതയും, പ്രേരണയും കൊണ്ട് മാത്രം വിദ്യാഭ്യാസം സാധ്യമാകില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. ശിശു സഹജമായ ആകാംക്ഷ ഉണര്‍ത്തുന്നതില്‍ വിനോദങ്ങള്‍ക്കും നല്ല പങ്കുണ്ടെന്നദ്ദേഹം മനസ്സിലാക്കി - തന്റെ ആദ്യ നിര്‍ദ്ദേശമായി ഉയര്‍ത്തികാട്ടി. ബാക്കിയുള്ളവക്കായി അദ്ദേഹം വിശുദ്ധ ഫിലിപ്പ് നേരിയുടെ വാക്കുകളെ സ്വീകരിച്ചു: “നീ ആഗ്രഹിക്കുന്ന പോലെ, നീ പാപം ചെയ്യാത്തിടത്തോളം കാലം ഞാന്‍ ഞാന്‍ നിന്നെ ശ്രദ്ധിക്കുകയില്ല.”
1888-ല്‍ വിശുദ്ധ ഡോണ്‍ ബോസ്കോയുടെ മരണ സമയത്ത്, ലോകം മുഴുവനുമായി സലേഷ്യന്‍ സൊസൈറ്റിക്ക് 250 ഭവനങ്ങളിലായി 1,30,000 ത്തോളം കുട്ടികള്‍ ഉണ്ടായിരുന്നു. അവിടെ നിന്നും വര്‍ഷം തോറും 180,000 ത്തോളം കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി പോവുമായിരുന്നു. മാതൃഭവനത്തില്‍ വിശുദ്ധ ഡോണ്‍ ബോസ്കോ ഏറ്റവും മിടുക്കരായ കുട്ടികളെ തിരഞ്ഞെടുത്ത് അവരെ ഇറ്റാലിയന്‍, ലാറ്റിന്‍, ഫ്രഞ്ച്, ഗണിതശാസ്ത്രം എന്നിവ പഠിപ്പിച്ചു. ഇവരാണ് പുതിയതായി ഉയരുന്ന ഭവനങ്ങളില്‍ അദ്ധ്യാപകാരായി വര്‍ത്തിച്ചിരുന്നത്. 1888വരെ 6000 ത്തോളം പുരോഹിതര്‍ ഇവിടെനിന്നും ഉണ്ടായി. അതില്‍ 1200 പേര്‍ സൊസൈറ്റിയില്‍ തന്നെ തുടര്‍ന്നു. വിദ്യാഭ്യാസത്തിനായി സ്കൂളുകളും, അതിന് ശേഷം താല്‍പ്പര്യമുല്ലവര്‍ക്ക് പുരോഹിത പഠനത്തിനായി സെമിനാരികളും ഉണ്ടായിരുന്നു. ഞായറാഴ്ച പള്ളികൂടങ്ങളും, പ്രായപൂര്‍ത്തിയായവര്‍ക്കും, ജോലിചെയ്യുന്നവര്‍ക്കുമായി സന്ധ്യാ ക്ലാസ്സുകളും, ജീവിത സായാഹ്നത്തില്‍ പുരോഹിതരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സ്കൂളുകളും, തൊഴില്‍ പരമായ വിദ്യാലയങ്ങളും, വിവിധ ഭാഷകളില്‍ വായന പ്രചരിപ്പിക്കുന്നതിനായി അച്ചടി സംവിധാനങ്ങള്‍..തുടങ്ങിയവ സൊസൈറ്റിയുടെ കീഴില്‍ ഉണ്ടായിരുന്നു. കൂടാതെ ആശുപത്രികളിലും, മാനസികാരോഗാശുപത്രികളിലും രോഗികളെ പരിചരിക്കുക, തടവറകളില്‍ സന്ദര്‍ശനം നടത്തുക, തുടങ്ങിയവും സൊസൈറ്റി അംഗങ്ങള്‍ ചെയ്തിരുന്നു.
1888 ജനുവരി 31ന് വിശുദ്ധൻ അന്ത്യനിദ്രപ്രാപിക്കുകയും, 1907 ജൂലൈ 21ന് പിയൂസ് പത്താമന്‍ മാര്‍പാപ്പാ ധന്യനായി പ്രഖ്യാപിക്കുകയും ചെയ്തു. 1929-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, 1934-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധ ജിയോവന്നി മെല്‍ക്കിയോര്‍ ബോസ്കോ എന്നും അദ്ദേഹം അറിയപ്പെടുന്നു.
Comments
Post a Comment