ഫെബ്രുവരി 10 : വി. സ്‌കോളാസ്റ്റിക്ക (480-543)

ബെനഡിക്ടന്‍ സന്യാസസഭയുടെ സ്ഥാപകനായ വി. ബെനഡിക്ടിന്റെ ഇരട്ടസഹോദരിയാണ് കന്യകയായ സ്‌കോളാസ്റ്റിക. ഇറ്റലിയിലെ ഉംബ്രിയയിലുള്ള നേഴ്‌സിയാ എന്ന സ്ഥലത്താണ് ഇവര്‍ ജനിച്ചത്. ഇരട്ടസഹോദരരായിരുന്നതിനാല്‍ ഇരുവരും പരസ്പരം ജീവനുതുല്യം സ്‌നേഹിച്ചിരുന്നു. ബാല്യകാലം മുതല്‍ തന്നെ ദൈവസ്‌നേഹത്തിലും അഗാധമായ ഭക്തിയിലും നിറഞ്ഞാണ് ഇവര്‍ വളര്‍ന്നത്. വി. ബെനഡിക്ട് ആശ്രമജീവിതം തിരഞ്ഞെടുത്തപ്പോള്‍ സഹോദരിയും തന്റെ ജീവിതം യേശുവിനായി പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ബെനഡിക്ടിന്റെ ആശ്രമത്തിന്റെ അടുത്തുള്ള മറ്റൊരു ഗ്രാമത്തില്‍ സ്‌കോളാസ്റ്റിക്കയും ആശ്രമജീവിതം തുടങ്ങി. ബെനഡിക്ട് തയാറാക്കിയ സന്യാസജീവിതരീതി തന്നെയാണ് സ്‌കോളാസ്റ്റിക്ക തന്റെ ആശ്രമത്തിലും പാലിച്ചുവന്നത്.



ദാരിദ്ര്യം അനുഭവിക്കുക, യേശുവിനു വേണ്ടി ജീവിക്കുക, അനുസരണം ശീലമാക്കുക എന്നീ മൂന്നു കാര്യങ്ങള്‍ക്കാണ് ബെനഡിക്ട് മുന്‍തൂക്കം കൊടുത്തത്. ബെനഡിക്ടിന്റെ ആശ്രമത്തിലുള്ളവര്‍ പുറത്തൊരിടത്തും അന്തിയുറങ്ങാന്‍ പാടില്ലെന്നു കര്‍ശനമായ നിബന്ധനയുമുണ്ടായിരുന്നു. സ്‌കോളാസ്റ്റിക്കയുടെ ജീവിതത്തെപ്പറ്റിയും മഹത്വത്തെപ്പറ്റിയുമറിയാന്‍ വിശുദ്ധനായ പോപ് ഗ്രിഗറി എഴുതിയിരിക്കുന്നതു വായിച്ചാല്‍മതി. ''.....എല്ലാ വര്‍ഷവും ഒരു ദിവസം സ്‌കോളാസ്റ്റിക്ക തന്റെ സഹോദരനെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തുമായിരുന്നു. ആശ്രമത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ലായിരുന്നതിനാല്‍ ബെനഡിക്ട് തന്റെ ശിഷ്യന്‍മാര്‍ക്കൊപ്പം ആശ്രമത്തിന്റെ പുറത്തേക്ക് ഇറങ്ങിവന്ന് അതിനടുത്തുള്ള ഒരു ചെറിയ ഭവനത്തില്‍ വച്ചാണ് സഹോദരിയെ കണ്ടിരുന്നത്. ബെനഡിക്ടും സ്‌കോളാസ്റ്റിക്കയും ഒന്നിച്ചി രുന്ന ഏറെ നേരം സംസാരിക്കും. ആത്മീയകാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കും.
ഒരുദിവസം സ്‌കോളാസ്റ്റിക്ക പതിവു പോലെ സഹോദരനെ കാണാനെത്തി. അത് അവര്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരുന്നു.

പകല്‍മുഴുവന്‍ ഒന്നിച്ചിരുന്ന് അവര്‍ ഏറെക്കാര്യങ്ങള്‍ സംസാരിച്ചു. രാത്രിയായിട്ടും ആത്മീയചര്‍ച്ചകള്‍ അവസാനിച്ചില്ല. അവര്‍ ഒന്നിച്ച് അത്താഴം കഴിച്ചു. പിരിയാന്‍ സമയമായി. അവള്‍ക്കു സംസാരിക്കുവാനുള്ളതു മുഴുവന്‍ തീര്‍ന്നിരുന്നില്ല. സ്‌കോളാസ്റ്റിക്ക തന്റെ സഹോദരനോടു പറഞ്ഞു: ''ദയവായി ഇന്ന് എന്നോടൊപ്പം ഇവിടെ താമസിക്കുക. രാത്രി മുഴുവനുമിരുന്ന് ആത്മീയ ജീവിതത്തിന്റെ വിശുദ്ധിയെപ്പറ്റി നമുക്ക് സംസാരിക്കാം.''ബെനഡിക്ട് പറഞ്ഞു: ''സഹോദരീ, നീയെന്താണീ പറയുന്നത്. എനിക്ക് ആശ്രമത്തിനു പുറത്ത് താമസിക്കാനാവില്ലെന്ന് അറിഞ്ഞുകൂടെ?''തന്റെ അഭ്യര്‍ഥന ബെനഡിക്ട് നിരസിച്ചപ്പോള്‍ സ്‌കോളാരിസ്റ്റ കണ്ണുകളടച്ചു പ്രാര്‍ഥിച്ചു.

തത്ക്ഷണം ശക്തമായ ഇടിയും മിന്നലും കനത്ത മഴയും ആരംഭിച്ചു.
പുറത്തേക്കിറങ്ങാന്‍ പോലും ആവാത്ത അവസ്ഥ. ബെനഡി ക്ട് പറഞ്ഞു: ''നീയെന്താണ് ചെയ്തത്? ഈ തെറ്റിനു ദൈവം നിന്നോടു പൊറുക്കട്ടെ''സ്‌കോളാ സ്റ്റിക്കയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ നിന്നോടു ചോദിച്ചു. ഞാന്‍ പറയുന്നതു നീ കേട്ടില്ല. അപ്പോള്‍ ഞാന്‍ സര്‍വശക്തനായ ദൈവത്തോടു ചോദിച്ചു. അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ടു.'' അന്ന് രാത്രി ബെനഡിക്ടും ശിഷ്യന്മാരും സ്‌കോളാസ്റ്റിക്കയ്‌ക്കൊപ്പം കഴിഞ്ഞു. പിറ്റേന്ന് അവരെല്ലാം ആശ്രമത്തിലേക്കു മടങ്ങി. ഈ സംഭവം നടന്ന് മൂന്നാം ദിവസം, ബെനഡിക്ട് പ്രാര്‍ഥനയിലായിരിക്കെ തന്റെ സഹോദരിയുടെ ആത്മാവ് പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗത്തിലേക്കു പോകുന്നതായി കണ്ടു. ഉടന്‍ തന്നെ അദ്ദേഹം ശിഷ്യന്മാരെ സ്‌കോളാസ്റ്റിക്കയുടെ ആശ്രമത്തി ലേക്ക് അയച്ചു. അവര്‍ അവളുടെ മൃതദേഹം കൊണ്ടുവന്നു ബെനഡിക്ടിന്റെ ആശ്രമത്തില്‍ സംസ്‌കരിച്ചു.

Comments