ഫെബ്രുവരി 12 : വി. ജൂലിയാന്‍

ജൂലിയാന്‍ എന്ന വിശുദ്ധന്റെ കഥ പൂര്‍ണമായും ഐതിഹ്യം മാത്ര മാണെന്നു വാദിക്കുന്ന പണ്ഡിതന്‍മാര്‍ ഏറെയുണ്ട്. ചരിത്രപരമായ തെളിവുകള്‍ കുറവാണെന്നതാണ് ഇതിനു കാരണം. ജൂലിയാന്‍ ജനിച്ച സ്ഥലത്തെപ്പറ്റി തന്നെ മൂന്നുവിധം അനുമാനങ്ങളുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലേ മാന്‍സിലാണ് ജൂലിയാന്‍ ജനിച്ച തെന്നു ചില പുസ്തകങ്ങളില്‍ കാണാം. ഇദ്ദേഹം ജനിച്ചതു ബെല്‍ജിയത്തിലാണെന്നും ഇറ്റലിയിലെ നേപ്പിള്‍സിലാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. ഏതായാലും യൂറോപ്പില്‍ മുഴുവന്‍ ഒരേപോലെ പ്രചാരത്തിലുള്ള കഥയാണ് ജൂലിയാന്‍ എന്ന വിശുദ്ധന്റേത്. ഇദ്ദേഹത്തിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആശുപത്രികളും പല സ്ഥലങ്ങളിലുമുണ്ട്. ജൂലിയാന്റെ ജീവിതകഥയ്ക്കു ഒരു നാടോടിക്കഥയുടെ സ്വഭാവമുണ്ട്. വളരെ സമ്പന്നരായിരുന്നു ജൂലിയാന്റെ മാതാപിതാക്കള്‍. ജൂലിയാന്‍ ജനിച്ച ദിവസം രാത്രി അദ്ദേ ഹത്തിന്റെ പിതാവ് ഒരു സ്വപ്നം കണ്ടു.




പിശാചുകള്‍ക്കൊപ്പമെത്തി തന്റെ മകന്‍ തന്നെയും ഭാര്യയെയും കൊല്ലുന്നതായിരുന്നു സ്വപ്നത്തില്‍. ജനിച്ച ഉടന്‍ തന്നെ ജൂലിയാനെ ഉപേക്ഷി ക്കാന്‍ ആ പിതാവ് ആഗ്രഹിച്ചു. എന്നാല്‍, ജൂലിയാന്റെ അമ്മ അതിനു സമ്മതിച്ചില്ല. കാലം കടന്നുപോയി. ജൂലിയാന്‍ വളര്‍ന്നുവന്നു. തന്റെ മകന്‍ അവന്റെ പിതാവിനെ കൊല്ലുമെന്ന പേടി അദ്ദേഹത്തിന്റെ അമ്മയ്ക്കുണ്ടായിരുന്നു. അവര്‍ ഇടയ്ക്കിടെ അതോര്‍ത്തു കരഞ്ഞു കൊണ്ടി രുന്നു.

ഒരിക്കല്‍ അമ്മയുടെ കണ്ണീരിന്റെ കാരണം ജൂലിയാന്‍ അന്വേഷിച്ചു. അമ്മ ആ കഥ പറഞ്ഞു. 'ഒരിക്കലും ഇത്ര ക്രൂരമായ പാപം ഞാന്‍ ചെയ്യില്ല' എന്നായിരുന്നു ജൂലിയാന്റെ മറുപടി. എങ്കിലും അവന്റെ മനസില്‍ അസ്വസ്ഥതയ്ക്കു തുടക്കമായിരുന്നു. മറ്റൊരു ദിവസം, ജൂലിയാന്‍ കാട്ടില്‍ വേട്ടയ്ക്കു പോയി. അവിടെവച്ച് ഒരു കലമാനെ അദ്ദേഹം പിടികൂടി. കലമാന്‍ ജൂലിയാ നോടു പറഞ്ഞു: 'നിന്റെ മാതാപിതാക്കളെ നീ കൊലപ്പെടുത്തും.' ഈ സംഭവം കൂടി കഴിഞ്ഞ തോടെ, ജൂലിയാന്‍ ഏറെ അസ്വസ്ഥനായി. ഒരിക്കലും തന്റെ മാതാപിതാക്കളുടെ കൊലപാതകി യായി താന്‍ മാറില്ലെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നാടുവിട്ടു ദൂരദേശത്തേക്കു പോയി. ജൂലിയാന്‍ സമ്പന്നയായ ഒരു വിധവയെ വിവാഹം കഴിച്ചു. പിന്നെയും കാലം ഏറെ കടന്നു. ജൂലിയാന്‍ ഭാര്യയുമൊത്ത് സുഖമായി ജീവിച്ചുപോരുകയായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ദുഃഖിതരായിരുന്നു. ജൂലിയാനെ അവര്‍ക്കു നഷ്ടമായതു വെറുമൊരു സ്വപ്നത്തില്‍ വിശ്വസിച്ചതിനെ തുടര്‍ന്നായിരുന്നു എന്ന തിരിച്ചറിവ് അവരെ വേദനിപ്പിച്ചിരുന്നു. മകന്റെ ദുഃഖത്തിനു പരിഹാരം കണ്ട്, അവനെ തിരിച്ചുവീട്ടിലേക്കു കൊണ്ടുവരാമെന്ന നിശ്ചയത്തില്‍ മാതാപിതാക്കള്‍ ജൂലിയാന്റെ വീട് തിരഞ്ഞ് കണ്ടെത്തി അവിടെയെത്തി.
ആ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ജൂലിയാന്റെ ഭാര്യ മാതാപിതാക്കളെ സ്വീകരിച്ച്, വേണ്ടവിധത്തില്‍ സത്കരിച്ചു. രാത്രിയായപ്പോള്‍ ജൂലിയാന്റെ മുറിയില്‍ അവരെ കിടത്തി.

ഭാര്യ മറ്റൊരു മുറിയില്‍ നിലത്തുകിടന്നു. രാത്രിയില്‍ ജൂലിയാന്‍ വീട്ടിലെത്തിയപ്പോള്‍ തന്റെ മുറിയില്‍ രണ്ടു പേര്‍ കിടന്നുറങ്ങുന്നതാണ് കണ്ടത്. തന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുകയാണെന്നു കരുതി മറ്റൊന്നും ആലോചിക്കാതെ വാളൂരിയെടുത്ത് അദ്ദേഹം ഇരുവരെയും വെട്ടിക്കൊന്നു. പ്രവചനങ്ങള്‍ സത്യമായി. താന്‍ ചെയ്തു പോയ തെറ്റിനെ കുറിച്ചറിഞ്ഞ് ജൂലിയാന്‍ പൊട്ടിക്കര ഞ്ഞു. ഈ സംഭവത്തോടെ അദ്ദേഹം തകര്‍ന്നുപോയി. പാപപരിഹാരമായി ഭാര്യയ്‌ക്കൊപ്പം പുണ്യ സ്ഥലങ്ങള്‍ സഞ്ചരിച്ചു പ്രാര്‍ഥിച്ചു. പിന്നീട്, അദ്ദേഹം ജീവിച്ചത് പാവപ്പെട്ടവരെയും രോഗികളെ യും അനാഥരെയും സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. നിരവധി ആശുപത്രികള്‍ അദ്ദേഹം സ്ഥാപിച്ചു. കഠിനമായ ഉപവാസങ്ങള്‍ അദ്ദേഹം അനുഷ്ഠിക്കുമായിരുന്നു. ഒരിക്കല്‍, കുഷ്ഠരോഗിയായ ഒരു ഭിക്ഷക്കാരന്‍ മരണത്തോടു മല്ലിട്ടു യാത്ര ചെയ്യുന്ന കാഴ്ച ജൂലിയാന്‍ കണ്ടു. അദ്ദേഹം അയാളെ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി. തന്റെ വീട്ടില്‍ തന്റെ കിടക്കയില്‍ കൊണ്ടു കിടത്തി അയാളെ അദ്ദേഹം ശുശ്രൂഷിച്ചു. ഈ കുഷ്ഠരോഗി ഒരു മാലാഖയായിരുന്നു വെന്നും മാലാഖ ജൂലിയാനെ അനുഗ്രഹിച്ച് പാപങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയിച്ചതായും വിശ്വസിക്കപ്പെടുന്നു.

Comments