റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ 'വാലന്റൈന്‍സ് ഡേ' എന്ന് അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്ഥനാണ് വാലന്റൈന്‍. ക്ലോഡിയസ് രണ്ടാമന്‍ റോം ഭരിക്കുന്ന കാലം മതപീഡനകാലമായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്തവര്‍ ഒരോരുത്തരായി കൊലചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയം. ഈ സമയത്ത് ഒരു പുരോഹിതന്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറ്റാരെക്കാളും ഭംഗിയായി വാലന്റൈന്‍ ചെയ്തു പോന്നു. ക്രൈസ്തവര്‍ക്കു ധൈര്യം പകര്‍ന്നു. രക്തസാക്ഷിത്വം വരിച്ചവരെ അടക്കം ചെയ്തു.
ജയിലില്‍ കഴിഞ്ഞിരുന്നവരെ സന്ദര്‍ശിച്ച് അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. ഒടുവില്‍ ഒരു ദിവസം അദ്ദേഹവും പടയാളികളുടെ പിടിയിലായി. വിചാരണയ്ക്കായി കൊണ്ടുവന്നപ്പോള്‍ ന്യായാധിപന്‍ ഒരു കാര്യം മാത്രമേ അദ്ദേഹത്തോടു ആവശ്യപ്പെട്ടുള്ളു. 'യേശുവിനെ തള്ളിപ്പറയുക'. പല പ്രലോഭനങ്ങളും വാലന്റൈന്റെമുന്നില്‍ നിരത്തപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ ശിക്ഷ വിധിക്കപ്പെട്ടു. 270 ഫെബ്രുവരി 14ന് അദ്ദേഹത്തെ തലയറുത്ത് കൊലപ്പെടുത്തി. വാലന്റൈന്‍ പ്രണയിക്കുന്നവരുടെ മധ്യസ്ഥനായതിന്റെ പിന്നിലുള്ള കഥ കൂടി പറയാം. ശക്തമായൊരു സൈന്യം ക്ലോഡിയസ് രണ്ടാമന്റെ സ്വപ്നമായിരുന്നു.
സൈന്യത്തിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതിനു വേണ്ടി അദ്ദേഹം ഒരു മണ്ടന്‍ ആശയം ഉത്തരവായി പുറത്തിറക്കി: ''റോമാ സാമ്രാജ്യത്തിലെ യുവാക്കള്‍ വിവാഹിതരാകുന്നത് ചക്രവര്‍ത്തി നിരോധിച്ചിരിക്കുന്നു.'' ഇങ്ങനെയൊരു ഉത്തരവ് നടപ്പിലായാല്‍ അതിന്റെ പ്രത്യാഘാതം ഊഹിക്കാമല്ലോ. പ്രണയം പുറത്തുകാട്ടാനാവാതെ വാളും പരിചയുമായി യുദ്ധഭൂമിയിലേക്കു പോകുന്ന യുവാക്കള്‍ വാലന്റൈന്റെ കണ്ണുകള്‍ നനച്ചു. ചക്രവര്‍ത്തിയുടെ ഉത്തരവ് മറന്ന് അദ്ദേഹം രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുത്തു. എങ്ങനെയോ ചക്രവര്‍ത്തിയുടെ കാതില്‍ വാലന്റെന്റെ രഹസ്യം വീണു. ഇതിന്റെ പേരിലാണ് അദ്ദേഹത്തെ ചക്രവര്‍ത്തി സൈനികരെ വിട്ടു പിടികൂടിയതത്രേ. വാലന്റൈന്‍ ടെര്‍ണിയുടെ മെത്രനായിരുന്നു എന്നും കഥയുണ്ട്.
ചക്രവര്‍ത്തിയുടെ അന്ധയായ മകളെ സുഖപ്പെടുത്തിയ സംഭവവും വിശുദ്ധ വാലന്റൈയിന്റേതായി വിശ്വസിക്കപ്പെടുന്നു. മരണം വിധിക്കപ്പെട്ട ശേഷം വാലന്റൈന്‍ ചക്രവര്‍ത്തിയുടെ മകള്‍ക്ക് അയച്ച സന്ദേശത്തില്‍ നിന്നാണത്രെ വാലന്റൈന്‍ സന്ദേശങ്ങളുടെ പിറവി. എ.ഡി. 469ലാണ് പോപ്പ് ഗെലേസിയസ് ഫെബ്രുവരി 14 ന് വിശുദ്ധ വാലന്റൈന്റെ ഓര്‍മ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
Comments
Post a Comment