ബൈബിളില്‍ ശിമയോന്‍ എന്നു പേരുള്ള നിരവധി പേരുണ്ട്. പത്രോസ് ശ്ലീഹായുടെ പേരു ശിമയോന്‍ എന്നായിരുന്നു. യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരിലും ഒരു ശിമയോന്‍ ഉള്‍പ്പെട്ടിരുന്നു. കുരിശും വഹിച്ചുകൊണ്ട് ഗാഗുല്‍ത്താ മലയിലേക്ക് കയറവെ യേശുവിന്റെ കുരിശുതാങ്ങിയത് മറ്റൊരു ശിമയോനായിരുന്നു. ഇന്ന് ഓര്‍മദിവസം ആചരിക്കുന്നത് യേശുവിന്റെ ബന്ധുകൂടിയായ ശിമയോന്റെതാണ്. ഈ ശിമയോന്‍ യേശുവിന്റെ വളര്‍ത്തുപിതാവായ യൗസേപ്പിന്റെ സഹോദരപുത്രനായിരുന്നു. മാത്രമല്ല, യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരിയായി അറിയപ്പെടുന്ന മറ്റൊരു മറിയത്തിന്റെ മകനായിരുന്നു. യേശു കുരിശില്‍ മരിച്ചപ്പോള്‍ ഈ മറിയം അവിടത്തെ കുരിശിന്റെ ചുവട്ടില്‍ നിന്നിരുന്നുവെന്ന് ബൈബിളില്‍ കാണാം.
പിതാവു വഴിയും മാതാവു വഴിയും യേശുവിന്റെ ബന്ധുവായിരുന്നു ശിമയോന്‍. മത്തായിയുടെ സുവിശേഷത്തിലും നടപടി പുസ്തകത്തിലും ഈ ശിമയോനെ കുറിച്ചു പരാമര്‍ശമുണ്ട്. യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫോസിന്റെ മകനായിരുന്നു ശിമയോന്‍. യേശുവിന്റെ ശിഷ്യന്‍മാരായ ചെറിയ യാക്കോബിന്റെയും യൂദായുടെയും ഇളയ സഹോദരനാണ് ശിമയോന്‍ എന്നാണ് കരുതപ്പെടുന്നത്. ജറുസലേമിലെ ബിഷപ്പായിരുന്ന ചെറിയ യാക്കോബ് (യേശുവിന്റെ ശിഷ്യന്‍) എഡി 62 ല്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജറുസലേമിനെ നയിച്ചത് ശിമയോനായിരുന്നു.
വി. പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിനു ശേഷം ജറുസലേം റോമാക്കാര്‍ ആക്രമിക്കുമെന്നു മുന്‍കൂട്ടി അറിഞ്ഞ് ശിമയോന്‍ ക്രൈസ്തവ വിശ്വാസികളെ എഫല്ലാവരെയും കൂട്ടി ജോര്‍ദാന്‍ കടന്നു പെല്ലാ എന്ന സ്ഥലത്തേക്കു പോയി. ജറുസലേം തകര്‍ക്കപ്പെട്ട ശേഷം വിശ്വാസികളുമായി ശിമയോന്‍ തിരികെയെത്തി. ശിമയോന്‍ നിരവധി അദ്ഭുതങ്ങള്‍ കാഴ്ചവച്ചതായും നിരവധി പേരെ ക്രൈസ്തവവിശ്വാസികളാക്കി മാറ്റിയതായും വിശ്വസിക്കപ്പെടുന്നു. അന്ധവിശ്വാസങ്ങള്‍ക്കും പാഷണ്ഡതകള്‍ക്കുമിടയില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തെ നേര്‍വഴിയിലേക്കു കൊണ്ടുവരാന്‍ ശിമയോനു കഴിഞ്ഞു. റോമന്‍ ഗവര്‍ണര്‍ അറ്റികൂസിന്റെ കാലത്ത് ശിമയോന്‍ തടവിലാക്കപ്പെട്ടു. ഒരേസമയം, യഹൂദനായും ക്രൈസ്തവനായും പ്രവര്‍ത്തിച്ചുവെന്നതായിരുന്നു അദ്ദേഹത്തിനു മുകളില്‍ ചുമത്തപ്പെട്ട കുറ്റം. യേശുവിനെപോലെ കുരിശില്‍ തറയ്ക്കപ്പെട്ടാണ് ശിമയോനും മരിച്ചത്.
Comments
Post a Comment