ഫെബ്രുവരി 23 : വി. പോളികാര്‍പ് (69-155)

യേശുവിന്റെ ശിഷ്യനായ യോഹന്നാന്റെ ശിഷ്യനായിരുന്നു പോളി കാര്‍പ്. അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നതും യോഹന്നാന്‍ ശ്ലീഹായായിരുന്നു. സ്മിര്‍ണായിലെ (ഇന്നത്തെ തുര്‍ക്കിയുടെ ഒരു ഭാഗം) ആദ്യ മെത്രാനായി യോഹന്നാന്‍ പോളി കാര്‍പിനെ വാഴിച്ചു. ബൈബിളിലെ വെളിപാടു പുസ്തകത്തില്‍ യോഹന്നാന്‍ 'സ്മിര്‍ണായിലെ മാലാഖ' എന്നു വിശേഷിപ്പിക്കു ന്നതു പോളികാര്‍പിനെയാണെന്നു കരുതപ്പെടുന്നു. ''മരണം വരെ വിശ്വസ്തനായിരിക്കുക. അങ്ങനെയെങ്കില്‍ ജീവന്റെ കിരീടം നിനക്കു ഞാന്‍ നല്‍കും'' എന്നാണ് വെളിപാടു പുസ്തകത്തില്‍ സ്മിര്‍ണായിലെ സഭയ്ക്കുള്ള സന്ദേശത്തില്‍ യോഹന്നാന്‍ പറയുന്നത്. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സഭയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലും ക്രിസ്തു വിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും പോളികാര്‍പ് പ്രത്യേക ശ്രദ്ധവച്ചിരുന്നു. അക്കാലത്ത്, ഏറെ പ്രചാരം നേടിയിരുന്ന നോസ്റ്റിക് ചിന്തയ്‌ക്കെതിരെ പോരാടിയതും പോളികാര്‍പ്പായിരുന്നു.




ഈസ്റ്റര്‍ എന്ന് ആഘോഷിക്കണമെന്നതു സംബന്ധിച്ച് മാര്‍പാപ്പയായിരുന്ന അനിസെത്തസു മായി പോളികാര്‍പ് ചര്‍ച്ചകള്‍ നടത്തിയതായും വിശ്വിക്കപ്പെടുന്നു. പോളികാര്‍പ് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഫിലിപ്പിയാക്കാര്‍ക്കെഴുതിയ ലേഖനം മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഔറേലിയസ് ചക്രവര്‍ത്തിയുടെ കാലത്ത് പോളികാര്‍പ് രക്തസാക്ഷിത്വം വരിച്ചു. അന്ന് അദ്ദേഹത്തിനു 86 വയസുണ്ടായിരുന്നു. ഇത്രയും പ്രായമുള്ള ഒരാളെ വധിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം മടിച്ചു. എന്നാല്‍, സമ്മര്‍ദം ശക്തമായപ്പോള്‍ അദ്ദേഹത്തെ ജീവനോടെ ദഹിപ്പിക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. എന്നാല്‍ അഗ്നിയിലേക്ക് അദ്ദേഹത്തെ ഇറക്കിനിര്‍ത്തിയിട്ടും ഒരു പൊള്ളല്‍ പോലും ഏല്‍പ്പിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ കുന്തംകൊണ്ടു കുത്തിയാണ് പോളികാര്‍പിനെ കൊലപ്പെടുത്തിയത്.

Comments