ഫെബ്രുവരി 25 : വിശുദ്ധ ടാരാസിയൂസ്

ബൈസന്റൈന്‍ സാമ്രാജ്യത്തിലെ ഒരു പ്രജയായിരുന്നു വിശുദ്ധ ടാരാസിയൂസ്. അദ്ദേഹം പിന്നീട് സാമ്രാജ്യത്തിലെ ഉന്നത പദവികളിലൊന്നായ കോണ്‍സുലര്‍ പദവിയിലേക്കും അതിനു ശേഷം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടേയും, അദ്ദേഹത്തിന്റെ അമ്മയായ ഐറീന്റേയും സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി വിശുദ്ധനെ തിരഞ്ഞെടുത്തപ്പോള്‍, വിശുദ്ധ ചിത്രങ്ങളെ ആദരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു പൊതു യോഗം വിളിച്ചു കൂട്ടാമെന്ന ഉറപ്പിന്മേലാണ് വിശുദ്ധന്‍ ആ പദവി സ്വീകരിച്ചത്.



ചക്രവര്‍ത്തിമാര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ നിമിത്തം കോണ്‍സ്റ്റാന്റിനോപ്പിള്‍ പരിശുദ്ധ റോമന്‍ സഭയില്‍ നിന്നും വിഭജിക്കപ്പെട്ട നിലയിലായിരുന്നു. 786-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ‘വിശുദ്ധ അപ്പസ്തോലിക ദേവാലയത്തില്‍' വെച്ച് ഈ യോഗം കൂടുകയുണ്ടായി. പിന്നീട് അടുത്ത വര്‍ഷം നൈസില്‍ വെച്ചും ഈ യോഗം കൂടുകയും ഈ യോഗത്തില്‍ ഉരുത്തിരിഞ്ഞ പ്രമേയങ്ങള്‍ പാപ്പാ അംഗീകരിക്കുകയും ചെയ്തു.

തന്റെ ഭാര്യയില്‍ നിന്നും വിവാഹമോചനത്തിനുള്ള അനുവാദം നിഷേധിച്ചതിനാല്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ചക്രവര്‍ത്തിയുടെ ശത്രുതക്ക് പാത്രമായി അദ്ദേഹം മാറി. ഇതിനിടെ വിശുദ്ധ ട്ടാരാസിയൂസ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മരണത്തിനു സാക്ഷ്യം വഹിച്ചു. ഐറീന്റെ പതനവും, നൈസ്ഫോറസ്‌ ഭരണം പിടിച്ചെടുത്തത്തിനും വിശുദ്ധ ട്ടാരാസിയൂസ് സാക്ഷ്യം വഹിച്ചു. വിശുദ്ധ ട്ടാരാസിയൂസിന്റെ മുഴുവന്‍ ജീവിതവും അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേതുമായിരുന്നു. തന്റെ പുരോഹിതരേയും, ജനത്തേയും നവീകരണത്തിലേക്ക് കൊണ്ട് വരാന്‍ അദ്ദേഹം വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചു.

21 വര്‍ഷവും 2 മാസവും വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയെ നയിച്ചു. പാവങ്ങളോടുള്ള വിശുദ്ധന്റെ അനുകമ്പ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സവിശേഷ നന്മയായിരുന്നു. ഒരു ദരിദ്രനും തന്റെ ദാനധര്‍മ്മങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി കോണ്‍സ്റ്റാന്റിനോപ്പിളിലെ എല്ലാ ഭവനങ്ങളും ആശുപത്രികളും വിശുദ്ധന്‍ നേരിട്ട് സന്ദര്‍ശിച്ചിരിന്നു. 806-ല്‍ മെത്രാന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. ആഗോള കത്തോലിക്ക സഭ ഫെബ്രുവരി 25നാണ് ഈ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.

Comments