മാര്‍ച്ച് 20 : വി. ബെനഡിക്ട ( 1791- 1858)

ഇറ്റലിയിലെ പാവിയായില്‍ ജനിച്ച ബെനഡിക്ട കുട്ടിക്കാലം മുതല്‍ തന്നെ യേശുവിന്റെ പിന്‍ഗാമിയായി ജീവിക്കാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി അവള്‍ക്കു 25-ാം വയസില്‍ വിവാഹിതയാകേണ്ടി വന്നു. ബാറ്റിസ്റ്റ എന്നായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പേര്. രണ്ടു വര്‍ഷക്കാലം അവര്‍ ഒന്നിച്ചു ജീവിച്ചു. ഈ കാലയളവില്‍ ബെനഡിക്ടയുടെ ഭക്തിയും വിശുദ്ധിയും മനസിലാക്കിയ ഭര്‍ത്താവ് അവളെ ദൈവിക ജീവിതം നയിക്കാന്‍ അനുവദിച്ചു. അവള്‍ പിരിഞ്ഞു താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.



കാന്‍സര്‍ രോഗിയായിരുന്ന ബെനഡിക്ടയുടെ ഇളയ സഹോദരിയെ ശുശ്രൂക്ഷിക്കുന്നതിനു വേണ്ടി കുറച്ചുകാലം കൂടി അവര്‍ ഒന്നിച്ചു ജീവിച്ചു. അനുജത്തിയുടെ മരണത്തെ തുടര്‍ന്ന് ബാറ്റിസ്റ്റയും ബെനഡിക്ടയും രണ്ടു വിദൂര സ്ഥലങ്ങളില്‍ സന്യാസജീവിതം തുടങ്ങി. ഉര്‍സുലിന്‍ സന്യാസിനി മഠത്തിലായിരുന്നു ബെനഡിക്ട പ്രവേശിച്ചത്. അവിടെവച്ച് ഗുരുതരമായ രോഗങ്ങള്‍ ബെനഡിക്ടയെ ബാധിച്ചു. അതോടെ അവര്‍ പാവിയായിലേക്കു മടങ്ങിയെത്തി. അവിടെയുള്ള യുവതികളെ സംഘടിപ്പിച്ചു പ്രേഷിത പ്രവര്‍ത്തനം നടത്തുകയായിരുന്നു അവര്‍ പിന്നീട് ചെയ്തത്. അവളുടെ ഭര്‍ത്താവ് ബാറ്റിസ്റ്റയും ഈ സമയത്ത് അവരെ സഹായിക്കാനെത്തി. ബെനഡിക്ട തുടങ്ങിയ സ്‌കൂളുകളുകള്‍ വളരെ പെട്ടെന്ന് പ്രശസ്തിയാര്‍ജിച്ചതോടെ പാവിയായിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചുമതല ബിഷപ്പ് ബെനഡിക്ടയ്ക്കു നല്‍കി.

ബാറ്റിസ്റ്റയും ബെനഡിക്ടയും ദൈവികമായി അടുത്തും ലൈംഗികമായി അകന്നും തന്നെയായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍, വിമര്‍ശനങ്ങളും പരദൂഷണങ്ങളും വന്നു തുടങ്ങി. ഇതറിഞ്ഞതോടെ നിരാശയായ ബെനഡിക്ട പാവിയായിലെ ജീവിതം അവസാനിപ്പിച്ചു ദൂരദേശത്തേക്കു പോയി ഒറ്റയ്ക്കു ജീവിതം ആരംഭിച്ചു. പക്ഷേ, പോയ സ്ഥലത്തും പ്രേഷിത പ്രവര്‍ത്തനം അവര്‍ തുടര്‍ന്നു. സ്‌കൂളുകളും സന്യാസമഠങ്ങളും സ്ഥാപിച്ചു. പിന്നീട് മരിക്കുന്നതു വരെ പ്രാര്‍ഥനയിലും ഉപവാസത്തിലും അവര്‍ കഴിഞ്ഞുകൂടി. മരണശേഷം ധാരാളം അദ്ഭുതങ്ങള്‍ ബെനഡിക്ടയുടെ മാധ്യസ്ഥതയില്‍ വിശ്വാസികള്‍ക്കു ലഭിച്ചു. 2002 മേയ് 10നാണ് ബെനഡിക്ടയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്.

Comments