''സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. നീ ഇന്ന് എന്നോടു കൂടി പറുദീസയിലായിരിക്കും.'' യേശുക്രിസ്തു നേരിട്ടു വിശുദ്ധനായി പ്രഖ്യാപിച്ച ഏക വിശുദ്ധനാണ് ഡിസ്മസ്. ഗാഗുല്‍ത്തായില്‍ ഈശോയോടു കൂടി കുരിശില്‍ തറയ്ക്കപ്പെട്ട 'നല്ല കള്ളന്‍'. ഡിസ്മസിന്റെ ഓര്‍മദിവസം മാര്‍ച്ച് 25 ന് ആചരിക്കുന്നത് യേശുവിന്റെ കുരിശു മരണം നടന്നത് ഈ ദിവസമാണ് എന്ന വിശ്വാസത്തിലാണ്. യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ അവിടുത്തെ ഇരുവശങ്ങളിലുമായി ഡിസ്മസിനെയും മറ്റൊരു കള്ളനെയും കുരിശില്‍ തറച്ചിരുന്നു.
ഗെസ്റ്റാസ് എന്ന പേരുള്ള കള്ളന്‍ കുരിശില്‍ കിടന്നു കൊണ്ട് യേശുവിനെ പരിഹസിച്ചു സംസാരിച്ചു. ''നീ മിശിഹായാണെങ്കില്‍ നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.'' എന്നാല്‍ അതു കേട്ട് ഡിസ്മസ് അയാളെ ശകാരിച്ചു. ''നിനക്കു ദൈവത്തെ പോലും ഭയമില്ലേ? തെറ്റു ചെയ്ത നമുക്കും തെറ്റുചെയ്യാത്ത ഈ മനുഷ്യനും ഒരേ ശിക്ഷയല്ലേ ലഭിച്ചിരിക്കുന്നത്.'' പിന്നെ ഡിസ്മസ് യേശുവിന്റെ നേര്‍ക്കു തിരിഞ്ഞു കൊണ്ട് അപേക്ഷിച്ചു. '' ഈശോയെ അങ്ങയുടെ രാജ്യത്ത് വച്ച് അങ്ങ് എന്നെയും ഓര്‍ക്കേണമേ.'' യേശു അവനോട് അരുള്‍ ചെയ്തു. ''സത്യമായി ഞാന്‍ നിന്നോടു പറയുന്നു. നീ ഇന്ന് എന്നോടു കൂടെ പറുദീസയിലായിരിക്കും.'' (ലൂക്കാ 23: 40-43) ചില പുരാതന പുസ്തകങ്ങളില്‍ ഡിസ്മസും യേശുവിന്റെ കുടുംബവുമായുള്ള മറ്റൊരു ബന്ധം വിവരിക്കുന്നുണ്ട്. യേശു പിറന്നതറിഞ്ഞ് ഹേറോദേസ് രാജാവ് രണ്ടു വയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊല്ലാന്‍ കല്‍പിച്ചു. കര്‍ത്താവിന്റെ ദൂതന്‍ നിര്‍ദേശിച്ചതനുസരിച്ച് ഈ സമയത്ത് യൗസേപ്പും മറിയവും ഈജിപ്തിലേക്കു ഓടിപ്പോവുകയായിരുന്നു. ഡിസ്മസും മറ്റു ചില കള്ളന്‍മാരും ഇവരെ വഴിയില്‍ വച്ചു തടഞ്ഞു. എന്നാല്‍ ഡിസ്മസിന് ഇവരോട് വല്ലാത്തൊരു അടുപ്പം തോന്നി. മറ്റു കള്ളന്‍മാരോട് അഭ്യര്‍ഥിച്ച് തിരുക്കുടുംബത്തെ ഉപദ്രവിക്കാതെ ഡിസ്മസ് യാത്രയാക്കി. ജയില്‍പ്പുള്ളികളുടെയും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നവരുടെയും മാനസാന്തരപ്പെടുന്ന കള്ളന്‍മാരുടെയും മധ്യസ്ഥനായാണ് ഡിസ്മസ് അറിയപ്പെടുന്നത്.
Comments
Post a Comment